സുവേന്ദുവിന് ഓഫിസിലെത്തി പണം നല്‍കി; അറസ്റ്റ് ചെയ്യാത്തതില്‍ അമര്‍ഷമെന്ന് മാത്യു സാമുവല്‍

സുവേന്ദുവിന് ഓഫിസിലെത്തി പണം നല്‍കി; അറസ്റ്റ് ചെയ്യാത്തതില്‍ അമര്‍ഷമെന്ന് മാത്യു സാമുവല്‍

ന്യൂഡല്‍ഹി: നാരദ കേസില്‍ തൃണമൂല്‍ മന്ത്രിമാരായ സുബ്രത മുഖര്‍ജി, ഫിര്‍ഹാദ് ഹക്കീം തുടങ്ങിയ രാഷ്ട്രീയക്കാരെ സിബിഐ അറസ്റ്റു ചെയ്തതില്‍ സന്തോഷം പ്രകടിപ്പിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പരാതിക്കാരനുമായ മാത്യു സാമുവല്‍. തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ തൃണമൂല്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെയും സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു.

തെളിവുകള്‍ ലഭിച്ചിട്ടും ബിജെപി നേതാവ് സുവേന്ദു അധികാരിയെ പോലുള്ളവര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ അസംതൃപ്തിയുണ്ടെന്നു മാത്യു പറഞ്ഞു. തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ അറസ്റ്റു ചെയ്തതില്‍ പ്രകോപിതയായ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്തയിലെ സിബിഐ ഓഫിസിലെത്തി 'എന്നെയും അറസ്റ്റ് ചെയ്യൂ' എന്ന് ഉദ്യോഗസ്ഥരോടു പറഞ്ഞെന്നാണു റിപ്പോര്‍ട്ട്.

'ഇതു സന്തോഷത്തിന്റെ ദിവസമാണ്. രഹസ്യ ഓപ്പറേഷന്റെ ടേപ്പുകള്‍ 2016ലാണ് പുറത്തുവിട്ടത്. രാഷ്ട്രീയക്കാരെ പിടികൂടാന്‍ സിബിഐയ്ക്കു കഴിഞ്ഞില്ല. മൂന്ന് വര്‍ഷം മുന്‍പു കുറ്റപത്രം തയാറാക്കിയിരുന്നു. ഞാന്‍ സുവേന്ദു അധികാരിക്ക് ഓഫിസിലെത്തി പണം നല്‍കിയതാണ്. അദ്ദേഹത്തിന്റെ പേര് പട്ടികയില്‍ ഇല്ല. എന്നില്‍നിന്നു പണം ലഭിച്ചതായി സുവേന്ദു സമ്മതിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു' അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകനും നാരദ ന്യൂസിന്റെ സ്ഥാപകനുമായ മാത്യു പറയുന്നു. 2016ല്‍, ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണു തൃണമൂല്‍ നേതാക്കള്‍ ചില ആനുകൂല്യങ്ങള്‍ക്കു പകരമായി പണം സ്വീകരിച്ചതായുള്ള വിഡിയോ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പ്രസിദ്ധീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.