കൊച്ചി: ഇടത് തരംഗം ചുവപ്പന്‍ സുനാമിയായി രൂപാന്തരപ്പെട്ടപ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പിണറായി വിജയന്‍ തിരുത്തിക്കുറിച്ചു. പ്രതിസന്ധികള്‍ക്കിടയിലും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത് കരുത്തോടെ ബാറ്റ് വീശിയ പിണറായിക്ക് സെഞ്ച്വറി തികയ്ക്കാന്‍ ഒരു സീറ്റിന്റെ മാത്രം കുറവ്. ഇടത് മുന്നണി 99 സീറ്റ് നേടി തുടര്‍ ഭരണം ഉറപ്പിച്ചപ്പോള്‍ യുഡിഎഫിന് നേടാനായത് 41 സീറ്റുകള്‍ മാത്രം. നിലവില്‍ കൈവശമുണ്ടായിരുന്ന നേമവും കൈവിട്ടതോടെ ബിജെപി സംപൂജ്യരായി മാറി എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.
അഞ്ചുവര്‍ഷം ഭരിച്ചശേഷം വീണ്ടും അഞ്ചുവര്‍ഷത്തേക്ക് തുടര്‍ ഭരണമെന്ന അപൂര്‍വ റെക്കോഡിടുകയാണ് പിണറായി സര്‍ക്കാര്‍. കേരള രൂപീകരണത്തിനുശേഷം ഒരു സര്‍ക്കാരിനും 10 വര്‍ഷം തുടര്‍ച്ചയായി ഭരിക്കാനുള്ള ജനവിധി ലഭിച്ചിട്ടില്ല. അച്യുതമേനോനും കെ.കരുണാകരനും തുടര്‍ച്ചയായി മുഖ്യമന്ത്രിയായിട്ടുണ്ടെങ്കിലും 10 വര്‍ഷം തുടര്‍ ഭരണത്തിന് അവസരം ലഭിച്ചില്ല. 1969 നവംബര്‍ 1 മുതല്‍ 1977 വരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഐക്യമുന്നണി ഭരിച്ചു. ആ മുന്നണിയില്‍ രണ്ടു തവണ അച്യുതമേനോന്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയായി.
തദ്ദേശ തിരഞ്ഞെടുപ്പ് ഒരു സെമി ഫൈനലായിരുന്നു. വരാനിരിക്കുന്ന തകര്‍പ്പന്‍ വിജയത്തിനുള്ള സൂചന. ഫൈനലില്‍ ആധികാരിക വിജയം പിടിച്ചാണ് പിണറായി എന്ന സി.പി.എമ്മിന്റെ നായകന്‍ വിജയ ചരിത്രമെഴുതുന്നത്. ഇ.എം.എസിനോ കരുണാകരനോ കഴിയാത്ത തുടര്‍ഭരണം എന്ന സ്വപ്നമാണ് പിണറായി ഉറപ്പാക്കിയത്.
ഭരണത്തിന്റെ അവസാനവര്‍ഷം ഇടതു കേന്ദ്രങ്ങളില്‍ ആരംഭിച്ച തുടര്‍ഭരണമെന്ന പ്രചാരണത്തിനു ശക്തി പകര്‍ന്നത് മുടങ്ങാതെ നല്‍കിയ സാമൂഹികക്ഷേമ പെന്‍ഷനും ഭക്ഷ്യകിറ്റുമാണ്. കോവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ മികവായി ഉയര്‍ത്തിക്കാട്ടപ്പെട്ടു. കിറ്റും പെന്‍ഷനും വോട്ടായി മാറുന്നതു തടയാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഭരിക്കുന്നതിനുള്ള കേവല ഭൂരിപക്ഷവും സി.പി.എം ഒറ്റയ്ക്ക് നേടിയിട്ടുണ്ട്. സി.പി.ഐ, കേരള കോണ്‍ഗ്രസ് എം കക്ഷികളും പിന്നിലുണ്ട്. കേരള കോണ്‍ഗ്രസിനും ലോക്താന്ത്രിക് ജനതാദളിനും പാര്‍ട്ടി അധ്യക്ഷന്മാരെ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പാലായില്‍ ജോസ് കെ മാണി തോറ്റപ്പോള്‍ കല്‍പ്പറ്റയില്‍ എം.വി ശ്രേയാംസ്‌കുമാറും പരാജയപ്പെട്ടു.
തിരുവനന്തപുരം ജില്ലയില്‍ കോവളം ഒഴികെ എല്ലാ സീറ്റുകളിലും എല്‍.ഡി.എഫ് നേടി. അരുവിക്കര, തിരുവനന്തപുരം എന്നീ ഉറച്ച സീറ്റുകള്‍ യു.ഡി.എഫിന് നഷ്ടമായി. നേമത്ത് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റും എല്‍.ഡി.എഫിന് മുന്നില്‍ അടിയറവ് വയ്ക്കുന്ന കാഴ്ചയാണുണ്ടായത്. തിരുവനന്തപുരത്ത് ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജു അവസാനം വിജയം കണ്ടു
കൊല്ലം ജില്ലയില്‍ സി.പി.എം ശക്തി കേന്ദ്രമായ കുണ്ടറ ഇത്തവണ പാര്‍ട്ടിയെ കൈവിട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് വിജയിച്ചു. കരുനാഗപള്ളിയില്‍ സി.ആര്‍ മഹേഷും അപ്രതീക്ഷിത വിജയം നേടി. മറ്റ് ഒമ്പത് മണ്ഡലങ്ങളും എല്‍്ഡി.എഫിനൊപ്പമാണ്. ഷിബു ബേബി ജോണ്‍ ചവറയില്‍ തോറ്റു.
പത്തനംതിട്ടയില്‍ അഞ്ച് സീറ്റും എല്‍.ഡി.എഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന ഒരു സീറ്റ് അവര്‍ക്ക് നഷ്ടപ്പെട്ടു. ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് മത്സരിച്ച ഹരിപ്പാട് മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. അവസാന നിമിഷം അരൂര്‍, ചേര്‍ത്തല അടക്കം എല്‍.ഡി.എഫ് ലീഡ് നേടി വിജയം ഉറപ്പിച്ചു.
കോട്ടയത്ത് എല്‍.ഡി.എഫ് അഞ്ചിടത്തും യു.ഡി.എഫ് നാലിടത്തും വിജയിച്ചു. കെ.എം മാണിയുടെ പേരിനൊപ്പം ചേര്‍ത്ത് വച്ചിരുന്ന പാലായില്‍ മകന്‍ ജോസ് കെ.മാണിയുടെ തോല്‍വി കേരള കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. എന്നാല്‍ പൂഞ്ഞാറില്‍ പി.സി ജോര്‍ജിനേറ്റ തിരിച്ചടി അപ്രതീക്ഷിതമായിരുന്നു. പൂഞ്ഞാര്‍, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി സീറ്റുകളിലൂടെ എല്‍.ഡി.എഫ് ജില്ലയില്‍ മേല്‍ക്കൈ നേടി. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ലീഡ് കുത്തനെ കുറഞ്ഞു. ഇടത് തരംഗത്തിലും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും വിജയം നേടി.
ഇടുക്കിയില്‍ തൊടുപുഴയില്‍ ജോസഫ് മാത്രമാണ് യു.ഡി.എഫിന്റെ ആശ്വാസം. ഉടുമ്പന്‍ചോലയില്‍ എം.എം മാണി 30,000ല്‍ ഏറെ ഭൂരിപക്ഷം നേടി. പീരുമേട്, ദേവികുളം, ഇടുക്കി സീറ്റുകളിലും എല്‍.ഡി.എഫ് വിജയിച്ചു.
എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളില്‍ യു.ഡി.എഫ് എട്ടിടത്തും എല്‍.ഡി.എഫ് ആറിടത്തും വിജയിച്ചു. മധ്യ കേരളത്തില്‍ എറണാകുളം ജില്ലയില്‍ മാത്രമാണ് യു.ഡി.എഫ് നില മെച്ചപ്പെടുത്തിയത്. കളമശേരി, കുന്നത്തുനാട് മണ്ഡലങ്ങള്‍ ഇടത് മുന്നണി തിരിച്ചു പിടിച്ചപ്പോള്‍ തൃപ്പൂണിത്തുറ നേരിയ ഭൂരിപക്ഷത്തില്‍ നഷ്ടപ്പെട്ടു.
പാലക്കാട് എല്‍.ഡി.എഫ് 10 ഇടത്തും യു.ഡി.എഫ് രണ്ടിടത്തുമാണ് വിജയിച്ചത്. പാലക്കാട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങളിലാണ് യു.ഡി.എഫ് ജയം. മലപ്പുറത്തെ 16 സീറ്റുകളില്‍ യു.ഡി.എഫ് 11 ഇടത്തും എല്‍.ഡി.എഫ് അഞ്ചിടത്തും വിജയിച്ചു. കോഴിക്കോട് എല്‍.ഡി.എഫ് 11 ഇടത്താണ് എല്‍ഡിഎഫ് വിജയം. യു.ഡി.എഫ് 2 സീറ്റില്‍ ഒതുങ്ങി. വടകരയില്‍ കെ.കെ രമയുടെ വിജയം മാത്രമാണ് ഇവിടെ യു.ഡി.എഫിന് അഭിമാനിക്കാവുന്നത്. സി.പി.എമ്മിനുള്ള കനത്ത തിരിച്ചടി കൂടിയാണിത്.
വയനാട് ജില്ലയില്‍ യു.ഡി.എഫ് രണ്ടിടത്തും എല്‍.ഡി.എഫ് ഒരിടത്തും വിജയിച്ചു. മാനന്തവാടിയില്‍ മാത്രമാണ് എല്‍.ഡി.എഫ് വിജയം. കല്പറ്റയിലും സുല്‍ത്താന്‍ ബത്തേരിയിലും യുഡിഎഫ് വിജയം കണ്ടു.
കണ്ണൂരില്‍ എല്‍.ഡി.എഫ് 9 സീറ്റുകളും യു.ഡി.എഫ് 2 സീറ്റുകളും നേടി. എല്‍.ഡി.എഫിന് കഴിഞ്ഞ തവണ ഉണ്ടായിരുന്നതില്‍ ഒരു സീറ്റ് കൂടി. മട്ടന്നൂരില്‍ മന്ത്രി കെ.കെ ശൈലജ 61,000ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം നേടി. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അരലക്ഷത്തോളം ഭൂരിപക്ഷത്തില്‍ എത്തി. അഴിക്കോട് കെ.എം ഷാജിയുടെ തോല്‍വിയാണ് യൂ.ഡി.എഫിന് ഏറ്റവും വലിയ തിരിച്ചടി. കസര്‍ഗോഡ് ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ മാത്രമായി യുഡിഎഫ് ഒതുങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.