ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ആശങ്കാ ജനകമായി ഉയരുകയാണെന്നും രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉറപ്പാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കൂടുതല്‍ വ്യാപന ശേഷിയോടെ വൈറസിന് വീണ്ടും ജനിതക മാറ്റം വരാമെന്നും മുന്നറിയിപ്പുണ്ട്.
കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ തീവ്ര വ്യാപനമുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. മറ്റു ജില്ലകളിലും കേസുകള്‍ ഉയരുന്നുണ്ട്. കര്‍ണാടകത്തില്‍ ബംഗളൂരു, മൈസൂര്‍, തമിഴ്‌നാട്ടില്‍ ചെന്നൈ, ഹരിയാനയില്‍ ഗുരുഗ്രാം, ബീഹാറില്‍ പാറ്റ്ന, ആന്ധ്രയില്‍ ചിറ്റൂര്‍, ഉത്തരാഖണ്ഡില്‍ ഡെറാഡൂണ്‍, മഹാരാഷ്ട്രയില്‍ സത്ര, സോളാപൂര്‍ ജില്ലകളിലും സ്ഥിതി ആശങ്കാജനകമാണ്.
മഹാരാഷ്ട്ര, യു.പി, ഡല്‍ഹി, ഛത്തീസ്ഗഡ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗികള്‍ കുറയുന്നുണ്ട്. എന്നാല്‍ കര്‍ണാടകം, കേരളം, തമിഴ്നാട്, ആന്ധ്ര, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍, ഹരിയാന, ഒഡിഷ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജമ്മുകാശ്മീര്‍, എന്നിവിടങ്ങളില്‍ കേസുകള്‍ വര്‍ദ്ധിക്കുകയാണ്.
കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. മഹാരാഷ്ട്രയില്‍ 6.40 ലക്ഷത്തിലേറെയും കര്‍ണാടകത്തില്‍ 4.64 ലക്ഷത്തിലേറെയും കേരളത്തില്‍ മൂന്നരലക്ഷത്തിലേറെയും പേര്‍ ചികിത്സയിലുണ്ട്.
മൂന്നാംതരംഗം എപ്പോള്‍ വരുമെന്ന് പറയാനാവില്ല. നാം തയ്യാറായിരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ.കെ. വിജയരാഘവന്‍ പറഞ്ഞു. മൂന്നാം തരംഗം വരുമ്പോള്‍ വാക്സിനുകള്‍ അതിനനുസരിച്ച് പുതുക്കേണ്ടി വരും. ആദ്യത്തെ കോവിഡ് വൈറസ് പോലെ തന്നെയാണ് വകഭേദങ്ങളും വ്യാപിക്കുന്നത്. 
നിലവിലെ വകഭേദങ്ങള്‍ക്ക് ഇപ്പോഴത്തെ വാക്സിന്‍ ഫലപ്രദമാണ്. ഇന്ത്യയിലും ലോകത്തും പുതിയ വകഭേദങ്ങളുണ്ടാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കൊവിഡ് വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരില്ലെന്ന് നീതി ആയോഗ് അംഗം ഡോ.വികെ. പോള്‍ പറഞ്ഞു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.