ബെംഗളൂരു: കര്‍ണാടകയില്‍ പ്രതിദിനം കോവിഡ് രോഗവ്യാപനം രൂക്ഷമാകുകയാണ്. സാഹചര്യം ഒന്നിനൊന്ന് മോശമാകുന്നതിന്റെ ഭീതിയിലും ആശങ്കയിലുമാണ് ബെംഗളൂരുവിലെ മലയാളികള്‍. ആവശ്യമായ ചികിത്സ ലഭിക്കാതെ രോഗബാധിതര്‍ മരിക്കുന്നത് പതിവായതോടെ ശ്മശാനങ്ങളില്‍ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ ദിവസങ്ങള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ്.
നഗരത്തിലെ എസ്ആര്‍എം ജംക്ഷനിലുള്ള ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ എത്തുന്ന ആംബുലന്‍സുകള്‍ ഒന്നിനു പിറകെ ഒന്നായി ഊഴംകാത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാഴ്ച ഹൃദയ ഭേദകമാണ്. ലക്ഷ്മിപുര ക്രോസിലും സുമ്മനഹള്ളിയിലും നഗരപരിസരത്തുള്ള മറ്റു ശ്മശാനങ്ങളിലും സമാന സാഹചര്യമാണുള്ളത്.
മൃതദേഹങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യക്തികളുടെ പുരയിടങ്ങളില്‍ സംസ്‌കരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ മൂന്നു ദിവസം വരെ മൃതദേഹവുമായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടെന്നത് മരിക്കുന്നവരുടെ ബന്ധുക്കളെ ദുരിതത്തിലാക്കുന്നുണ്ട്. ദിവസങ്ങളോളം ഉയര്‍ന്ന ആംബുലന്‍സ് വാടക നല്‍കേണ്ടി വരുന്നത് സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ക്കും ബുദ്ധിമുട്ടിലാക്കുന്നു.
ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലാത്തത് രോഗം ബാധിക്കുന്നവരുടെ ചികിത്സയ്ക്ക് തടസമാകുന്നുണ്ട്. ഇതിനിടെ രോഗികളുമായി എത്തുന്നത് നിയന്ത്രിക്കാനാകാതെ വന്നതോടെ കിടക്കള്‍ ലഭ്യമല്ലെന്ന ബോര്‍ഡുകള്‍ ആശുപത്രികള്‍ക്കു മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സാഹചര്യം മറികടക്കാന്‍ കൂടുതല്‍ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി നാലേക്കറില്‍ ശ്മശാനം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് കോര്‍പ്പറേഷന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.