ബാലപീഡനം മാനസിക കൊലപാതകമെന്ന് ഫ്രാന്‍സീസ് പാപ്പാ

ബാലപീഡനം മാനസിക കൊലപാതകമെന്ന് ഫ്രാന്‍സീസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: കുഞ്ഞുങ്ങള്‍ക്കു നേരേയുള്ള പീഡനം മാനസിക കൊലപാതകമാണെന്നും അവരുടെ ബാല്യത്തെത്തന്നെ ഇല്ലായ്മ ചെയ്യുമെന്നും ഫ്രാന്‍സീസ് പാപ്പ. കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗിക ചൂഷണത്തില്‍നിന്ന് അവരെ രക്ഷിക്കാനും ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും എല്ലാ രാഷ്ട്രങ്ങള്‍ക്കും കടമയുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഇറ്റലിയില്‍ കുട്ടികളുടെ സംരക്ഷണത്തിനായി 1989 മുതല്‍ പ്രവര്‍ത്തിക്കുന്ന 'മേത്തർ' എന്ന സംഘടനയുടെ അമ്പതോളം പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. സ്ഥാപക അധ്യക്ഷനായ വൈദികന്‍ ഫൊര്‍ത്തുണാത്തൊ ഡി നോത്തൊയുടെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ് സംഘം വത്തിക്കാനില്‍ എത്തിയത്.

ശിശുക്കളോടും അശരണരോടുമുള്ള സഭയുടെ സ്‌നേഹത്തെ ദൃശ്യമാക്കുന്നതാണ് മേത്തർ സംഘടനയുടെ പ്രവര്‍ത്തനമെന്ന് പാപ്പാ പറഞ്ഞു. ഈ സംഘടനയെ ഒരു ഭവനത്തോട് ഉപമിക്കാം. കാരണം ഭവനത്തിന്, ആശങ്കയുടെയും വേദനയുടെയും വേളകളില്‍, സ്‌നേഹവും വാത്സല്യവും ആര്‍ദ്രതയും നിറയുന്ന കുടുംബത്തിന്റേതായ പരിമളം ഉണ്ടെന്നു പാപ്പാ വിശദീകരിച്ചു.

കുട്ടികള്‍ക്കു നേരേയുള്ള പീഡനങ്ങള്‍ നിരന്തരം നടക്കുന്നതിനാല്‍ 'മേത്തർ' പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ അനിവാര്യമാണ്. ദൈവത്തിനു നമ്മോടും നമുക്കു ദൈവത്തോടുമുള്ള സ്‌നേഹം വേറിട്ടു നിര്‍ത്താനാവില്ലെന്നും മേത്തറിന്റെ അനുദിന പ്രവര്‍ത്തനങ്ങളെ ദൈവവുമായുള്ള ദൈനംദിന ബന്ധത്തില്‍ വേരുറപ്പിക്കണമെന്നും പാപ്പാ പറഞ്ഞു. അതായത്, വ്യക്തിപരവും സാമൂഹ്യവുമായ പ്രാര്‍ഥന, ദൈവവചന ശ്രവണം, വിശുദ്ധകുര്‍ബ്ബാന എന്നിവയില്‍ അധിഷ്ഠിതമായിരിക്കണം സംഘടനയുടെ പ്രവര്‍ത്തനമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെ കുട്ടികളെ ചൂഷണത്തിനിരയാക്കുന്നതിനും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനും എതിരേ ശക്തമായ പേരാട്ടമാണ് സംഘടന നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.