സ്‌മൈല്‍ പ്ലീസ്' എന്ന് ആരും പറഞ്ഞു പോകും ക്യാമറയല്ല ഇതാണ് 'ക്യാമറാ വീട്'

സ്‌മൈല്‍ പ്ലീസ്' എന്ന് ആരും പറഞ്ഞു പോകും ക്യാമറയല്ല ഇതാണ് 'ക്യാമറാ വീട്'

സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കാരണം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ പെട്ട ഒന്നുതന്നെയാണ് വീട് എന്നതും. പലപ്പോഴും വീടുകള്‍ നിര്‍മിക്കുമ്പോള്‍ ഓരോരുത്തരും തങ്ങളുടെ ഇഷ്ടങ്ങളും ചില പ്രത്യേക താല്‍പര്യങ്ങളുമൊക്കെ വീടിനൊപ്പം ചേര്‍ക്കാറുണ്ട്. കാഴ്ചക്കാരെ പോലും അതിശയിപ്പിക്കുന്ന ഒരു വീടുണ്ട്. വെറും വീടല്ല ക്യാമറാ വീട്.

കേള്‍ക്കുമ്പോള്‍ തന്നെ വിചിത്രമായി തോന്നിയേക്കാം പലര്‍ക്കും പക്ഷെ സംഗതി സത്യമാണ്. ക്യാമറയേയും ഫോട്ടോഗ്രഫിയേയും ഏറെ ഇഷ്ടപ്പെട്ടുന്ന ഒരു ഫോട്ടാഗ്രാഫറുടേതാണ് ഈ ക്യാമറാ വീട്. ഒരു പക്ഷെ വീട് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്കും ഓര്‍മ്മകളിലേക്കുമെല്ലാം കടന്നെത്തുന്ന ചിത്രങ്ങളില്‍ നിന്നെല്ലാം ഈ ക്യാമറാ വീട് ഏറെ വേറിട്ടു നില്‍ക്കുന്നു.

ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് അയാളുടെ ക്യാമറയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്തരത്തില്‍ ക്യാമറയോടുള്ള അളവറ്റ സ്‌നേഹമാണ് ഈ ക്യാമറ വീടിന്റെ നിര്‍മിതിക്ക് പിന്നിലും. കര്‍ണാടകയിലാണ് ക്യാമറാ വീട് സ്ഥി ചെയ്യുന്നത്. കര്‍ണാടകയിലെ ബെല്‍ഗാം സ്വദേശിയും ഫോട്ടോഗ്രാഫറുമായ രവി ഹോഗല്‍ ആണ് വീടിന്റെ ഉടമ. ക്യാമറ പ്രിയനായ രവി ഹോഗല്‍ ക്യാമറ തീം ആക്കി വീട് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ദൂരെ നിന്നും നോക്കിയാല്‍ വലിയ ഒരു ക്യാമറ ആയിട്ടേ ഈ വീട് തോന്നൂ. രവി ഹോഗലിന്റെ വീടിന് പൂര്‍ണ്ണമായും ക്യാമറയുടെ ആകൃതിയാണ്. ക്യാമറുയുമായി ബന്ധപ്പെട്ട വസ്തുക്കളം വീട്ടില്‍ ഇടം നേടിയിരിക്കുന്നു. വീടിന്റെ മുന്‍ ഭാഗത്ത് ഒന്നു കണ്ണോടിച്ചാല്‍ ഷോ റീല്‍, ലെന്‍സ്, മെമ്മറി കാര്‍ഡ്, ഫ്ളാഷ് എന്നു തുടങ്ങി ക്യാമറയുമായി ബന്ധപ്പെട്ടു കിടക്കുന്ന പലതും ദൃശ്യമാകും. പുറമെ മാത്രമല്ല വീടിനകത്തും ഇതുതന്നെയാണ് സ്ഥിതി. ക്യാമറയുടെ നിരവധി ഭാഗങ്ങള്‍ അവിടേയും ഉണ്ട്. ക്യാമറയെ ഓര്‍മ്മപ്പെടുത്തും വിധമാണ്. വീടിനകത്തെ സീലിങ്ങിന്റേയും ഭിത്തിയുടേയും ഒക്കെ നിര്‍മിതി തന്നെ.

ക്യാമറയോടുള്ള പ്രണയം പെട്ടെന്ന് ഒരുകാലത്ത് ഉണ്ടായതല്ല രവി ഹോഗലിന്. കുട്ടിക്കാലം മുതല്‍ക്കേ ക്യാമറകള്‍ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. ചെറുപ്പത്തില്‍ തന്റെ ഗ്രാമത്തിന്റെ പലയിടങ്ങളിലും പോയി ചിത്രങ്ങള്‍ പകര്‍ത്തുന്നതും രവിയുടെ പ്രധാന വിനോദങ്ങളില്‍ ഒന്നായിരുന്നു. ജീവിതത്തിന്റെ ഓരോ കാലഘട്ടങ്ങളിലും രവി ക്യാമറയോട് അടുത്ത ബന്ധം പുലര്‍ത്തി.


ഇതുമാത്രമല്ല ക്യാമറ പ്രിയനായ രവി ഹോഗലിന്റെ പ്രത്യേകത. അദ്ദേഹം മക്കള്‍ക്ക് നല്‍കിയിരിക്കുന്ന പേരും ഏറെ കൗതുകം നിറഞ്ഞതാണ്. കാനോണ്‍, നിക്കോണ്‍, എപ്പ്സണ്‍ എന്നാണ് രവി ഹോഗലിന്റെ മക്കളുടെ പേര്. ഒരു ഫോട്ടോഗ്രാഫര്‍ക്ക് ക്യാമറയോടുള്ള സ്‌നേഹം എത്രത്തോളമാകാമെന്ന് വ്യക്തമാക്കുന്നുണ്ട് രവി ഹോഗലിന്റെ മക്കളുടെ ഈ പേരുകള്‍ പോലും. 71 ലക്ഷം രൂപയാണ് ഈ ക്യാമറാ വീട് തയാറാക്കാന്‍ ആവശ്യമായി വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.