ഓസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്ക പദ്ധതി ന്യൂ സൗത്ത് വെയില്‍സില്‍

ഓസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്ക പദ്ധതി   ന്യൂ സൗത്ത് വെയില്‍സില്‍

സിഡ്നി: ഓസ്‌ട്രേലിയയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് തുരങ്കം ബ്ലൂ മൗണ്ടന്‍സിന്‍ നിര്‍മ്മിക്കാനുള്ള സ്വപ്നപദ്ധതിയുമായി ന്യൂ സൗത്ത് വെയില്‍സ്. ഗ്രേറ്റ് വെസ്റ്റേണ്‍ ഹൈവേ നവീകരണത്തിന്റെ ഭാഗമായാണ് ബ്ലൂ മൗണ്ടന്‍സില്‍ തുരങ്കവും നിര്‍മിക്കുന്നത്.

ബ്ലാക്ക് ഹീത്തിനെയും മൗണ്ട് വിക്ടോറിയയെയും ബന്ധിപ്പിക്കുന്ന 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കത്തിന്റെ സാധ്യതകളാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുന്നത്. ചരക്ക് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സുഗമമായ യാത്ര സാധ്യമാക്കുന്നതാണ് പുതിയ പദ്ധതി.

സെന്‍ട്രല്‍ വെസ്റ്റിനെ ഈസ്റ്റ് കോസ്റ്റുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്നതായിരിക്കും നിര്‍ദ്ദിഷ്ട തുരങ്കമെന്ന് ന്യൂ സൗത്ത് വെയില്‍സ് ഡെപ്യൂട്ടി പ്രീമിയര്‍ ജോണ്‍ ബരിലാറോ പറഞ്ഞു. രണ്ട് വ്യത്യസ്ത തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ മുന്‍പ് പ്രഖ്യാപിച്ച പദ്ധതി വിപുലീകരിച്ചാണ് 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കത്തിന്റെ സാധ്യത സര്‍ക്കാര്‍ അന്വേഷിക്കുന്നത്. ബ്ലാക്ക് ഹീത്തിലും മൗണ്ട് വിക്ടോറിയയിലും രണ്ട് തുരങ്കങ്ങള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പുതുക്കിയ പദ്ധതി പ്രകാരം ഈ തുരങ്കങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് തുരങ്കമായി മാറും-ബരിലാരോ പറഞ്ഞു.

ഇത് വളരെ സങ്കീര്‍ണമായ സ്വപ്നപദ്ധതിയാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കും. കാരണം ഇത് യാത്രക്കാര്‍ക്കും സിഡ്നിയിലേക്കു പ്രവേശനം ആഗ്രഹിക്കുന്ന പ്രാദേശിക ബിസിനസുകള്‍ക്കും ചരക്ക് കമ്പനികള്‍ക്കും ടൂറിസം രംഗത്തുള്ളവര്‍ക്കും എത്രമാത്രം പ്രയോജനപ്പെടുമെന്ന് ഞങ്ങള്‍ക്കറിയാം.

ബ്ലാക്ക് ഹീത്തില്‍ 4.5 കിലോമീറ്റര്‍ തുരങ്കവും വിക്ടോറിയയില്‍ 4 കിലോമീറ്റര്‍ തുരങ്കവും നിര്‍മിക്കാനുള്ള പദ്ധതിയാണ് ഒരൊറ്റ തുരങ്കമായി വിപുലപ്പെടുത്തിയതെന്നു പ്രാദേശിക ഗതാഗത മന്ത്രി പോള്‍ ടൂള്‍ പറഞ്ഞു. രണ്ട് വ്യത്യസ്ത തുരങ്കങ്ങള്‍ക്കായി 2.5 ബില്യണ്‍ ഡോളര്‍ വീതമാണ് വകയിരുത്തിയിരിക്കുന്നത്. ഏഴ് ബില്യണ്‍ മുതല്‍ 8 ബില്യണ്‍ ഡോളര്‍ വരെയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.

ദൈര്‍ഘ്യമേറിയ തുരങ്കത്തിനുള്ള തുക സമാഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പലരുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പദ്ധതി സാക്ഷാത്കരിച്ചാല്‍ തുരങ്കത്തിലൂടെയുള്ള യാത്ര ടോള്‍ ഫ്രീ ആയിരിക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.