എബോള: ആശങ്കയല്ല, ജാഗ്രതയാണ് പ്രധാനം; സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്

എബോള: ആശങ്കയല്ല, ജാഗ്രതയാണ് പ്രധാനം; സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. നിലവില്‍ ഇന്ത്യയിലോ കേരളത്തിലോ ഒരിടത്തും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാല്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോവിഡിനെപ്പോലെ വായുവിലൂടെ പകരുന്ന രോഗമല്ലിത്. രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്ക് മാത്രമാണ് വൈറസ് പകരുന്നത്. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രത്യേകമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങിയ ശേഷം ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് എത്തുന്നവരെ കണ്ടെത്താന്‍ പ്രമുഖ റെയില്‍വേ സ്റ്റേഷനുകളിലും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. നിലവില്‍ കോംഗോ, യുഗാണ്ട എന്നി രാജ്യങ്ങളിലാണ് എബോളയുടെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.

പഴംതീനി വവ്വാലുകള്‍, മുള്ളന്‍ പന്നികള്‍, കുരങ്ങുകള്‍ എന്നിവയില്‍ നിന്നാണ് വൈറസ് മനുഷ്യരിലെത്തുന്നത്. രോഗബാധിതരായ മനുഷ്യരുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവ വഴിയോ, അവര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, കിടക്ക എന്നിവയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുമ്പോഴോ ആണ് രോഗം പകരുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മുതല്‍ 21 ദിവസത്തിനകം ലക്ഷണങ്ങള്‍ പ്രകടമാകും. പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കാതെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.

പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, കഠിനമായ തളര്‍ച്ച, പേശിവേദന, തലവേദന, തൊണ്ടവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ ഛര്‍ദി, വയറിളക്കം, കടുത്ത അടിവയര്‍ വേദന എന്നിവയുണ്ടാകും. കൃത്യമായ ചികിത്സ ലഭിക്കാതിരുന്നാല്‍ ഇത് വൃക്ക, കരള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കാനും സാധ്യതയുണ്ട്.

എബോള, സുഡാന്‍, ബുണ്ടിബുഗ്യോ എന്നിങ്ങനെ മൂന്ന് പ്രധാന വകഭേദങ്ങളാണ് ഈ വൈറസിനുള്ളത്. ഇതില്‍ എബോള വകഭേദത്തിന് മാത്രമാണ് നിലവില്‍ അംഗീകൃത വാക്‌സിനും കൃത്യമായ ചികിത്സയും ഉള്ളത്. ആഫ്രിക്കയില്‍ ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്നത് താരതമ്യേന സങ്കീര്‍ണ്ണമായ ബുണ്ടിബുഗ്യോ വകഭേദമാണ്. ഈ രോഗബാധയില്‍ മരണ നിരക്ക് 50 ശതമാനത്തോളമാണ്.

രോഗത്തിന്റെ തീവ്രത കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജമാണ്. വിദേശ യാത്ര കഴിഞ്ഞെത്തുന്നവര്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.