തിരുവനന്തപുരം : കേരളത്തില്‍ രോഗം ഉച്ചസ്ഥായിലെത്താന്‍ സമയമെടുക്കുമെന്നും രോഗ വ്യാപനം ഇനിയും കൂടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയര്‍ന്ന ടെസ്റ്റ്പോസിറ്റിവിറ്റി കാണിക്കുന്നത് രോഗവ്യാപനം കൂടുമെന്നാണ്. നഗരങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മോഖലയിലേക്കും വ്യാപിച്ചതായി പഠനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട്. കേരളത്തിലും ഗ്രാമീണ മേഖലയില്‍ കേസ് കൂടുന്ന പ്രവണത കാണുന്നു. കേരളത്തില്‍ നഗര- ഗ്രാമ അന്തരം കുറവാണ്. ഗ്രാമീണ മേഖലകളിലെ ആരോഗ്യ സംവിധാനം മറ്റ് മേഖലകളേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ആശ്വാസകരമാണ്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഗ്രാമ മേഖലയില്‍ വിട്ടു വീഴ്ചയില്ലാതെ നടപ്പിലാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ അക്കാര്യം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഓക്സിജന്‍ നില പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് പരിശോധക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ സ്വീകരിക്കണം. ഹെല്‍പ്പ് ലൈനുമായോ വാര്‍ഡ് മെമ്പറുമായോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് തുടര്‍നടപടി സ്വീകരിക്കണം.
50 ശതമാനം ആളുകളിലേക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വെച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ പഠനം വ്യക്തമാക്കുന്നത്. വയോജനങ്ങളും കുട്ടികളുമായി ബന്ധപ്പെടുമ്പോള്‍ ശ്രദ്ധിക്കണം. കഴിയാവുന്നത് വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് എന്നതാണ് ഏറ്റവും നല്ല മുന്‍കരുതലെന്നും അദ്ദേഹം പറഞ്ഞു.
അത്യാവശ്യമുണ്ടെങ്കില്‍ മാത്രം പുറത്തിറങ്ങുക, ഡബിള്‍ മാസ്‌കുപയോഗിക്കുക, തിരിച്ച് വീട്ടിലെത്തുമ്പോള്‍ കൈകാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കുന്നതാണ് ഏറ്റവും നല്ലത്. വസ്ത്രം മാറുകയും വേണം. തുമ്മല്‍ ശ്വാസം മുട്ടല്‍ എന്ന ലക്ഷണം കണ്ടാല്‍ വീട്ടിലാണെങ്കിലും മാസ്‌ക് ധരിക്കണം. ഉടനടി ടെസ്റ്റിനു വിധേയമാകണം.
നിലവില്‍ 2.40 ലക്ഷം ഡോസ് ആണ് സ്റ്റോക്ക് ഉള്ളത്. പരമാവധി രണ്ട് ദിവസത്തേക്ക് മാത്രമേ അത് തികയൂ. നാല് ലക്ഷം ഡോസ് കോവി ഷീല്‍ഡും 75,000 ഡോസ് കോവാക്സിനും ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് മൂന്നിലെ കണക്കു പ്രകാരം കേരളത്തില്‍ 270.2 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സ്റ്റോക്കുണ്ട്. 8.97 മെട്രിക് ടണ്‍ മെഡി ഓക്‌സിജന്‍ സിലിണ്ടറായും സ്റ്റക്കുണ്ട്. 108.35 മെട്രിക് ടണ്‍ ഓക്സിജനാണ് ഒരു ദിവസം വേണ്ടി വരുന്നത്.
ഓക്സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് ജില്ലകളില്‍ വിഷമങ്ങളുണ്ടായാല്‍ ഇടപെടണം. വിക്ടേഴ്സ് ചാനല്‍ വഴി കോവിഡ് രോഗികള്‍ക്ക് ഫോണ്‍ ഇന്‍ സൗകര്യം മുഴുവന്‍ സമയവുമുണ്ടാകും. സ്വകാര്യ ചാനലുകാര്‍ ഡോക്ടര്‍മാരുമായി ഓണ്‍ലൈന്‍ കണ്‍സള്‍ടേഷന് സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അടുത്ത രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത റിട്ടേണിങ് ഓഫീസര്‍മാരെ നിയോഗിക്കും. അതോടൊപ്പം ടെലി മെഡിസിന്‍ കൂടുതല്‍ ഫലപ്രദമാക്കും. ഒരു രോഗി ഒരു തവണ ബന്ധപ്പെടുമ്പോള്‍ അതേ ഡോക്ടറായിരിക്കണമെന്നില്ല. ഒരു രോഗിക്ക് ഒരു ഡോക്ടറെ തന്നെ ബന്ധപ്പെടാന്‍ സൗകര്യമൊരുക്കും.
അവശ്യ സാധനങ്ങള്‍ ഓണ്‍ലൈനായി വിതരണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കും. രോഗികള്‍ക്കുവേണ്ടിയുള്ള കിടക്കകള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കെടിഡിസി ഉള്‍പ്പെടെയുള്ള ഹോട്ടലുകളിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും. സ്വാശ്രയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉടനെ വാക്സിന്‍ നല്‍കും. മൃഗ ചികിത്സകര്‍ക്ക് വാക്സിന്‍ നല്‍കാനും തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം പൗരബോധം ഉയര്‍ത്തിപ്പിടിച്ച് സംയമനത്തോടെ പെരുമാറിയ കേരള ജനതയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.