സ്വകാര്യ ആശുപത്രികളുടെ കൊള്ളയടിക്ക് തടയിട്ട് സര്‍ക്കാര്‍ ഉത്തരവ്: അമിത തുക ഈടാക്കിയാല്‍ പത്തിരട്ടി പിഴ; അഭിനന്ദിച്ച് ഹൈക്കോടതി

സ്വകാര്യ ആശുപത്രികളുടെ കൊള്ളയടിക്ക് തടയിട്ട് സര്‍ക്കാര്‍ ഉത്തരവ്: അമിത തുക ഈടാക്കിയാല്‍ പത്തിരട്ടി പിഴ; അഭിനന്ദിച്ച് ഹൈക്കോടതി

കൊച്ചി: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ സംസ്ഥാനത്ത് പലയിടത്തും കൊള്ളനിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തില്‍ ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

പിപിഇ കിറ്റുകള്‍ മുതല്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതായാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഉത്തരവ് വായിച്ചു കേട്ട ബഞ്ച് പ്രഥമദൃഷ്ട്യാ സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും, നഴ്‌സിംഗ് ഹോമുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

ഉത്തരവിന്റെ വിശദാംശങ്ങള്‍:

നേരത്തേ തന്നെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും (മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പടെ) 50% കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സഹകരണ, ഇഎസ്‌ഐ ആശുപത്രികളെ പൂര്‍ണമായും കോവിഡ് ചികിത്സയ്ക്കുള്ള കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രോഗികള്‍ക്കും KASP (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) പ്രകാരം ആനുകൂല്യം ലഭിക്കേണ്ടവര്‍ക്കും സൗജന്യ ചികിത്സ തന്നെ നല്‍കണമെന്ന് നേരത്തേ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

സ്വകാര്യ ആശുപത്രി അസോസിയേഷനുകളുമായി ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ചികിത്സാ നിരക്കില്‍ ഏകീകരണം വരുത്താന്‍ തീരുമാനിച്ചതായി കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. അതനുസരിച്ച് ചികിത്സാ നിരക്ക് ഇങ്ങനെയാണ്:

1. ജനറല്‍ വാര്‍ഡ്
എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് - 2645 രൂപ, എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 2910 രൂപ.

2. എച്ച്.ഡി.യു (ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്)
എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് - 3795 രൂപ, എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 4175 രൂപ.

3. ഐസിയു
എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് - 7800 രൂപ, എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 8580 രൂപ.

4. വെന്റിലേറ്ററോട് കൂടി ഐസിയു
എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് - 13800 രൂപ, എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 15180 രൂപ.

റജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍, ബെഡ് നിരക്ക്, നഴ്‌സിംഗ്- ബോര്‍ഡിംഗ് നിരക്ക്, സര്‍ജന്‍/അനസ്ത്രീസിസ്റ്റ്, മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ്, കണ്‍സള്‍ട്ടന്റ് നിരക്കുകള്‍, അനസ്‌തേഷ്യ, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍, ഓക്‌സിജന്‍, മരുന്നുകള്‍, പാഥോളജി- റേഡിയോളജി ടെസ്റ്റുകള്‍, എക്‌സ് റേ, യുഎസ്ജി, ഹെമാറ്റോളജി, പാഥോളജി എന്നിവയ്ക്ക് 15 ദിവസം വരെയുള്ള നിരക്കുകള്‍ എല്ലാം ചേര്‍ത്താണ് ഈ തുകയെന്നും ഉത്തരവില്‍ സര്‍ക്കാര്‍ പറയുന്നു.

എന്നാല്‍ സി ടി ചെസ്റ്റ്, എച്ച്ആര്‍സിടി ചെസ്റ്റ് ഇന്‍വെസ്റ്റിഗേഷനുകള്‍ക്കും, പിപിഇ കിറ്റുകള്‍ക്കും, റെംഡെസിവിര്‍, Tocilizumab ഉള്‍പ്പടെയുള്ള മരുന്നുകളും ഇതിലുള്‍പ്പെടില്ല. പക്ഷേ, പിപിഇ കിറ്റുകള്‍ക്കടക്കം, വിപണി വില മാത്രമേ ഈടാക്കാവൂ എന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നു.

ആര്‍ടിപിസിആര്‍ നിരക്കുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച അതേ തുകയ്‌ക്കേ നടത്താവൂ. Xpert NAT, TRUE NAT, RT -LAM, RAPID Antigen എന്നീ ടെസ്റ്റുകള്‍ക്കും അധിക തുക ഈടാക്കാന്‍ പാടില്ല.

ജനറല്‍ വാര്‍ഡുകളില്‍ കഴിയുന്ന രോഗികളില്‍ നിന്ന് ദിവസം രണ്ട് പിപിഇ കിറ്റിന്റെയും, ഐസിയു രോഗികളില്‍ നിന്ന് അഞ്ച് പിപിഇ കിറ്റിന്റെയും തുകയേ ഇടാക്കാവൂ. ഇത് തന്നെ എംആര്‍പിയില്‍ നിന്ന്, വിപണി വിലയില്‍ നിന്ന് ഒരു രൂപ കൂടരുത്.

ചികിത്സാനിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം

ആശുപത്രികള്‍ക്ക് മുന്നില്‍ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട വിവിധ ചികിത്സകളുടെയും മരുന്നുകളുടെയും വസ്തുക്കളുടെയും ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും സേവനങ്ങളുടെയും നിരക്കുകള്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും, ഇതില്‍ നിന്ന് ഒരു രൂപ പോലും കൂടരുതെന്നും, സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. വെബ്‌സൈറ്റുകളിലും ഈ നിരക്കുകള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കണം. രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും ഈ നിരക്കുകള്‍ ഏത് സമയവയും പരിശോധിക്കാനാകണം. കേരളാ ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടുമായി ബന്ധപ്പെട്ട വെബ്‌സൈറ്റിലേക്ക് ഇതിന്റെ ലിങ്കുകള്‍ നല്‍കണം.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാകും ഇത് സംബന്ധിച്ചുള്ള ഏത് പരാതികളും കേള്‍ക്കാനും പരിഹാരം നിര്‍ണയിക്കാനുമുള്ള അവകാശം. സി.കെ പത്മാകരന്‍ ചെയര്‍മാനും ഡോ.വി.രാജീവന്‍, ഡോ.വി.ജി പ്രദീപ് കുമാര്‍ എന്നിവര്‍ അംഗങ്ങളായ സമിതി അപ്പലൈറ്റ് അതോറിറ്റിയായിരിക്കും. കൊള്ളനിരക്ക് ഏത് ആശുപത്രി ഈടാക്കിയതായി പരാതി ലഭിച്ചാലും ഈ സംവിധാനത്തിലൂടെയാകും പരിഹാരമുണ്ടാകുക. ഇവരെ ബന്ധപ്പെടാനുള്ള നമ്പറുകള്‍ കേരളാ ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടുമായി ബന്ധപ്പെട്ട വെബ്‌സൈറ്റില്‍ ഉണ്ടാകും.

 ഏതെങ്കിലും ആശുപത്രി നിശ്ചയിച്ചതിലും കൂടുതല്‍ നിരക്ക് ഈടാക്കിയെന്ന് കണ്ടെത്തിയാല്‍ പത്തിരട്ടി തുക പിഴയായി ഒടുക്കേണ്ടി വരും. കര്‍ശനനടപടിയുണ്ടാകും. പിപിഇ കിറ്റുകള്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, മറ്റ് അനുബന്ധവസ്തുക്കള്‍ എന്നിവയ്ക്ക് കൊള്ളവില ഈടാക്കിയാല്‍ കടുത്ത നടപടി ജില്ലാ കളക്ടര്‍ നേരിട്ട് സ്വീകരിക്കും. രോഗികളെത്തിയാല്‍ അഡ്വാന്‍സ് തുക ഈടാക്കിയ ശേഷം മാത്രം അഡ്മിഷന്‍ എന്ന നിലപാടെടുത്താലും നടപടിയുണ്ടാകും. ഈ നിരക്കുകള്‍ അടിയന്തരമായി നടപ്പാക്കാന്‍ തീരുമാനിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.