കോട്ടയം: സുകുമാരന്‍ നായരുടെ മകള്‍ ഡോ. സുജാത എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവെച്ചു. സര്‍ക്കാറില്‍ നിന്ന് എല്ലാ ആനുകൂല്യങ്ങളും പറ്റി എന്‍.എസ്.എസ് സര്‍ക്കാറിന്റെ നെഞ്ചത്ത് കുത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. പദവിക്കായി സര്‍ക്കാരിനെയോ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെയോ സമീപിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
സുകുമാരന്‍ നായരുടെ പ്രസ്താവന സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു എന്നിട്ടും എന്‍.എസ്.എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്ന അടിസ്ഥാന രഹിതമായ ആരോപണവുമായി എസ് . എന്‍ ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍രംഗത്തുവന്നിരിക്കുകയാണ് . എന്‍.എസ്.എസ് ഹിന്ദു കോളേജ് പ്രിന്‍സിപ്പലും എന്റെ മകളും ആയ ഡോ. സുജാത കഴിഞ്ഞ ഏഴുവര്‍ഷത്തോളമായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ആയി സേവനമനുഷ്ഠിച്ചുവരുകയാണ്. ആദ്യം യു.ഡി.എഫ് ഗവണ്മെന്റും പിന്നീട് എല്‍.ഡി.എഫ് ഗവണ്മെന്റുമാണ് ഈ സ്ഥാനത്തേക്ക് ഡോ.സുജാതയെ നോമിനേറ്റ് ചെയ്തിട്ടുള്ളത്.
യോഗ്യതയുടെ അടിസ്ഥാനത്തില്‍ എഡ്യൂക്കേഷനിസ്റ്റ് എന്ന വിഭാഗത്തിലാണ് ഇടതു - വലതു വ്യത്യാസമില്ലാതെ ഗവണ്മെന്റുകള്‍ ഡോ . സുജാതയെ നോമിനേറ്റ് ചെയ്തിട്ടുളളത് . ഇതിനുവേണ്ടി ഞാനോ എന്റെ മകളോ മറ്റാരെങ്കിലുമോ , ഗവണ്മെന്റിനെയോ ഏതെങ്കിലും രാഷ്ട്രീയനേതാക്കളെയോ സമീപിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. എങ്കിലും ഇതിന്റെ പേരില്‍ വിവാദങ്ങള്‍ക്കിടവരുത്താതെ, മൂന്നുവര്‍ഷത്തെ കാലാവധി ഇനിയും ഉണ്ടെന്നിരിക്കിലും, വ്യക്തിപരമായ കാരണങ്ങളാല്‍ എന്റെ മകള്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവച്ചുകൊണ്ട് ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.