സിഡ്‌നി: ദേഹമാസകലം ചാണകം വാരിത്തേച്ചും ഗോമൂത്രം കുടിച്ചുമുള്ള ഉത്തരേന്ത്യയിലെ 'കോവിഡ് പ്രതിരോധ' കാഴ്ച്ചകളിലൂടെ ദിനംപത്രി വിദേശമാധ്യമങ്ങളുടെ പരിഹാസപാത്രമാവുകയാണ് ഇന്ത്യ. രാജ്യത്തെ ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന ഇത്തരം വിഡ്ഡിത്തങ്ങളെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചുമുള്ള വാര്‍ത്തകളാണ് ലോക മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. കോവിഡ് മഹാമാരി ഇന്ത്യയുടെ ആരോഗ്യസംവിധാനത്തെ തകര്‍ക്കുമ്പോള്‍ ഭരണനേതൃത്വം പോലും ഇത്തരം അന്ധവിശ്വാസങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിക്കുന്നതായി ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധശേഷി വര്‍ധിക്കാനെന്ന പേരില്‍ പശുത്തൊഴുത്തുകളില്‍നിന്ന് ചാണകവും ഗോമൂത്രവും ശരീരത്ത് പുരട്ടി പാലില്‍ കുളിച്ച് പ്രാര്‍ഥിക്കുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ അടക്കമാണ് എ.ബി.സിയുടെ ഞായറാഴ്ച്ചത്തെ റിപ്പോര്‍ട്ട്. വ്യാപകമായി ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് പ്രവാസി ഇന്ത്യക്കാരെയും നാണം കെടുത്തുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മനാടായ ഗുജറാത്തില്‍നിന്നാണ് കോവിഡ് പ്രതിരോധത്തിന്റെ ഈ അബദ്ധ മാതൃകകള്‍ പിന്തുടരുന്ന വാര്‍ത്തകള്‍ വരുന്നത്. കോവിഡ് മൂലം കൂട്ടമരണങ്ങള്‍ ഉണ്ടാകുമ്പോഴും രാജ്യത്തെ നാണംകെടുത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ ദൃശ്യങ്ങള്‍ സഹിതം റോയിട്ടേഴ്സും വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. കോവിഡ് തടയാന്‍ ചാണകത്തിന്റെ ഉപയോഗം സഹായിക്കുമെന്നതിന് ശാസ്ത്രീയമായ യാതൊരു തെളിവുമില്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ കിടക്കകള്‍ ലഭിക്കാതെയും ഓക്‌സിജന്‍ സിലിണ്ടര്‍ ലഭിക്കാതെയും മരുന്നുകള്‍ ലഭിക്കാതെയും രാജ്യത്ത് നിരവധിപ്പേര്‍ മരിക്കുന്നതിനിടയിലാണ് ഇത്തരം പ്രചാരണങ്ങള്‍ വ്യാപകമാവുന്നത്.
ഗുജറാത്തില്‍ സന്യാസികള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് ചാണകവും ഗോമൂത്രവും ശരീരത്ത് പുരട്ടാന്‍ ഗോശാലകളില്‍ എത്തുന്നത്. ഓരോ ആഴ്ചയും ഗോശാലകളില്‍ എത്തി ചാണകവും മൂത്രവും ശേഖരിച്ച്, ശരീരത്തില്‍ വാരിത്തേച്ച് ഉണങ്ങുംവരെ കാത്തിരിക്കും. തുടര്‍ന്ന് പശുക്കളെ ആലിംഗനം ചെയ്യുകയും ശരീരത്തിന്റെ ഊര്‍ജം വര്‍ധിപ്പിക്കാന്‍ യോഗയും ചെയ്യുന്നു. ഉണങ്ങിപ്പിടിച്ച ചാണകം മൂത്രവും പാലും ഉപയോഗിച്ച് കഴുകിക്കളയുന്നു. ഇതിന്റെ വിശദമായ റിപ്പോര്‍ട്ടുകളാണ് രാജ്യാന്തര മാധ്യമങ്ങള്‍, ഇന്ത്യയില്‍ ഭരണകൂടങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന തലക്കെട്ടുകളില്‍ പ്രസിദ്ധീകരിക്കുന്നത്.
ബി.ജെപി. പ്രവര്‍ത്തകര്‍ കോവിഡിനെതിരേ ഗോമൂത്രം കുടിക്കുന്നു (ഞായറാഴ്ച്ച എ.ബി.സിയില്‍ വന്ന ചിത്രം)
ചാണകം കത്തിക്കുമ്പോള്‍ പുറത്തുവരുന്ന പുകയ്ക്ക് കൊറോണ വൈറസിനെ നശിപ്പിക്കാന്‍ ശേഷിയുണ്ടെന്ന് അസമില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ സുമന്‍ ഹരിപ്രിയ നിയമസഭയില്‍ പരസ്യമായി പറഞ്ഞത് എ.ബി.സി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കോവിഡ് വ്യാപിച്ചുതുടങ്ങിയ സമയത്തായിരുന്നു ഈ പ്രസ്താവന. ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്ധവിശ്വാസങ്ങള്‍ക്കു മാറ്റമില്ല. വൈറസിനെ തുരത്താന്‍ വെള്ളത്തില്‍ ലയിപ്പിച്ച പശു മൂത്രം കഴിക്കണമെന്നാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ യൂ ട്യുബിലൂടെ നിര്‍ദേശിച്ചത്.
ഇന്ത്യക്കാര്‍
പവിത്രമായി കരുതുന്ന പശുവിന്റെ ഉല്‍പന്നങ്ങളായ പാല്‍, ചാണകം, മൂത്രം എന്നിവയ്ക്ക് ഔഷധ ഗുണങ്ങളുണ്ടെന്ന വിശ്വാസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രോത്സാഹിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തദ്ദേശീയമായി വളര്‍ത്തുന്ന ഇന്ത്യന്‍ പശുക്കളുടെ ഉല്‍പന്നങ്ങളുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇത്തരം വിശ്വാസങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇത് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുമെന്നും ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ സഞ്ജയ സേനനായകെ പറയുന്നു.
പകര്‍ച്ചവ്യാധി രൂക്ഷമായി പടരുമ്പോള്‍ തെറ്റായ പരിഹാരങ്ങള്‍ ജനപ്രതിനിധികള്‍ നിര്‍ദേശിക്കുന്നത് വേഗത്തില്‍ പ്രചരിക്കാന്‍ കാരണമാകും. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും ഭരണകൂടവും കപട ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ജനങ്ങളില്‍ അത് വലിയ സ്വാധീനം ചെലുത്തും. ഇത്തരം പ്രവൃത്തികളിലൂടെ രോഗശാന്തിയും പ്രതിരോധശേഷിയും ഉണ്ടാകുമെന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ ഉടലെടുമെന്ന് ഫാക്ട് ചെക്കിംഗ് വെബ്സൈറ്റ് ഓള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ പ്രതിക് സിന്‍ഹ പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാംദേവിനൊപ്പം (ഞായറാഴ്ച്ച എ.ബി.സിയില്‍ വന്ന ചിത്രം)
ഇന്ത്യയിലെ ആത്മീയ നേതാവ് ബാബാ രാംദേവിന്റെ കമ്പനി പതഞ്ജലി ഫെബ്രുവരിയില്‍ പുറത്തിറക്കിയ കോവിഡ് ഹെര്‍ബല്‍ മരുന്നിന് ആയുഷ് മന്ത്രാലയത്തില്‍നിന്ന് അംഗീകാരം ലഭിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പങ്കെടുത്ത ചടങ്ങിലാണ് മരുന്ന് പുറത്തിറക്കിയത്. ഇത് വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തി. രോഗവ്യാപനം വര്‍ധിച്ചപ്പോള്‍ ഈ മരുന്ന് ഗൂഗിളില്‍ തപ്പിയത് നിരവധി പേരാണ്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന മരുന്നെന്ന് അവകാശപ്പെട്ട് ഇത് ഓസ്‌ട്രേലിയ, യു.എസ്. തുടങ്ങിയ വിദേശ രാജ്യങ്ങളിലും വില്‍ക്കുന്നുണ്ട്.
കൂടുതല്‍ പ്രഹരശേഷിയുള്ള ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലും ജനങ്ങളുടെ ഭീതിയെ എങ്ങനെ മുതലാക്കാമെന്നാണ് രാഷ്ട്രീയ നേതൃത്വം ചിന്തിക്കുന്നത്. ഇന്ത്യയുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്ന ഗുരുതര ഘട്ടത്തിലും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും അവരുടെ അനുയായികളും തീര്‍ത്തും അശാസ്ത്രീയമായ പ്രചാരണങ്ങളിലൂടെ രാജ്യത്തെ കൂടുതല്‍ അപകടത്തിലേക്കു തള്ളിവിടുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.