'മിസ്റ്റര്‍ മരുമകന്‍' ഇനി 'മിനിസ്റ്റര്‍ മരുമകന്‍'

 'മിസ്റ്റര്‍ മരുമകന്‍' ഇനി 'മിനിസ്റ്റര്‍ മരുമകന്‍'

കൊച്ചി: മക്കള്‍ രാഷ്ടീയം കേരള നിയമസഭയില്‍ പണ്ടു മുതലുണ്ട്. അങ്ങനെ ജയിച്ചവരില്‍ പലരും മന്ത്രിമാരുമായിട്ടുണ്ട്. എന്നാല്‍ അമ്മായിയപ്പന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ മരുമകന്‍ മന്ത്രിയായെത്തുന്നത് പതിനഞ്ചാം നിയമസഭയിലെ പ്രത്യേകതയും കൗതുകവുമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഭര്‍ത്താവും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ പി.എ മുഹമ്മദ് റിയാസും ഇത്തവണ മന്ത്രിസഭയിലെത്തുന്നതോടെയാണ് ഇങ്ങനെയൊരു പ്രത്യേകത. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ റിയാസ് വിവാഹം ചെയ്തത് 2020 ജൂണ്‍ 15നാണ്.

പുതുമുഖങ്ങളുടെ പട്ടികയില്‍ മന്ത്രി പദവിയിലെത്തുന്ന പി.എ മുഹമ്മദ് റിയാസിന് ഡിവൈഎഫ്ഐ പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാക്കിയാണ് മന്ത്രിസ്ഥാനം നല്‍കിയിരിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. കോഴിക്കോട് ജില്ലയിലെ ബേപ്പൂരില്‍ നിന്നാണ് ഇത്തവണ റിയാസ് നിയമസഭയിലേക്കെത്തിയത്. കോണ്‍ഗ്രസിന്റെ അഡ്വ. പി.എം നിയാസിനെ 28,747 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുഹമ്മദ് റിയാസ് സഭയിലെത്തുന്നത്.

ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.എം അബ്ദുള്‍ ഖാദറിന്റെ മകനാണ് മുഹമ്മദ് റിയാസ്. കോഴിക്കോട് സെന്റ് ജോസഫ്സ് സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കോളേജ് പഠനകാലത്ത് ഫറൂഖ് കോളേജിലെ പ്രീ ഡിഗ്രി പ്രതിനിധിയായി.1995ല്‍ യൂണിറ്റ് സെക്രട്ടറിയായി. ഡിഗ്രി കാലത്ത് യൂണിവേഴ്ഡസിറ്റി യൂണിയന്‍ കൗണ്‍സിലറായി. ഈ സമയമായപ്പോഴേക്കും എസ്എഫ്ഐയുടെ പ്രമുഖ നേതാവായി മുഹമ്മദ് റിയാസ് മാറിയിരുന്നു.

പിന്നീട് ഇടത്പക്ഷ യുവജന രംഗത്തും സജീവമായ റിയാസ് ഡിവൈഎഫ്ഐയുടെ കോഴിക്കോട് ജില്ലയിലെ പ്രധാന മുഖമായി. സംഘടനയുടെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി പദവികള്‍ വഹിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയില്‍ അംഗമായ റിയാസ് വൈകാതെ അഖിലേന്ത്യാ പ്രസിഡന്റുമായി.

2009 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായിയെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ കരുത്തനായ എം.കെ രാഘവനോട് അതിശക്തമായ പോരാട്ടം കാഴ്ചവച്ച ശേഷം കേവലം 838 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ രണ്ടാം അങ്കമായിരുന്നു ഇത്തവണ. മികച്ച ഭൂരിപക്ഷത്തില്‍ തന്നെ റിയാസിനെ ബേപ്പൂരിലെ സമ്മതിദായകര്‍ നിയമസഭയിലെത്തിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.