മുഖ്യമന്ത്രി ഇന്ന് രാജിക്കത്ത് നല്‍കും: പത്തിനകം സത്യപ്രതിജ്ഞ; പി.രാജീവ്, കെ.എന്‍ ബാലഗോപാല്‍, എം.ബി രാജേഷ്, ആര്‍.ബിന്ദു എന്നിവര്‍ മന്ത്രിമാരായേക്കും

മുഖ്യമന്ത്രി ഇന്ന് രാജിക്കത്ത് നല്‍കും: പത്തിനകം സത്യപ്രതിജ്ഞ; പി.രാജീവ്, കെ.എന്‍ ബാലഗോപാല്‍, എം.ബി രാജേഷ്, ആര്‍.ബിന്ദു എന്നിവര്‍ മന്ത്രിമാരായേക്കും

തിരുവനന്തപുരം: ചരിത്ര വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഇടത് കേന്ദ്രങ്ങളില്‍ സജീവമായി. ഈയാഴ്ച തന്നെ രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന.

കണ്ണൂരിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ തിരുവനന്തപുരത്ത് എത്തി. ഇന്ന് ഉച്ചയ്ക്ക് അദ്ദേഹം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് രാജി നല്‍കും. രാജിക്കത്ത് സ്വീകരിക്കുന്ന ഗവര്‍ണര്‍ പുതിയ സര്‍ക്കാര്‍ സ്ഥാനമേല്‍ക്കുന്നതു വരെ കാവല്‍ മന്ത്രിസഭയായി തുടരാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നതാണ് കീഴ്വഴക്കം.

തെരഞ്ഞെടുപ്പിലെ വിജയികളെ വിജ്ഞാപനം ചെയ്ത് പുതിയ നിയമസഭ രൂപവത്കരിക്കുന്നത് ഇലക്ഷന്‍ കമ്മിഷനാണ്. ഇത് നാളെയുണ്ടാവും. അതിനു ശേഷം പുതിയ പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്ന് നേതാവിനെ തെരഞ്ഞെടുക്കും. ഇതു ഗവര്‍ണറെ അറിയിച്ചതിനു ശേഷമാണ് അദ്ദേഹം സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക.

ആദ്യം മുഖ്യമന്ത്രിയും ഏതാനും സീനിയര്‍ മന്ത്രിമാരും മാത്രം സത്യപ്രതിജ്ഞ ചെയ്യുമെന്നും പിന്നീട് മന്ത്രിസഭ വികസിപ്പിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇടതു മുന്നണി വൃത്തങ്ങള്‍ ഇതു നിഷേധിച്ചു. ഒരാഴ്ച ലഭിക്കുന്നതോടെ മുഴുവന്‍ മന്ത്രിമാരും ആദ്യ ഘട്ടത്തില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യതയെന്ന് അവര്‍ പറയുന്നു.

സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങളില്‍ എട്ടു പേര്‍ വിജയിച്ചിട്ടുണ്ട്. ഇവരില്‍ പലരും നിലവില്‍ മന്ത്രിസഭയിലുണ്ട്. എം.എം മണി, ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ ആരോഗ്യ കാരണങ്ങളാല്‍ ഒഴിവാകാന്‍ സാധ്യതയുണ്ട്. പുതുതായി പി.രാജീവ്, കെ.എന്‍ ബാലഗോപാല്‍, എം.ബി രാജേഷ്, ആര്‍.ബിന്ദു എന്നിവര്‍ പുതുമുഖങ്ങളായി മന്ത്രിസഭയിലെത്തിയേക്കും. ചെങ്ങന്നൂരില്‍ നിന്ന് വീണ്ടും വിജയിച്ച സജി ചെറിയാന്‍, ഉദുമയില്‍ നിന്നുള്ള സി.എച്ച് കുഞ്ഞമ്പു എന്നിവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.