തവനൂരില്‍ കെ.ടി.ജലീല്‍; നേമത്ത് വി.ശിവന്‍കുട്ടി, കഴക്കൂട്ടത്ത് കടകംപള്ളി, ശോഭ രണ്ടാമത്

തവനൂരില്‍ കെ.ടി.ജലീല്‍; നേമത്ത് വി.ശിവന്‍കുട്ടി, കഴക്കൂട്ടത്ത് കടകംപള്ളി, ശോഭ രണ്ടാമത്

തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട സസ്‌പെന്‍സുകള്‍ക്കൊടുവില്‍ നേമത്ത് ഇടത് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി വിജയിച്ചു. അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍ വിജയിച്ചു. 19744 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. ബിജെപിയുടെ ശോഭ സുരേന്ദ്രനാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. യുഡിഎഫ് മൂന്നാം സ്ഥാനത്താണ്.

തവനൂരില്‍ മുന്‍ മന്ത്രി കെ.ടി.ജലീല്‍ വിജയിച്ചു. 3066 വോട്ടിനാണ് യുഡിഎഫിന്റെ ഫിറോസ് കുന്നുംപറമ്പിലിനെ തോല്‍പിച്ചത്. അവസാന നിമിഷം വരെ നീണ്ട സസ്‌പെന്‍സുകള്‍ക്കൊടുവില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഹാട്രിക് ജയം നേടി. ആദ്യഘട്ടം മുതല്‍ മുന്നേറിനിന്ന മെട്രോമാന്‍ ഇ.ശ്രീധരനെ 3890 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. അവസാനഘട്ടത്തിലാണ് ഷാഫി തന്റെ ലീഡുയര്‍ത്തിയത്.

തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ കെ.ബാബു നിലനില്‍പ്പിനായി പോരാടുകയാണ്. വ്യക്തമായ ലീഡ് ആദ്യഘട്ടില്‍ കാണിച്ചിരുന്നെങ്കിലും പിന്നീട് ലീഡുനില കുറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജാണ് എതിരുനില്‍ക്കുന്നത്. ത്രികോണമല്‍സരം നടന്ന ഏറ്റുമാനൂരില്‍ സിപിഎം സ്ഥാനാര്‍ഥി വി.എന്‍.വാസവന്‍ 14,303 വോട്ടിന് ജയിച്ചു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസിനെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് വിമത ലതിക സുഭാഷ് 50,000ത്തില്‍ അധികം വോട്ട് പിടിച്ചു. കടുത്തുരുത്തിയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ് നാലായിരത്തോളം വോട്ടിന് ജയിച്ചു.

മട്ടന്നൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വന്‍ ഭൂരിപക്ഷത്തിലാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വിജയിച്ചത്. 61,000ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ശൈലജ നേടിയത്. ആര്‍എസ്പിയുടെ ഇല്ലിക്കല്‍ അഗസ്തിയെയാണ് പരാജയപ്പെടുത്തിയത്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 49,000ത്തില്‍ അധികം വോട്ടിന് മുന്നേറുകയാണ്. 15-ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ 140 മണ്ഡലങ്ങളിലെയും ലീഡുനില പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് ഇടതുതരംഗമാണ് കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.