ഐ.പി.എല്‍: ഇന്ത്യയില്‍ കുടുങ്ങിയ ഓസ്ട്രേലിയന്‍ താരങ്ങളെ മാല ദ്വീപിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റും

ഐ.പി.എല്‍: ഇന്ത്യയില്‍ കുടുങ്ങിയ ഓസ്ട്രേലിയന്‍ താരങ്ങളെ മാല ദ്വീപിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റും

സിഡ്‌നി: ഐ.പി.എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നിര്‍ത്തിവച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ കുടുങ്ങിയ ഓസ്ട്രേലിയന്‍ താരങ്ങളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമായി അവരെ ഇന്ത്യയില്‍നിന്നു മറ്റു രാജ്യങ്ങളിലേക്കു മാറ്റും.

കളിക്കാര്‍, കമന്റേറ്റര്‍മാര്‍, പരിശീലകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ മുപ്പത്തിയെട്ട് ഓസ്ട്രേലിയക്കാരാണ് ഇന്ത്യയിലുള്ളത്. ഇവരെ ഇന്ത്യയില്‍നിന്നു മാറ്റുന്നതിന്റെ ഭാഗമായി മാല ദ്വീപിലേക്കോ ശ്രീലങ്കയിലേക്കോ കൊണ്ടുപോകും.

ഓസ്ട്രേലിയന്‍ താരങ്ങളെ കഴിയുന്നതും വേഗത്തിലും സുരക്ഷിതമായും തിരിച്ചയക്കാനുള്ള ക്രമീകരണങ്ങള്‍ ബി.സി.സി.ഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ഇന്ത്യ) നടത്തുന്നുണ്ടെന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹോക്‌ലി പറഞ്ഞു. ഓസ്ട്രേലിയയില്‍ മടങ്ങിയെത്താന്‍ കഴിയുന്നതു വരെ മുഴുവന്‍ കളിക്കാരെയും ഇന്ത്യയില്‍നിന്ന് മാറ്റാനുള്ള ശ്രമത്തിലാണ് ബി.സി.സി.ഐ അധികൃതര്‍. നിലവില്‍ കോവിഡ് രൂക്ഷമായ ഇന്ത്യയില്‍നിന്ന് ഓസ്ട്രേലിയയില്‍ തിരിച്ചെത്തുന്നത് ജയില്‍ ശിക്ഷയും കനത്ത പിഴയും ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാണ്.

ഓസ്ട്രേലിയയില്‍ പ്രത്യേക ക്വാറന്റീനായി ക്രിക്കറ്റ് താരങ്ങള്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നു ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ടോഡ് ഗ്രീന്‍ബെര്‍ഗ് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ താരങ്ങളെ ഇന്ത്യയില്‍ നിന്ന് മാറ്റും. രണ്ടാം ഘട്ടത്തില്‍ അവരെ സുരക്ഷിതമായി ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിക്കും. നിലവിലെ യാത്രാ നിരോധനം മേയ് 15 ന് ഫെഡറല്‍ സര്‍ക്കാര്‍ അവലോകനം ചെയ്ത ശേഷം മാത്രമായിരിക്കും കളിക്കാരെ തിരിച്ചെത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യാത്രാവിലക്ക് നീക്കിയെന്നു സ്ഥിരീകരിച്ചാലുടന്‍ രണ്ടാം ഘട്ടം നടപ്പാക്കും.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബാറ്റിംഗ് പരിശീലകനും മുന്‍ ഓസ്‌ട്രേലിയന്‍ താരവുമായ മൈക് ഹസിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ പത്തു ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം രാജ്യം വിടുമെന്നാണു സൂചന.

ഇന്ത്യയില്‍ ചെന്നാലുള്ള വെല്ലുവിളികളും അപകടസാധ്യതകളും മനസിലാക്കിതന്നെയാണ് താരങ്ങള്‍ ഐ.പി.എല്ലുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിട്ടതെന്ന് ടോഡ് ഗ്രീന്‍ബെര്‍ഗ് പറഞ്ഞു. അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് അവര്‍ പ്രതീക്ഷിക്കാതിരുന്നതാണ് കളിക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചത്.

നാടിന്റെ സുരക്ഷിത്വത്തിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രൂക്ഷപ്രതികരണവുമായി ക്രിക്കറ്റ് താരം മൈക്കല്‍ സ്ലാറ്റര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ കൈകളില്‍ രക്തം പുരണ്ടിരിക്കുകയാണെന്നാണു മൈക്കല്‍ സ്ലാറ്റര്‍ ട്വിറ്ററില്‍ വിമര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.