ഇടുക്കി: എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശി അലക്‌സ് റാഫേല്‍ എന്ന വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. ഇടുക്കി കരിമണല്‍ സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അലക്‌സിനെ ഇടുക്കിയിലേക്ക് കൊണ്ടുപോയി. ഇടുക്കി ഗവ. എഞ്ചിനീയറിംങ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയും കെഎസ്യു യൂണിറ്റ് ഭാരവാഹിയുമാണ് അലക്‌സ്.
കൊലപാതകത്തില്‍ അലക്‌സിനു പങ്കുണ്ടെന്നാണ് വിവരം. നേരിട്ട് പങ്കുണ്ടോ എന്നതില്‍ വ്യക്തതയില്ല. കൊലപാതകത്തിനു പിന്നാലെ അലക്‌സ് കോളജില്‍ നിന്ന് കടക്കുകയായിരുന്നു.
ധീരജിന്റെ കൊലപാതകത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ധീരജിന്റെ വലത്ത് നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയുടെയും സുഹൃത്ത് ജെറിന്‍ ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോളജിലെത്തിയത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണെന്ന് നിഖില്‍ പൈലി പൊലീസിന് മൊഴി നല്‍കി. പേനാ കത്തി സ്വയ രക്ഷയ്ക്ക് കരുതിയതാണെന്നാണ് നിഖിലിന്റെ മൊഴി.