മഴ ശക്തമായാൽ കോവിഡ് വ്യാപനം കൂടാൻ സാധ്യത; ജാഗ്രത വേണം: മുഖ്യമന്ത്രി

മഴ ശക്തമായാൽ കോവിഡ് വ്യാപനം കൂടാൻ സാധ്യത; ജാഗ്രത വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ് എന്നാൽ മഴ ശക്തമാകുന്നതോടെ കോവിഡ് രോഗവ്യാപനം കൂടാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഴ കൂടുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മുകളില്‍ ഇപ്പോള്‍ തന്നെയുള്ള സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാകുന്നു എന്നതൊരു പ്രശ്നമാണ്. അതുപോലെത്തന്നെ മഴക്കാലരോഗങ്ങള്‍ കൂടെ ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ കാര്യങ്ങള്‍ പ്രയാസകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കോവിഡ് വ്യാപനം സാഹചര്യത്തിൽ സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധി മുന്‍കൂട്ടി കണ്ടു കൊണ്ടുള്ള നടപടികളാണ് സംസ്ഥാനം തുടക്കം മുതല്‍ സ്വീകരിക്കുന്നത്. നമ്മുടെ അടുക്കളകളെയാകും കോവിഡ് ആദ്യം ബാധിക്കുക എന്നതിനാല്‍ അതിനെ മറികടക്കുന്നതിനാണ് മുന്‍തൂക്കം നല്‍കിയത്. അതിന്‍റെ ഭാഗമാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ആവിഷ്കരിച്ചത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണ്‍ ഘട്ടത്തിലും പിന്നീടും അത് എല്ലാ കുടുംബങ്ങള്‍ക്കും ആയി വിതരണം ചെയ്തു. 85 ലക്ഷത്തോളം കുടുംബങ്ങള്‍ ഭക്ഷ്യക്കിറ്റിന്‍റെ ഉപഭോക്താക്കളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുകയും ഭക്ഷ്യ വകുപ്പിന്‍റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഈ മാസവും അത് തുടരുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചും കൃത്യമായി വിതരണം ചെയ്തും പ്രതിസന്ധിയെ തരണം ചെയ്യാനായിരുന്നു ശ്രമിച്ചത്. പെന്‍ഷന്‍ ലഭ്യമാകാത്തവര്‍ക്ക് പ്രത്യേക ധനസഹായവും നല്‍കി.

എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും. മുന്‍പ് വിശദമാക്കിയതു പോലെ, ലോക്ഡൗണിന്‍റെ ഗുണഫലം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ ഇനിയും അല്‍പദിവസങ്ങള്‍ കൂടികഴിയേണ്ടതുണ്ട്. ഈ മെയ് മാസം കേരളത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോക്ഡൗണ്‍ നീട്ടുമ്പോള്‍ സ്വാഭാവികമായി ജനങ്ങള്‍ കുറേക്കൂടി വിഷമം അനുഭവിക്കുന്ന സാഹചര്യം ഉണ്ടാക്കും. ഒന്നാം ഘട്ടത്തിലെ അനുഭവങ്ങള്‍ കൂടി കണക്കിലെടുത്ത് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയാണ്.

അവശ്യസാധന കിറ്റുകള്‍ 2021 ജൂണിലും തുടര്‍ന്ന് വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. 823.23 കോടി രൂപയാണ് വിതരണം പെന്‍ഷന്‍ ആയി വിതരണം ചെയ്യുന്നത്. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കും. സ്വന്തം ഫണ്ടില്ലാത്ത ക്ഷേമ നിധി ബോര്‍ഡുകളെ സര്‍ക്കാര്‍ സഹായിക്കും. ക്ഷേമനിധി സഹായം ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ നല്‍കും. വസ്തു നികുതി, ടൂറിസം നികുതി, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവയ്ക്കുള്ള സമയം ദീര്‍ഘിപ്പിക്കും.

അതേസമയം കോവിഡ് ബ്രിഗേഡ് പാക്കേജിന്‍റെ ഭാഗമായി എന്‍എച്ച്എം സ്റ്റാഫുകള്‍ക്കുള്ള ഇന്‍സെന്‍റീവിനും റിസ്ക് അലവന്‍സിനുമായി ആരോഗ്യ വകുപ്പ് 77.42 കോടി രൂപ അനുവദിച്ചു. ഡിസംബര്‍ 2020 മുതല്‍ ഏപ്രില്‍ 2021 വരെയുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇന്‍സെന്‍റീവിനും റിസ്ക് അലവന്‍സിനുമായി 22.68 കോടി രൂപയും 45.32 കോടി രൂപയും അനുവദിച്ചിരുന്നു. അതിന് പുറമേയാണ് ഈ തുക അനുവദിച്ചത്.

കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കോവിഡ് ബ്രിഗേഡ് വീണ്ടും ശക്തിപ്പെടുത്തിവരികയാണ്. ഓരോ ജില്ലയിലും രോഗികളുടെ എണ്ണം കൂടുന്ന സാഹര്യത്തില്‍ അധികമായി കിടക്കകള്‍ സജ്ജമാക്കി വരുന്നു. അതനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കാനാണ് കോവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തുന്നത്. കൂടുതല്‍ എംബിബിഎസ് ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സേവനം ഇതിന് ആവശ്യമാണ്. കൂടുതല്‍ പേര്‍ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് പൊലീസ് ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഹോം ക്വാറന്‍റൈന്‍ ലംഘിച്ചതിന് 27 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 9,114 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,791 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 33,30,250 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.