കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആകെയുള്ള 294 സീറ്റുകളില്‍ 292 സീറ്റുകളിലെ ഏകദേശ ചിത്രം വ്യക്തമാകുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഇരുനൂറിലധികം സീറ്റുകളില്‍ ലീഡ്. തുടക്കം മുതല്‍ പിന്നിലായിരുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആദ്യമായി ലീഡ് നേടിയതോടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഇരട്ടി മധുരം. തന്റെ പഴയ വിശ്വസ്തന്‍ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിക്കെതിരെ 2,700 വോട്ടിനാണ് നിലവില്‍ മമത ലീഡ് ചെയ്യുന്നത്.
ഇതോടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. വോട്ടെണ്ണലിന്റെ ആരംഭം മുതല്‍ ഒപ്പത്തിനൊപ്പമുണ്ടായിരുന്ന ബിജെപിയെ പിന്നിലാക്കിയാണ് നിലവില്‍ തൃണമൂല്‍ മുന്നേറുന്നത്. 292 സീറ്റുകളിലെ ഫലസൂചനകളില്‍ 205 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. ബിജെപിക്ക് 84 സീറ്റുകളില്‍ ലീഡുണ്ട്. കോണ്‍ഗ്രസ് ഇടത് സഖ്യത്തിന് നിലവില്‍ ഒരേയൊരു സീറ്റിലാണ് ലീഡുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ ബിജെപിയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരടിച്ച തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. അതുകൊണ്ടുതന്നെ ഫലം ഇരു കൂട്ടര്‍ക്കും ഒരുപോലെ നിര്‍ണായകം. ഇവര്‍ക്കൊപ്പം പരാമവധി സീറ്റു സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന സഖ്യവുമുണ്ടായിരുന്നു.
ആകെ 294 സീറ്റുകളുള്ള ബംഗാള്‍ നിയമസഭയിലേക്ക് എട്ടു ഘട്ടങ്ങളിലാണ് വോട്ടെടുപ്പു നടന്നത്. ഏപ്രില്‍ 29നായിരുന്നു അവസാന ഘട്ട വോട്ടെടുപ്പ്. അധികാരത്തില്‍ ഹാട്രിക് ലക്ഷ്യമിട്ടാണ് മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആകെയുള്ള 294 സീറ്റുകളില്‍ 200ല്‍ അധികം സീറ്റുകള്‍ നേടി വന്‍ അട്ടിമറിയാണ് ബിജെപി ലക്ഷ്യമിട്ടതെങ്കിലും ഫലമുണ്ടായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.