'35 സീറ്റ്, ഭരണം'...! മോഹങ്ങള്‍ മരവിച്ച് ബി.ജെ.പി; കൈയ്യിലുള്ളതും നഷ്ടപ്പെട്ടു

 '35 സീറ്റ്, ഭരണം'...! മോഹങ്ങള്‍ മരവിച്ച് ബി.ജെ.പി; കൈയ്യിലുള്ളതും നഷ്ടപ്പെട്ടു

കൊച്ചി: മുപ്പത്തഞ്ച് സീറ്റില്‍ വിജയിച്ച് കേരളത്തില്‍ ഭരണം നേടും. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞ ഈ വാക്കുകള്‍ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്.

കഴിഞ്ഞ തവണ കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്ന ബി.ജെ.പിയ്ക്ക് ഇത്തവണ അത്രയേറെയായിരുന്നു ആത്മവിശ്വാസം. 2016-ല്‍ വിജയിച്ച നേമത്തിന് പുറമെ ഒട്ടേറെ സീറ്റുകളില്‍ ഇത്തവണ വിജയിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുക്കൂട്ടല്‍. എന്നാല്‍ നേമത്ത് പോലും വിജയിക്കാനാകാതെ ബി.ജെ.പി. ദയനീയമായി തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇത്തവണ കണ്ടത്.

നേമത്ത് കുമ്മനം രാജശേഖരന്‍ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും അവസാന റൗണ്ടുകളില്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. പാലക്കാട്ട് ഇ. ശ്രീധരനും സമാന സ്ഥിതിയാണുണ്ടായത്. ഒരുഘട്ടത്തില്‍ ഇ. ശ്രീധരന്‍ വിജയത്തിലേക്ക് അടുക്കുമെന്ന് തോന്നിയെങ്കിലും അവസാനഘട്ടത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ജയിച്ചുകയറി.

നേമവും പാലക്കാടും ഒഴികെ മഞ്ചേശ്വരത്തും തൃശൂരുമാണ് ബി.ജെ.പിക്ക് അല്പമെങ്കിലും ആശ്വാസകരമായ മത്സരമുണ്ടായത്. തൃശ്ശൂരില്‍ സുരേഷ് ഗോപി ഏതാനും മണിക്കൂറുകള്‍ മുന്നിട്ടുനിന്നെങ്കിലും പിന്നീട് പിന്നില്‍പ്പോയി. ഇത്തവണ ആകെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് എന്‍.ഡി.എയ്ക്കും ബി.ജെ.പിക്കും മുന്നിട്ടുനില്‍ക്കാനായത്.

എന്നാല്‍ അവസാനഘട്ടത്തില്‍ ബി.ജെ.പിയുടെ എല്ലാ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു. കേന്ദ്രത്തില്‍ തുടര്‍ച്ചയായി അധികാരം ലഭിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായുമടക്കം നിരവധി ദേശീയ നേതാക്കള്‍ സര്‍വസന്നാഹങ്ങളുമായി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിട്ടും കേരളത്തില്‍ ഒരു സീറ്റ് പോലും നേടാനായില്ലെന്നത് ബി.ജെ.പി സംസ്ഥാനത്തേറ്റ കനത്ത തിരിച്ചടിയാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.