കാനറ ബാങ്കിലെ എട്ട് കോടിയുടെ തട്ടിപ്പ്: പ്രതി മൂന്ന് മാസത്തിന് ശേഷം പിടിയില്‍

കാനറ ബാങ്കിലെ എട്ട് കോടിയുടെ തട്ടിപ്പ്: പ്രതി മൂന്ന് മാസത്തിന് ശേഷം പിടിയില്‍

പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ നിന്ന് എട്ട് കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയില്‍. ബാങ്ക് ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസ് ആണ് പിടിയിലായത്. ബെംഗളുരുവില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ദീര്‍ഘകാല സ്ഥിരനിക്ഷേപങ്ങളിലെയും, കാലാവധി പിന്നിട്ടിട്ടും പിന്‍വലിക്കാത്ത അക്കൗണ്ടുകളിലെയും പണമാണ് വിജീഷ് തട്ടിയെടുത്തത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് അയാള്‍ തട്ടിപ്പു നടത്തിയത്. 8,13,64,539 രൂപയാണ് തട്ടിയെടുത്തെന്നാണ് ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയത്.

ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിൽ ജീവനക്കാരൻ നടത്തിയ തട്ടിപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് തടയാൻ കഴിഞ്ഞില്ലെന്നും കണ്ടെത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനേജർ, അസി. മാനേജർ എന്നിവരടക്കം 5ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു.

ബാങ്കിലെ നിക്ഷേപകരുടെ പാസ്‍വേർഡ് ദുരുപയോഗം ചെയ്താണ് പ്രതി പണം തട്ടിയെടുത്തിരുന്നത്. സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം ഉടമ അറിയാതെ ക്ലോസ് ചെയ്തെന്ന പരാതിയില്‍ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതര്‍ പരിശോധന തുടങ്ങിയത്. കനറാ ബാങ്ക് ജീവനക്കാരന്റെ ഭാര്യയുടെ പണമാണ് പിന്‍വലിച്ചതായി കണ്ടെത്തിയത്. പിഴവ് പറ്റിയതാണെന്ന് പറഞ്ഞൊഴിഞ്ഞ വിജീഷ് ബാങ്കിന്റെ പാര്‍ക്കിങ് അക്കൗണ്ടില്‍നിന്നുള്ള പണം തിരികെനല്‍കി പരാതി പരിഹരിച്ചു. പിന്നീട് ബാങ്ക് അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്.
ബെംഗളുരുവില്‍ നിന്ന് വിജീഷിനെ കസ്റ്റഡിയിലെടുക്കുമ്പോൾ പ്രതിക്കൊപ്പം ഭാര്യയും രണ്ടുകുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.