നവംബര്‍ 3 നു നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അമേരിക്കക്കാരുടെ മാത്രം ആകാംഷയല്ല, ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന വിഷയമാണ്. നിലവിലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്‍ വൈസ് പ്രസിഡന്റായിരുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോബൈഡനും തമ്മിലുള്ള പോരാട്ടത്തില്‍ അന്തിമ വിജയം ആര്‍ക്കായിരിക്കുമെന്നത് ഇപ്പോഴും പ്രവചനാതീതമാണ്. ട്രംപിന്റെ കോവിഡ് രോഗബാധ ബൈഡന്റെ ലീഡുനില മെച്ചപ്പെടുത്താന്‍ സഹായകമായെങ്കിലും പൂര്‍ണ്ണാരോഗ്യവാനായി ട്രംപ് തെരഞ്ഞെടുപ്പുഗോദയില്‍ തിരിച്ചെത്തിയത് കാര്യങ്ങള്‍ ബൈഡന് അനുകൂലമായിരിക്കില്ല എന്ന വ്യക്തമായ സൂചനയാണു നല്‍കുന്നത്.
കോവിഡ് രോഗത്തെ കൈകാര്യം ചെയ്തതില്‍ ട്രംപിനു പറ്റിയ വീഴ്ചയാണ് ബൈഡന്റെ ഏറ്റവും വലിയ പ്രചരണ ആയുധം. എന്നാല്‍, സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ എന്ന ആശയം നടപ്പിലാക്കിയ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കോവിഡു നടത്തുന്ന സംഹാരതാണ്ഡവം ബൈഡന്റെ വാദത്തെ ദുര്‍ബ്ബലപ്പെടുത്തുന്നുണ്ട്. കോവിഡിനെ പ്രതിരോധിക്കാനുള്ള കൃത്യമായ മാര്‍ഗ്ഗങ്ങള്‍ ലോകനേതാക്കള്‍ ആരുടെയും കൈവശമുണ്ടായിരുന്നില്ല എന്നതാണ് സത്യം. സമ്പൂര്‍ണ്ണ ലോക് ഡൗണിലൂടെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകരാന്‍ ട്രംപ് ഇടവരുത്തിയില്ല എന്നതാണ് ട്രംപ് അനുകൂലികള്‍ ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് കാലത്ത് ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പക്കേജുകള്‍ അമേരിക്കന്‍ ജനതയില്‍ വലിയൊരു വിഭാഗത്തിനും പ്രയോജനപ്പെട്ടത് വോട്ടെടുപ്പില്‍ പ്രയോജനപ്പെടുമെന്നാണ് ട്രംപ് പക്ഷം കരുതുന്നത്.
വെള്ളക്കാരായ ശരാശരി അമേരിക്കക്കാരുടെ മാനസികാവസ്ഥയെയാണ് ട്രംപ് നിരന്തരമായി അഭിസംബോധന ചെയ്യുന്നത്. സമാധാനപൂര്‍ണ്ണമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഈ മധ്യമവര്‍ഗ്ഗത്തെയും സമ്പന്നരെയും തൃപ്തിപ്പെടുത്തുന്ന നയങ്ങളാണ് ട്രംപ് പിന്തുടരുന്നത്. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണങ്ങളും അതിര്‍ത്തിയിലെ മതിലും ഒക്കെ ഈ വിഭാഗത്തെ സമാധാനപ്പെടുത്തുന്ന നീക്കങ്ങളാണ്. ഡെമോക്രാറ്റ് വിഭാഗത്തെ പിന്തുണയ്ക്കാന്‍ പൊതുവെ വൈമുഖ്യം കാണിക്കുന്ന ഈ പരമ്പരാഗത റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ തന്നെയാണ് ട്രംപിന്റെ തുറുപ്പുചീട്ട്.
മതപരമായി വിലയിരുത്തുമ്പോഴും യാഥാസ്ഥിതിക മതവിശ്വാസികള്‍ക്ക് ട്രംപിന്റെ നിലപാട് സ്വീകാര്യമാണ്. മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ട്രംപ് വാക്കുതര്‍ക്കം നടത്തിയെങ്കിലും തന്റെ ഭരണകാലത്തുടനീളം വത്തിക്കാനുമായി ഹൃദ്യമായ ബന്ധം സൂക്ഷിക്കാന്‍ ട്രംപ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഗര്‍ഭച്ഛിദ്രം, ക്ലോണിംഗ്, മാതൃകോശപരീക്ഷണങ്ങള്‍ തുടങ്ങിയ വിവാദവിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ ഉറച്ചനിലപാടുകള്‍ക്ക് ട്രംപു നല്‍കുന്ന നിരുപാധിക പിന്തുണ കത്തോലിക്കര്‍ക്ക് വിസ്മരിക്കാനാവില്ല. ജന്മംകൊണ്ട് ജോ ബൈഡനാണ് കത്തോലിക്കനെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ കത്തോലിക്കാസഭയുടെ വിശ്വാസവുമായി ഒരിക്കലും പൊരുത്തപ്പെട്ടുപോകുന്നതല്ല. അഭിപ്രായ സര്‍വ്വേകള്‍ എന്തൊക്കെ വ്യക്തമാക്കിയാലും. യാഥാസ്ഥിതിക വിശ്വാസികള്‍ ട്രംപിനെ പിന്തുണയ്ക്കുക തന്നെ ചെയ്യും എന്നാണ് ട്രംപ് പക്ഷം കരുതുന്നത്. കമലാഹാരിസിന്റെ പ്രഖ്യാപിത കത്തോലിക്കാ വിരുദ്ധ നിലപാടുകളും ട്രംപിന് അനുകൂലമായി വോട്ടര്‍മാരെ ചിന്തിപ്പിക്കും എന്നതാണ് ട്രംപ് പക്ഷത്തിന്റെ സ്വപ്നം.
ട്രംപിനുമേല്‍ ബൈഡന്‍ അഭിപ്രായ സര്‍വ്വേകളില്‍ നിലിര്‍ത്തുന്ന മുന്‍തൂക്കം വലിയ പ്രാധാന്യം അര്‍ഹിക്കുന്നില്ല എന്നതാണ് സത്യം. സമാനമായ മുന്‍തൂക്കം 2016 ലെ ഇലക്ഷന്റെ അവസാന നാളുകള്‍ വരെ ഹിലാരി ക്ലിന്റനും ഉണ്ടായിരുന്നു എന്നതാണ് സത്യം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എത്രവോട്ടുനേടി എന്നതിനേക്കാള്‍ പ്രസക്തമായ ചോദ്യം പ്രസ്തുത വോട്ടുകള്‍ ഏതൊക്കെ സംസ്ഥാനങ്ങളിലാണ് നേടിയത് എന്നതാണ്. ഉദാഹരണമായി 38 ഇലക്ടറല്‍ വോട്ടുകളുള്ള ടെക്സാസിലും മറ്റൊരു പ്രധാന സംസ്ഥാനമായ ജോര്‍ജ്ജിയയിലും ബൈഡനെക്കാള്‍ ട്രംപിന് 5 ശതമാനം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയ മിനെസോട്ട, നെവാഡാ, ന്യൂ ഹാംപ്ഷെയര്‍, വിര്‍ജീനിയ സംസ്ഥാനങ്ങളില്‍ ഇത്തവണയും ബൈഡന്‍ മുന്നേറ്റമുണ്ടാക്കുന്നത് സ്വാഭാവികമാണ്. 2016 ലെ തെരഞ്ഞെടുപ്പില്‍ 3 ശതമാനത്തില്‍ താഴെമാത്രം ഭൂരിപക്ഷത്തില്‍ ട്രംപിനൊപ്പം നിന്ന സംസ്ഥാനങ്ങളായ അരിസോണ, ഫ്ളോറിഡ, മിഷിഗണ്‍, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോന്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ അഭിപ്രായ സര്‍വ്വേകളിലെ ബൈഡന്റെ മുൻതൂക്കം 2-3 ശതമാനം മാത്രമാണെന്നതും തെരഞ്ഞെടുപ്പുഫലത്തെ പ്രവചനാതീതമാക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളിലെ ഫലം മാറിമറിയാന്‍ ഏറെ സമയം ആവശ്യമില്ല എന്നു വ്യക്തമാണ്.
കോവിഡ് രോഗം മാറ്റി നിര്‍ത്തി, ആരോഗ്യപരമായി വിലയിരുത്തിയാല്‍ ട്രംപിനേക്കാല്‍ തികച്ചും ദുര്‍ബ്ബലനായ കഥാപാത്രമാണ് ബൈഡന്‍ എന്നതും ശ്രദ്ധേയമാണ്. പ്രസിഡന്‍ഷ്യല്‍ കാലാവധി തികയ്ക്കാന്‍ ബൈഡനുകഴിയില്ല എന്ന വാദത്തില്‍ ഊന്നിക്കൊണ്ട് ട്രംപ് പ്രചാരണം നടത്തുന്നതിന്റെ കാരണവും മറ്റൊന്നല്ല.
കാര്യങ്ങള്‍ ഇപ്പോഴും പരിഹരിക്കാവുന്ന തലത്തിലാണെങ്കിലും ട്രംപിന്റെ അബദ്ധ പ്രസ്താവനകളും അവിവേകപരമായ നടപടികളും അമേരിക്കന്‍ ജനതയില്‍ ഈർഷ്യ ഉളവാക്കുന്നുണ്ട് എന്നത് സത്യമാണ്. കോവിഡ് നെഗറ്റീവായി ടെസറ്റു ചെയ്യുന്നതിനു മുന്‍പ് ആശുപത്രി വിട്ടതും ചികിത്സാകാലത്തെ തെരഞ്ഞെടുപ്പു പര്യടനവും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായ അവിവേകങ്ങള്‍തന്നെയാണ്. ഒരു ജനാധിപത്യരാജ്യത്തിൻ്റെ തലവൻ എന്നതിനേക്കാൾ ഒരു കമ്പനി സി ഇ ഓ ആയിട്ടാണ് പലപ്പോഴും ട്രംപ് പെരുമാറുന്നത്. എന്നാല്‍, ഇസ്ലാമിക തീവ്രവാദത്തിന്റെ അലയൊലികള്‍ ലോകമെങ്ങും പ്രതിധ്വനിക്കുമ്പോള്‍ ഒരു തവണകൂടി വൈറ്റ് ഹൗസില്‍ ഡൊണാള്‍ഡ് ട്രംപ് ഉണ്ടാകണമെന്നത് തീവ്രവാദത്തെ എതിര്‍ക്കുന്നവരുടെ പൊതുസ്വപനമായി മാറുകയാണ്.
വാഷിംങ്ടൺ ലേഖകൻ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.