കൊല്‍ക്കത്ത: ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനു വേദിയായ പശ്ചിമബംഗാളില്‍ ആകെയുള്ള 294 സീറ്റുകളില്‍
209 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം. പ്രതീക്ഷിച്ച വിജയം ബംഗാളില്‍ നേടാനാകാതിരുന്ന ബിജെപി 81 സീറ്റുകളില്‍ മാത്രമാണ് മുന്നിലുള്ളത്.
ബംഗാളില്‍ ഭരണം പിടിച്ചെടുക്കാന്‍ അരയും തലയും മുറുക്കിയാണ് ബിജെപി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ കേന്ദ്ര നേതാക്കള്‍ ക്യാമ്പ് ചെയ്താണ് ബംഗാളില്‍ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തിയത്. എന്നാല്‍ ഇതൊന്നും വലിയ മുന്നേറ്റം നടത്താന്‍ ബിജെപിയെ സഹായിച്ചില്ല. ബംഗാള്‍ ജനത മൂന്നാമതും മമതയില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു.
എന്നാല്‍ നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരി 1,622 വോട്ടുകള്‍ക്ക് വിജയിച്ചു. നന്ദിഗ്രാമിലെ വോട്ടെണ്ണലില്‍ ചില കുഴപ്പങ്ങള്‍ നടന്നിട്ടുണ്ടെന്ന് മമതാ ബാനര്‍ജി പറഞ്ഞു. വലിയ കാര്യങ്ങള്‍ക്കു വേണ്ടി നടക്കുമ്പോള്‍ ചില ത്യാഗങ്ങള്‍ ചെയ്യേണ്ടിവരും. കോടതിയില്‍ പോകുമെന്നും മമത പറഞ്ഞു. നന്ദിഗ്രാമില്‍ അവസാന റൗണ്ട് വോട്ടെണ്ണിയിട്ടില്ലെന്നും വീണ്ടും വോട്ടെണ്ണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ആകെ 294 സീറ്റുകളുള്ള ബംഗാള്‍ നിയമസഭയിലേക്ക് എട്ടു ഘട്ടങ്ങളിലാണ് വോട്ടെടുപ്പു നടന്നത്. ഏപ്രില്‍ 29നായിരുന്നു അവസാന ഘട്ട വോട്ടെടുപ്പ്. അധികാരത്തില്‍ ഹാട്രിക് ലക്ഷ്യമിട്ടാണ് മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആകെയുള്ള 294 സീറ്റുകളില്‍ 200ല്‍ അധികം സീറ്റുകള്‍ നേടി വന്‍ അട്ടിമറിയാണ് ബിജെപി ലക്ഷ്യമിട്ടത്. എന്നാല്‍ ബിജെപിക്ക് ലക്ഷ്യത്തിന്റെ പകുതിപോലും നേടാനായില്ല.
ബംഗാളിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അഭിനന്ദിച്ചു. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും കോവിഡിനെ മറികടക്കുന്നതിനും ബംഗാള്‍ സര്‍ക്കാരിനുള്ള കേന്ദ്ര സഹായം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.