സ്വന്തം പൗരന്മാരെ ഉള്‍പ്പെടെ ഇന്ത്യയില്‍നിന്നുള്ള എല്ലാവരെയും വിലക്കി ഓസ്ട്രേലിയ; തിരിച്ചെത്താന്‍ ശ്രമിച്ചാല്‍ അഞ്ച് വര്‍ഷം തടവും പിഴയും

സ്വന്തം പൗരന്മാരെ ഉള്‍പ്പെടെ ഇന്ത്യയില്‍നിന്നുള്ള എല്ലാവരെയും വിലക്കി ഓസ്ട്രേലിയ; തിരിച്ചെത്താന്‍ ശ്രമിച്ചാല്‍ അഞ്ച് വര്‍ഷം തടവും പിഴയും

സിഡ്നി: സ്വന്തം പൗരന്മാര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍നിന്നുള്ള എല്ലാവര്‍ക്കും വിലേക്കര്‍പ്പെടുത്തി ഓസ്ട്രേലിയ. ഇന്ത്യയില്‍നിന്ന് നാട്ടിലെത്താന്‍ ശ്രമിക്കുന്ന പൗരന്മാര്‍ അഞ്ച് വര്‍ഷം വരെ തടവും കനത്ത പിഴയും നേരിടേണ്ടി വരുമെന്ന കടുത്ത പ്രഖ്യാപനമാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇന്നലെ നടത്തിയത്. പ്രവേശന വിലക്ക് തിങ്കളാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും.

ഇന്ത്യയിലെ കുതിച്ചുയരുന്ന കോവിഡ് കണക്കുകളില്‍ ലോക രാജ്യങ്ങള്‍ക്ക് അതീവ ഉത്കണ്ഠയുണ്ട്. ലോക ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്.

ഓസ്ട്രേലിയയില്‍ എത്തിച്ചേരുന്നതിനു മുന്‍പുള്ള 14 ദിവസം ഇന്ത്യയില്‍ ചെലവഴിച്ചവര്‍ക്ക് ഈ വിലക്ക് ബാധകമാണ്. ജയില്‍ ശിക്ഷയ്‌ക്കൊപ്പം 66,000 ഡോളര്‍ വരെ പിഴയും അടയ്‌ക്കേണ്ടി വരും. ഒന്‍പതിനായിരത്തിലധികം പേരാണ് ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത്. ഐ.പി.എല്ലിന്റെ ഭാഗമായി ഓസീസ് താരങ്ങളും രാജ്യത്തുണ്ട്.

ബയോസെക്യൂരിറ്റി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുക. ഇതാദ്യമായാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ സ്വന്തം പൗരന്മാരെ മടങ്ങിവരുന്നതില്‍നിന്നു വിലക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള ഓസ്ട്രേലിയന്‍ പൗരന്മാരെ തടയുന്ന തീരുമാനം കടുത്തതാണെങ്കിലും എല്ലാ ഓസ്ട്രേലിയക്കാരുടെയും സുരക്ഷിതത്വത്തിനാണ് സര്‍ക്കാര്‍ ഈ നടപടികള്‍ സ്വീകരിക്കുന്നതെന്ന് ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് പറഞ്ഞു. മെഡിക്കല്‍ രംഗത്തെ വിദഗ്ധരുടെ ഉപദേശ പ്രകാരമാണ് തീരുമാനം.

കോവിഡ് പോസിറ്റീവായവര്‍ ഇന്ത്യയില്‍നിന്ന് നിയന്ത്രിക്കാനാകാത്തവിധം ഓസ്ട്രേലിയയില്‍ എത്തിച്ചേര്‍ന്നതാണ് ഈ നടപടിക്കു കാരണമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് വെള്ളിയാഴ്ച അറിയിച്ചു. താല്‍ക്കാലിക വിലക്ക് മേയ് 15 ന് അവലോകനം ചെയ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിമാനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിട്ടും ചില ഓസ്ട്രേലിയന്‍ പൗരന്മാര്‍ ദോഹ വഴിയുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകളില്‍ നാട്ടിലെത്തിയതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് തീരുമാനം.

അതേസമയം, ഇന്ത്യയിലെ നിയന്ത്രണാതീതമായ കോവിഡ് വ്യാപനവും ഓക്സിജന്‍ കിട്ടാതെ രോഗികള്‍ പിടഞ്ഞ് മരിക്കുന്നതും ഓസ്‌ട്രേലയിയിലെ മാധ്യമങ്ങളും നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഓസ്‌ട്രേലിയന്‍ ദിനപത്രങ്ങള്‍ ആവശ്യപ്പെടുന്നത്.

'ഇന്ത്യന്‍ നരകത്തില്‍നിന്നുള്ള യാത്രകള്‍ നിരോധിക്കണം' എന്ന തലക്കെട്ടിലാണ് ദ വെസ്റ്റ് ഓസ്‌ട്രേലിയ' ദിനപത്രം ഇന്ത്യയിലെ കോവിഡ് സാഹചര്യവും അവിടെനിന്നുള്ള യാത്രക്കാരെ വിലക്കണമെന്നും ആവശ്യപ്പെട്ടുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.