വാഷിങ്ടണ്‍: 'കണ്ണിന് പകരം കണ്ണ്' എന്ന ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇറാന്റെ ഇത്തരം ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും ട്രംപ് ഭരണകൂടം നല്‍കുന്ന മറുപടി 'കണ്ണിന് പകരം തല' എന്ന രീതിയിലായിരിക്കുമെന്ന് റൂബിയോ വ്യക്തമാക്കി.
ഇറാന്റെ നയങ്ങള്‍ കാരണം അവര്‍ വളരെ വലിയ വില നല്‍കേണ്ടി വരുമെന്നും നിലവില്‍ തന്നെ അവര്‍ വലിയ നഷ്ടങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും റൂബിയോ മുന്നറിയിപ്പ് നല്‍കി. ഇറാന്റെ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടതായും കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായതെന്നും റൂബിയോ അവകാശപ്പെട്ടു.
ഇത്രയൊക്കെ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും അമേരിക്കയുമായി ഒരു കരാറിലെത്താന്‍ ഇറാന്‍ പലരോടും അഭ്യര്‍ത്ഥിക്കുന്നുണ്ടെന്ന് റൂബിയോ പറഞ്ഞു. വാഷിങ്ടണും ടെഹ്റാനുമായുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറുള്ള രാജ്യങ്ങളെ തേടി ഇറാന്‍ ഇപ്പോള്‍ അലയുകയാണെന്നും, എന്നാല്‍ സമീപിക്കാന്‍ പാകത്തിലുള്ള രാജ്യങ്ങളൊന്നും തന്നെ അവരുടെ മുന്നില്‍ ബാക്കിയില്ലെന്നും റൂബിയോ പരിഹസിച്ചു.
എങ്കിലും ഒരു കരാറിന് തയാറാകാന്‍ ഇറാന്‍ ഇതുവരെയും മാനസികമായി പക്വത പ്രാപിച്ചിട്ടില്ലെന്നും വൈകാതെ തന്നെ അവര്‍ അതിന് നിര്‍ബന്ധിതരാകുമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു. മനിലയില്‍ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കവേ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ഇറാന്‍ കരാറുകളില്‍ ഗൗരവമുള്ളവരല്ലെന്ന് റൂബിയോ ആരോപിച്ചത്.
മുന്‍പ് പല തവണയും ഒപ്പുവെച്ച കരാറുകള്‍ ലംഘിക്കുകയോ അവയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുകയോ ചെയ്തവരാണ് ഇറാനിയന്‍ ഭരണാധികാരികളെന്ന് റൂബിയോ കുറ്റപ്പെടുത്തി. തങ്ങള്‍ ഉണ്ടാക്കുന്ന കരാറുകള്‍ പാലിക്കാന്‍ തയാറാകാത്ത ആളുകളുമായി പുതിയൊരു ധാരണയിലെത്താന്‍ സാധിക്കില്ലെന്നും അദേഹം പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടര്‍ന്നാല്‍ ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയായാണ് അബ്ബാസ് അരാഗ്ചി പ്രതികരിച്ചത്.
രാജ്യത്തെ സിവിലിയന്‍ സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും 'കണ്ണിന് പകരം കണ്ണ്' എന്ന രീതിയിലാണ് ഇറാന്റെ പ്രതിരോധ നയമെന്നും അരാഗ്ചി അറിയിച്ചിരുന്നു. തങ്ങള്‍ക്ക് എണ്ണ വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യു.എസ് സഖ്യകക്ഷികളുടെ എണ്ണ വില്‍പനയും തടസപ്പെടുത്തുമെന്ന കര്‍ശന നിലപാടിലാണ് ഇറാന്‍.