'ട്രിപ്പിള്‍' തെറ്റിച്ചാല്‍ 'ട്രബിളി'ലാകും; കാക്കി വലയത്തില്‍ നാല് ജില്ലകള്‍

'ട്രിപ്പിള്‍' തെറ്റിച്ചാല്‍ 'ട്രബിളി'ലാകും; കാക്കി വലയത്തില്‍ നാല് ജില്ലകള്‍

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതോടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകള്‍ കനത്ത പൊലീസ് വലയത്തിലായി. അര്‍ധ രാത്രിയോടെ ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും കെട്ടിയടച്ച പൊലീസ് കര്‍ശന നിരീക്ഷണത്തിലാണ്. അവശ്യ സര്‍വ്വീസ് മാത്രമാണ് അനുവദിക്കുന്നത്.

സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള രേഖകളില്ലാതെ വരുന്നവര്‍ക്കെതിരെ കേസെടുക്കുന്നുണ്ട്. മേഖല തിരിച്ചുള്ള പൊലീസ് നിയന്ത്രണത്തില്‍ പോക്കറ്റ് റോഡുകള്‍ എല്ലാം അടച്ചു. പൊലീസ് പട്രോളിംഗ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പതിവ് നിയന്ത്രണങ്ങള്‍ തുടരുന്ന മറ്റ് ജില്ലകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. കടുത്ത നിയന്ത്രണം പാലിച്ചാല്‍ കോവിഡ് വ്യാപനം കാര്യമായി കുറയുകയും ചെയ്യും എന്ന സന്ദേശമാണ് അധികൃതര്‍ നല്‍കുന്നത്.

ഇതിനിടെ രോഗബാധ കുറഞ്ഞു വരുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 29.75ല്‍ നിന്ന് 25.61 ആയി കുറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ തോത് ആയ റിപ്രൊഡക്ഷന്‍ നിരക്ക് (ആര്‍.ആര്‍) 1.1 ആയി. നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടര്‍ന്നാല്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 25ാം തീയതിയോടെ നാല് ലക്ഷമായും 30നകം 3.4 ലക്ഷമായും കുറയുമെന്നുമാണു സര്‍ക്കാരിന്റെ പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട്.

കോഴിക്കോട് ഉള്‍പ്പെടെ കോവിഡ് നിരക്ക് കുതിച്ചുയര്‍ന്നിരുന്ന ചില ജില്ലകളില്‍ വ്യാപനത്തിന്റെ തോതു കുറഞ്ഞു. അതേസമയം, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഈ മാസം അവസാനം വരെ തീവ്രവ്യാപനം തുടരും. തിരുവനന്തപുരത്ത് 30 വരെയും കൊല്ലത്ത് 26 വരെയും കോട്ടയത്ത് 20 വരെയും കോവിഡ് ബാധിതരുടെ എണ്ണം ഉയരാനിടയുണ്ട്. കനത്ത മഴയും കാറ്റും കടലേറ്റവും മൂലം ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയത് രോഗവ്യാപനം വര്‍ധിപ്പിച്ചേക്കാമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.