മാതാവിന്റെ വണക്കമാസ വിചിന്തനം പതിനഞ്ചാം ദിവസം

മാതാവിന്റെ വണക്കമാസ വിചിന്തനം പതിനഞ്ചാം ദിവസം

ലൂക്കാ 1:51 അവിടുന്ന് തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു.

മറിയത്തിന്റെ സ്തോത്ര ഗീതത്തിൽ നിന്നുള്ള വചനഭാഗമാണിത്. ദൈവം വെറുക്കുന്ന തിന്മകളിൽ ഒന്നാണ് അഹങ്കാരം. അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്, അഹന്ത അധഃപതനത്തിന്റെയും (സുഭാ 16:18). അഹങ്കാരം മൂലം ദൈവത്തിന്റെ ശക്തമായ കരത്താൽ ചിതറിക്കപ്പെട്ടവരുടെ നിരവധി ഉദാഹരങ്ങൾ ബൈബിളിൽ ഉണ്ട്.

അതിൽ ആദ്യത്തേത് ബാബേൽ ഗോപുരം പണികഴിപ്പിച്ചവരാണ്. അവർ പരസ്പരം പറഞ്ഞു നമുക്ക് ഒരു പട്ടണവും, ആകാശം മുട്ടുന്ന ഒരു ഗോപുരവും തീർത്തു പ്രശസ്തി നിലനിർത്താം.(ഉല്പ 11:4). എന്നാൽ ദൈവമായ കർത്താവ് അവരെ ഭൂമുഖത്തെല്ലാം ചിതറിച്ചു (11:8) എന്നു വചനത്തിൽ നാം വായിക്കുന്നു .

ഉസിയ രാജാവിനെ കുറിച്ച് പറഞ്ഞിരിക്കുന്നു, പ്രാബല്യം നേടിയപ്പോൾ അവൻ അഹങ്കാരപ്രമത്തനായി തീർന്നു. അത് അവനെ നാശത്തിലേക്ക് നയിച്ചു(2 ദിന 26 :16). അവൻ പുരോഹിന്മാരെ ധിക്കരിച്ചുകൊണ്ട് കർത്താവിന്റെ മുൻപിൽ ധൂപമർപ്പിക്കുവാൻ പ്രവേശിക്കുകയും, കുഷ്ടരോഗി ആയി മാറുകയും ചെയ്യുന്നു.

അടുത്തതായി നെബുക്കദ്‌നേസർ രാജാവ്, എന്റെ മഹാപ്രഭാവത്താൽ ഞാൻ നിർമ്മിച്ചതല്ലേ ഈ ബാബിലോൺ എന്ന് പറയുന്ന മാത്രയിൽ തന്നെ രാജ്യം നിന്നിൽ നിന്നു വേർപെട്ടിരിക്കുന്നു എന്ന സ്വരം സ്വർഗ്ഗത്തിൽ നിന്നും ഉണ്ടാകുകയും (ദാനി 4 :30-31), അവനു രാജ്യവും അധികാരവും നഷ്ടപ്പെടുകയും ചെയ്യുന്നു.

ഹേറോദേസിനെ കുറിച്ച് നാം വായിക്കുന്നു അവൻ ദൈവത്തിനു മഹത്വം നൽകാഞ്ഞാൽ കർത്താവിന്റെ ദൂതൻ അവനെ അടിച്ചു വീഴ്ത്തി, പുഴുക്കൾക്കിരയായി അവൻ അന്ത്യാശ്വാസം വലിച്ചു എന്ന് (അപ്പൊ12: 22-23).

ദൈവം അഹങ്കാരികളെ എതിർക്കുകയും എളിമയുള്ളവർക്ക് കൃപ കൊടുക്കുകയും ചെയ്യുന്നു (യാക്കോ 4:6).

നമ്മുടെ ജീവിതത്തിന്റെയും, നേടിയെടുത്തു എന്ന് നാം കരുതുന്നവയുടെയും കർതൃത്വം അല്ലെങ്കിൽ അതിന്റെ മഹത്വം, നമുക്ക് ദൈവത്തിനു നൽകാം. എളിമ എന്ന പുണ്യത്താൽ എന്നെ നിറയ്ക്കണമേ എന്ന് പരിശുദ്ധ അമ്മ വഴി ഈശോയോടു നമുക്ക് യാചിക്കാം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.