ഭരണം വികസനത്തിനുവേണ്ടി ആകണം; ചീത്തപ്പേര് കേള്‍പ്പിക്കുന്നവര്‍ പുറത്താകും:നിലപാട് കടുപ്പിച്ച് സ്റ്റാലിന്‍

ഭരണം വികസനത്തിനുവേണ്ടി ആകണം; ചീത്തപ്പേര് കേള്‍പ്പിക്കുന്നവര്‍ പുറത്താകും:നിലപാട് കടുപ്പിച്ച് സ്റ്റാലിന്‍

ചെന്നൈ: സുതാര്യവും അഴിമതി രഹിതവുമായ ഭരണത്തിലൂടെ ജനങ്ങളുടെ മനം കവരണമന്ന് ആദ്യ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിര്‍ദ്ദേശം. വികസനത്തിനുവേണ്ടി ഭരിക്കണമെന്നും ചീത്തപ്പേര് കേള്‍പ്പിക്കുന്ന ആളുകള്‍ തല്‍ക്ഷണം മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകുമെന്നും സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കി. ഡിഎംകെയ്ക്ക് മുന്നില്‍ ചെയ്ത് തീര്‍ക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ക്ക് ഇപ്പോള്‍ മന്ത്രിയാകാന്‍ വലിയ ഒരു അവസരമാണ് ലഭിച്ചിരിക്കുന്നത്. അത് കിട്ടാതെ പോയ ധാരാളം പേര്‍ പുറത്തുനില്‍ക്കുന്നുണ്ട്. അതിനാല്‍ ആ അവസരം നാടിന്റെ വികസനത്തിനുവേണ്ടി നന്നായി പ്രയോജനപ്പെടുത്തണമെന്നും സ്റ്റാലിന്‍ പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സുതാര്യത ഉണ്ടായിരിക്കണമെന്നും അതില്‍ യാതൊരു ആക്ഷേപങ്ങള്‍ക്കും ഇടം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊലീസിനെ നേരിട്ട് വിളിക്കാതെ ആഭ്യന്തരമന്ത്രിയെ വിവരമറിയിക്കുകയാണ് ചെയ്യേണ്ടതെന്നും സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കി.

അധികാരമേറ്റതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പ്രകടനപത്രികയിലെ അഞ്ച് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവില്‍ സ്റ്റാലിന്‍ ഒപ്പുവെച്ചത് വലിയ വാര്‍ത്തയായിരുന്നു. കൊവിഡ് ദുരിതാശ്വാസമടക്കമുള്ള വാഗ്ദാനങ്ങളിലാണ് മുഖ്യമന്ത്രി ഒപ്പ് വെച്ചത്. കൊവിഡ് ദുരിതാശ്വാസ പദ്ധതി പ്രകാരം അരി ലഭിക്കാന്‍ അര്‍ഹതയുള്ള എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 2000 രൂപ ആദ്യഗഡുവെന്ന നിലയില്‍ നല്‍കാനായിരുന്നു ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.