''നീ എന്നെ സ്നേഹിക്കുന്നോ " എന്ന പത്രോസിനോടുള്ള കർത്താവിന്റെ ചോദ്യം അന്ന് പത്രോസിനെ എത്ര വേദനിപ്പിച്ചോ അത്ര തന്നെ വേദനിപ്പിക്കുകയും അതോർത്തു കണ്ണീരൊഴുക്കുകയും ചെയ്ത ഒരു ചെറുപ്പക്കാരൻ. ആ വേദനയിൽനിന്നും രൂപം കൊണ്ടത് കർത്താവിനോടുള്ള അതിയായ സ്നേഹം. എന്നും ഈശോയോടൊപ്പമായിരിക്കാൻ ഒരു വൈദികനാകാൻ തീരുമാനമെടുക്കുന്നു. പ്രീ ഡിഗ്രി കഴിഞ്ഞ് ദൈവവിളി ക്യാമ്പിന് പോയെങ്കിലും ആ യുവാവ് തിരസ്കരിക്കപ്പെട്ടു. ഡിഗ്രി പഠനം തുടർന്നു. കർത്താവ് വിളിച്ചാൽ ആർക്കും തടുക്കാൻ ആവില്ലല്ലോ!! തന്റെ മനസ്സിൽ അപ്പോഴും കത്തിനിന്നിരുന്ന ആഗ്രഹം ആ യുവാവ് തന്റെ ഇടവക വികാരിയെ അറിയിച്ചു. സി എം ഐ വൈദികനായിരുന്ന വികാരിയച്ചൻ, സി എം ഐ സഭയിൽ ചേരാൻ ഈ യുവാവിനെ ഉപദേശിച്ചു. എന്നാൽ തനിക്ക് ഇടവക പട്ടം ആണ് താത്പര്യം എന്നും ഒരു വികാരിയായി ജനങ്ങൾക്ക് ശുശ്രൂഷ ചെയ്യാനാണ് ഇഷ്ടം എന്നും അറിയിച്ചു. ഈ സഭയിൽ ചേർന്നാലും ഇടവക വികാരി ആകാമെന്നും വേണമെങ്കിൽ മിഷൻ പ്രവർത്തനത്തിന് പോകാമെന്നും വികാരിയച്ചൻ . അങ്ങനെ ആ യുവാവ് സി എം ഐ സഭയിൽ ചേർന്നു. റീജൻസി കെനിയയിൽ ആയിരുന്നു. രണ്ട് വർഷമായിരുന്നു റീജൻസി. ആ കാലയളവിൽ മഡഗാസ്കർ എന്ന സ്ഥലത്തെ പറ്റി കേൾക്കാനും കൂടുതൽ അറിയാനും ഇടയായി. താൻ ഒരു വൈദികനായാൽ മഡഗാസ്കറിൽ വന്ന് സേവനം ചെയ്യണം എന്ന് ആഗ്രഹിച്ചു. 1996 ഡിസംബർ 27ന്, തന്റെ സ്വർഗ്ഗീയ മധ്യസ്ഥനായ വി യോഹന്നാൻ ശ്ലീഹായുടെ തിരുന്നാൾ ദിനത്തിൽ ആ ചെമ്മാച്ചൻ പട്ടം സ്വീകരിച്ചു; ഒരു ഇടവകയിൽ സേവനം ആരംഭിച്ചു.
അങ്ങിനെ ഇരുന്നപ്പോഴാണ് മഡഗാസ്കറിൽ വൈദികർ കുറവാണെന്നും അവിടേയ്ക്ക് കൂടുതൽ വൈദികരെ ആവശ്യമുണ്ടെന്നുമുള്ള അറിയിപ്പ് വന്നത്. സി എം ഐ വൈദികരെ അവിടേയ്ക്ക് അയയ്ക്കാം എന്ന നിർദ്ദേശം വന്നു. ഇതറിഞ്ഞ ഈ നവവൈദികൻ തന്റെ മഡഗാസ്കൻ ആഗ്രഹവുമായി അധികാരികളെ സമീപിച്ചു. ആദ്യം എതിർത്തെങ്കിലും പിന്നീട് അനുവാദം കൊടുത്തു. അങ്ങനെ ആറുമാസത്തെ ഇടവക സേവനത്തിന് ശേഷം, 1997 ഒക്ടോബറിൽ ഈ വൈദികൻ മറ്റ് രണ്ടു വൈദികരോടൊപ്പം മഡഗാസ്കറിലേക്ക് യാത്രയായി. കഴിഞ്ഞ ഇരുപത്തി നാല് വർഷമായി മഡഗാസ്കറിലെ വിവിധ സ്ഥലങ്ങളിലായി സേവനം ചെയ്തു വരുന്നു. മഡഗാസ്കറിലെ ജനങ്ങൾക്കൊപ്പം അവരിൽ ഒരുവനായി മാറിയ ആ വൈദികനാണ് ഫാ ജോൺസൺ തളിയത്ത് സി എം ഐ.
മഡഗാസ്കറിലെ മലഗാസി ഭാഷയിൽ ഇതിനോടകം പ്രാവീണ്യം നേടിയ അച്ചൻ തന്റെ ശുശ്രൂഷകളെല്ലാം ചെയുന്നത് മലഗാസി ഭാഷയിലാണ്. ആദ്യകാലത്തു ബിഷപ്സ് ഹൗസിൽ താമസിച്ച് ഭാഷ പഠിച്ചിട്ടാണ് ശുശ്രൂഷ തുടങ്ങിയത്.
മുറുണ്ടാവാ രൂപതയിലെ മഹാബു എന്ന സ്ഥലത്തെ സെൻറ് ജോസഫ് ഇടവകയുടെ സഹവികാരി ആണ് ഇപ്പോൾ തളിയത്തച്ചൻ. മുറുണ്ടാവാ രൂപത വളരെ വിസ്‌തൃതമാണ്. 300 കി മീ ദൂരമാണ് ഈ രൂപതയുടെ അതിർത്തി. അകെ 56 വൈദികരാണ് ഈ രൂപതയിൽ ഇപ്പോൾ സേവനം ചെയ്യുന്നത്. (അച്ചൻ മഡഗാസ്കറിൽ എത്തിയ സമയത്ത് അവിടെ അകെ ഉണ്ടായിരുന്നത് ഇരുപത് വൈദികരായിരുന്നു.)എല്ലാ ഇടവകകളിലും വൈദികർക്ക് എത്താൻ ആവുന്നില്ല. ഒരേദിവസം തന്നെ രണ്ടും മൂന്നും സ്ഥലങ്ങളിൽ കുർബാന ചൊല്ലാൻ പോകേണ്ടി വരും. എല്ലാ സ്ഥലങ്ങളിലും വാഹന സൗകര്യം ഇല്ല. പത്തും പന്ത്രണ്ടും കിലോമീറ്റർ കാല്നടയായണ് ഓരോ സ്ഥലങ്ങളിൽ എത്തുന്നത്. വെയിലത്തും മഴയത്തും വെള്ളവും ചെളിയും ചവുട്ടി പല സ്ഥലങ്ങളിൽ കുർബാന ചൊല്ലി അത്ര തന്നെ ദൂരം തിരിച്ചു നടക്കുന്നു. ഇങ്ങനെ ഗ്രാമങ്ങളിൽ കുർബാന ചൊല്ലാനും കുമ്പസാരിപ്പിക്കാനുമൊക്കെയായി പോകാനാണ് അച്ചന് ഇഷ്ടവും. 22 രൂപതകളുള്ള മഡഗാസ്കറിലെ ഒരു രൂപതയുടെ ബിഷപ് കണ്ണൂരിൽ നിന്നുമുള്ള മലയാളിയായ ബിഷപ് ജോർജ് പുതിയകുളങ്ങര ആണെന്നത് മലയാളികൾക്കും അഭിമാനിക്കാവുന്ന ഒരു കാര്യമാണ് .
എല്ലാ ഇടവകകളിലും വൈദികർക്ക് എത്താൻ സാധിക്കാത്തത് കൊണ്ട് 'കാറ്റക്കിസ്റ്റുകളെ' നിയോഗിച്ചിട്ടുണ്ട്. ഓരോ പള്ളിയുടെയും ഉത്തരവാദിത്വം അവർക്കാണ്. കൂദാശ പരികർമ്മം, വീട് വെഞ്ചരിപ്പ് , ശവ സംസ്കാരം ഇവ ഒഴിച്ചുള്ള ആത്മീയ കാര്യങ്ങളിൽ അവർ ജനങ്ങളെ സഹായിക്കുന്നു. ഞായറാഴ്ചകളിൽ വൈദികർ എത്തി കുർബാന അർപ്പിക്കുന്നു. മഡഗാസ്കറിലെ ആൾക്കാരുമായി എപ്പോഴും ഒരു അടുപ്പം സൂക്ഷിക്കുന്ന അച്ചന് അവരുടെ ഇടയിൽ കടന്ന് ചെന്ന് ശുശ്രൂഷ ചെയുന്നത് അങ്ങേയറ്റം ഉത്സാഹത്തോടെയാണ് എന്ന് അച്ചൻ പറയുന്നു.
ഇപ്പോൾ താമസത്തിന്, സൗകര്യമുള്ള റെക്ടറി ഉണ്ട്. എന്നാൽ തുടക്കകാലത്ത് വളരെ കഷ്ടപ്പെട്ടിരുന്നു. നാല്പത് ഡിഗ്രിയിൽ കൂടുതൽ ചൂട് വരുന്ന സമയങ്ങളിൽ വീട്ടിനുള്ളിൽ ഇരിക്കാൻ ആവില്ലായിരുന്നു എന്ന് അച്ചൻ പറയുന്നു. ഷീറ്റിട്ട വീട്ടിൽ അതികഠിനമായ ചൂടായിരുന്നു. അതുപോലെ തുടക്കകാലത്ത് കരന്റൊ വെള്ളമോ ഫോൺ സൗകര്യോ ഉണ്ടായിരുന്നില്ല. അച്ചന്റെ അമ്മ മരിച്ചത് പോലും വളരെ വൈകിയാണ് അറിയൻ കഴിഞ്ഞത് . ആദ്യകാലത്ത് വളരെ കഷ്ടപ്പെട്ടെങ്കിലും അതെല്ലാം ഇശോയുമായി അടുക്കാൻ ഒരുപാട് സഹായിച്ചു എന്ന് അച്ചൻ പറഞ്ഞു. സഹനം തന്നാലും ഈശോ എപ്പോഴും കൂടെ ഉണ്ടാവും എന്ന് അച്ചൻ.
ആദ്യമായി ഒരു സ്കൂൾ തുടങ്ങിയത് അച്ചന്റെ നേതൃത്വത്തിലാണ്. സ്കൂൾ തുടങ്ങാൻ ആവശ്യമായ കെട്ടിടം ഉണ്ടായിരുന്നില്ല, അതുപോലെ പുതിയ കെട്ടിടം പണിയാനുള്ള സാമ്പത്തിക ശേഷിയും. അങ്ങനെ ആലോചനകൾക്കൊടുവിൽ ഒരു കുടുംബം അവരുടെ വീട് സ്കൂളിനായി വിട്ടുകൊടുക്കാം എന്ന് സമ്മതിച്ചു. വീട് എന്ന് വച്ചാൽ ഒറ്റമുറി കെട്ടിടമാണ്. അവിടെ കുട്ടികൾ വന്ന് ചേർന്നു. അഞ്ച് വയസ്സ് മുതൽ പതിനെട്ട് വയസ്സ് വരെയുള്ള നൂറിൽപരം കുട്ടികൾ പഠിക്കാൻ വന്നു. എല്ലാവരും പഠിക്കുന്നത് ഒറ്റമുറി മാത്രമുള്ള ആ വീട്ടിൽ. പിന്നീട് അത് പലതായി തിരിച്ചു. ഇപ്പോൾ പ്രൈമറി,ഹയർ സെക്കണ്ടറി സ്കൂൾ ഉണ്ട്. അവനവൻ ചുമതല വഹിക്കുന്ന ഇടവകയിലെ ചിലവുകൾക്കുള്ള വക അതാത് വികാരിമാർ കണ്ടെത്തണം. ജനങ്ങൾ പാവങ്ങളായതുകൊണ്ട് അവർക്ക് അധികം സാമ്പത്തിക സഹായം ചെയ്യാൻ പറ്റില്ല. ഇടവക അനുസരിച്ച് ജനങ്ങളിൽ നിന്നുമുള്ള സഹായത്തിന്റെ അളവും വ്യത്യാസപ്പെടും. ഞായറാഴ്ച സ്തോത്ര കാഴ്ച്ചകൾ പലപ്പോഴും അധികമൊന്നും ഉണ്ടാവാറില്ല.
കുട്ടികൾ വന്ന് സ്കൂളിൽ താമസിച്ച് പഠിച്ചിട്ടു പോകുന്ന ഒരു പതിവുണ്ട്. ' കിഡ്സ് ഇൻ വില്ലജ്' എന്നാണ് അത് അറിയപ്പെടുന്നത്. സ്കൂൾ കെട്ടിടത്തിൽ താമസിക്കാം. അവരുടെ കാര്യങ്ങൾ അവർ തന്നെ നോക്കും .തിങ്കൾ മുതൽ വെള്ളി വരെ സ്കൂൾ കെട്ടിടത്തിൽ തന്നെ താമസിച്ച് ആഴ്ചയുടെ അവസാനം മടങ്ങി വീട്ടിൽ പോകും. " സിസ്റ്റെർസ് ഓഫ് ഡെസ്റ്റിട്യൂട്" സിസ്റ്റേഴ്സ് ഇപ്പോൾ മഹബൂവിൽ ഉണ്ട്. അവർ ഒരു ഡീസ്പെൻസറിയും നടത്തുന്നു. രോഗികൾക്ക് മരുന്ന് കൊടുക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു. ഗ്രാമവാസികൾ വിദ്യാഭ്യാസമുള്ളവരല്ല. ഗവൺമെന്റ് സ്കൂളുകൾ ഉണ്ടെങ്കിലും അവിടുത്തെ വിദ്യാഭ്യാസം തീരെ മോശമാണ്. ചുരുക്കത്തിൽ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലെയും പോലെ ക്രിസ്ത്യൻ മിഷനറിമാരാണ് വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ അവിടെയും ചുക്കാൻ പിടിക്കുന്നത്.
(അടുത്ത ഭാഗത്തിൽ അച്ഛനുമായി ഞങ്ങൾ നടത്തിയ അഭിമുഖം കാണാവുന്നതാണ്)
സിസിലി ജോൺ
മറഞ്ഞിരിക്കുന്ന നിധി (part 1-4)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26