ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക്: സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക്: സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം

കൊച്ചി: കോവിഡ് രോഗം തിരിച്ചറിയുന്നതിനുള്ള ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി. പരിശോധനയ്ക്ക് എത്ര രൂപ ഈടാക്കണമെന്ന കാര്യത്തില്‍ ചെലവ് ഉള്‍പ്പെടെ വിലയിരുത്തി സര്‍ക്കാരിന് തീരുമാനിക്കാവുന്നതാണെന്നും കോടതി അറിയിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയെ അവശ്യസേവന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനു തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.

പരിശോധനാ നിരക്ക് 1700 രൂപയില്‍നിന്ന് 500 രൂപയായി വെട്ടിക്കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. വിപണി നിരക്കനുസരിച്ച് ടെസ്റ്റിനു വേണ്ട സംവിധാനങ്ങള്‍ക്ക് 240 രൂപ മാത്രമാണ് ചെലവ് എന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ നിരക്ക് 500 രൂപയായി കുറച്ചതെന്ന് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

നിരക്കു കുറച്ചത് പരിശോധനാ ഫലത്തിന്റെ നിലവാരത്തെ ബാധിക്കുമെന്നും ലാബുകള്‍ക്ക് കനത്ത ബാധ്യതയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയോ സബ്‌സിഡി ലഭ്യമാക്കുകയോ ചെയ്യണമെന്ന് ലാബ് ഉടമകള്‍ ആവശ്യപ്പെട്ടത്. ലാബുകള്‍ക്ക് 1700 രൂപ ഈടാക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥ് എന്നിവരും നേരത്തെ കോടതിയെ സമീപിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.