ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന് പോലീസ്: മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചു; ഇളവുകള്‍ വെട്ടിക്കുറച്ചേക്കും

ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന് പോലീസ്: മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചു; ഇളവുകള്‍ വെട്ടിക്കുറച്ചേക്കും

തിരുവനന്തപുരം: നാളെ മുതല്‍ ഏര്‍പ്പെടുത്തുന്ന ലോക്ക്ഡൗണില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. പ്രഖ്യാപിക്കപ്പെട്ട ഇളവുകളില്‍ ചിലത് വെട്ടിക്കുറച്ചേക്കും. നിര്‍മാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ വേണമെന്ന് പോലീസ് നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണിത്.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ സമയം കുറയ്ക്കണം. സഹകരണ മേഖലയിലുള്‍പ്പെടെ സാമ്പത്തിക സ്ഥാപനങ്ങളും അനുവദിക്കേണ്ടതില്ല. ഇളവുകള്‍ കൂട്ടിയാല്‍ യാത്രക്കാര്‍ കൂടുമെന്നും ലോക്ഡൗണ്‍ കര്‍ശനമാകില്ലെന്നുമാണ് പൊലീസ് നിലപാട്. ലോക്ഡൗണ്‍ ഉത്തരവിറങ്ങിയതിനുശേഷമാണ് മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചത്. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പോലീസിന്റെ യോഗം തുടങ്ങി.

അതേസമയം, അടച്ചിടല്‍ കര്‍ശനമാക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയനും. ഇതു സംബന്ധിച്ച് ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് ഇന്നലെ ഇറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് സംബന്ധിച്ച് പോലീസിന് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട്. വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് ലോക്ഡൗണ്‍ എങ്ങനെ നടപ്പാക്കും എന്നതിലാണ് ആശയക്കുഴപ്പം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയേയും പോലീസ് അറിയിച്ചിട്ടുണ്ട്.

നിര്‍മാണ മേഖലയ്ക്ക് കൂടുതല്‍ ഇളവ് നല്‍കിയാല്‍ കൂടുതല്‍ ആളുകള്‍ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാകുമെന്ന് പോലീസ് പറയുന്നു. അത് ജനങ്ങളെ നിയന്ത്രിക്കുന്നതിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. സഹകരണ മേഖലയില്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതും കൂടുതല്‍ പേര്‍ പുറത്തിറങ്ങുന്നതിന് വഴിയൊരുക്കും.

കടകളുടെ പ്രവര്‍ത്തന സമയം പരമാവധി അഞ്ച് മണിക്കൂര്‍ ആയി നിശ്ചയിക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ പൂര്‍ണമായ ലോക്ഡൗണ്‍ മാത്രമേ പ്രയോജനം ചെയ്യൂ എന്നും പോലീസ് പറയുന്നു. പോലീസിന്റെ നിലപാട് കൂടി പരിഗണിച്ച ശേഷം മിക്കവാറും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പുതിയ ഉത്തരവ് ഇറങ്ങിയേക്കുമെന്നാണ് കരുതുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.