കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കര്‍ഷകര്‍

കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതികളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഏതാണ്ട് അഞ്ച് മാസം പിന്നിട്ടിരിക്കുകയാണ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ സമരമുഖം വാര്‍ത്തകളില്‍ നിന്ന് അല്പം മാറിയിരുന്നെങ്കിലും ഡല്‍ഹിയിലെ പ്രതിഷേധ പരിപാടികളില്‍ കര്‍ഷകര്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. തങ്ങളുടെ ക്ഷമ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിക്കരുതെന്നും സംസാരിച്ച് ഉടന്‍ തന്നെ തങ്ങളുടെ ആവശ്യം അംഗീകരിക്കുകയും ചെയ്യണമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കുന്നത്.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നും മിനിമം താങ്ങ് വിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നല്‍കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് ദില്ലി അതിര്‍ത്തിളായ സിങ്കു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധിക്കുന്നത്. കര്‍ഷക സമരത്തിനിടെ 470ല്‍ അധികം കര്‍ഷകര്‍ മരണത്തിന് കീഴടങ്ങി. നിരവധി പേര്‍ക്ക് അവരുടെ ജോലി, വിദ്യാഭ്യാസം എന്നിവ ഉപേക്ഷിക്കേണ്ടിവന്നു. ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധം തുടരുന്ന കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഇതുവരെ 11 തവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഇരുപക്ഷവും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ പ്രതിസന്ധി തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ 12-18 മാസത്തേക്ക് നടപ്പാക്കുന്നില്ലെന്ന് ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഇത് കര്‍ഷക സംഘടനകള്‍ നിരസിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.