സംവരണേതര വിഭാഗങ്ങള്‍ക്കുള്ള പത്തുശതമാനം സാമ്പത്തിക സംവരണം അട്ടിമറിക്കുന്നു: ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ്

സംവരണേതര വിഭാഗങ്ങള്‍ക്കുള്ള പത്തുശതമാനം സാമ്പത്തിക സംവരണം അട്ടിമറിക്കുന്നു: ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ്

തിരുവനന്തപുരം: സംവരണേതര വിഭാഗങ്ങള്‍ക്കുള്ള പത്തുശതമാനം സാമ്പത്തിക സംവരണം അട്ടിമറിക്കുന്ന സമീപനങ്ങള്‍ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാസമിതിയുടെ നേതൃത്വത്തില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ തിരുവനന്തപുരം ഓഫീസിനു മുന്‍പില്‍ പ്രതിഷേധ നില്‍പ്പുസമരം നടത്തി.

ഉദ്യോഗ-വിദ്യാഭ്യാസ മേഖലകളില്‍ ലഭിക്കേണ്ട പത്തുശതമാനം സംവരണത്തിന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കേന്ദ്രനിയമത്തിലേതുപോലെയാക്കണമെന്ന് അതിരൂപതാസമിതി ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണം ലഭിക്കുവാന്‍ അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്കുള്ള വരുമാന പരിധി 8 ലക്ഷമായും ഭൂപരിധി 5 ഏക്കറായും പുനര്‍ നിശ്ചയിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് നില്‍പ്പുസമരം ഉദ്ഘാടനം ചെയ്ത കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഉദ്യോഗ നിയമനമേഖലയില്‍ ഇപ്പോള്‍ നിലവിലുള്ള സംവരണ-സര്‍വ്വീസ് ചട്ടങ്ങളിലും റിസര്‍വ്വേഷന്‍, റൊട്ടേഷന്‍ ചാര്‍ട്ടുകളിലും ആവശ്യമായ ഭേദഗതികള്‍ പി.എസ്.സി. നാളിതുവരെ വരുത്താത്തത് പ്രതിഷേധാര്‍ഹമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു. സംവരണേതര വിഭാഗങ്ങള്‍ അനേകം വര്‍ഷങ്ങളായി ആവശ്യപ്പെട്ടതിന്റേയും നിയമപോരാട്ടങ്ങളുടെയും ഫലമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമം അര്‍ഹരായ ജനവിഭാഗങ്ങള്‍ക്ക് കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാട്ടണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സര്‍ക്കാരും പബ്ലിക് സര്‍വ്വീസ് കമ്മീഷനും യൂണിവേഴ്‌സിറ്റികളും ഇക്കാര്യത്തില്‍ നടത്തുന്ന മെല്ലെപ്പോക്ക് പ്രതിഷേധാര്‍ഹമാണെന്നും ചൂണ്ടിക്കാട്ടി.

കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ഫാ. സോണി പള്ളിച്ചിറയില്‍, ഫാ. ജോമോന്‍ കാക്കനാട്ട്, ജോമോന്‍ കാട്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയിലെ അതിരമ്പുഴ, കുടമാളൂര്‍, കോട്ടയം, മണിമല, നെടുംകുന്നം, കുറുമ്പനാടം, ചങ്ങനാശേരി, തൃക്കൊടിത്താനം, തുരുത്തി, ചമ്പക്കുളം, ആലപ്പുഴ, പുനലൂര്‍, അമ്പൂരി എന്നീ കേന്ദ്രങ്ങളിലും നില്‍പ്പുസമരം സംഘടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.