കൈഫ: ഇസ്രയേലിലെ കൈഫയില്‍ ഇന്നലെ നാലിടത്ത് ഹമാസിന്റെ ബോംബാക്രണമുണ്ടായി. രണ്ടു പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. പലസ്തീന്‍-ഇസ്രയേല്‍ പരസ്പരം ആക്രമണങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഐക്യരാഷ്ട്ര സഭ നിര്‍ദ്ദേശിച്ചിട്ടും ആക്രമണങ്ങള്‍ തുടരുകയാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് കൈഫ ഇന്നലെ സാക്ഷിയായപ്പോള്‍ അവിടെ കെയര്‍ ഗിവറായി ജോലി ചെയ്യുന്ന ഭാര്യ സുനിത ഇടയ്ക്ക് മയങ്ങിപ്പോകാതിരിക്കാന്‍ നിരന്തരം ഫോണ്‍ വിളിയുമായി ഇങ്ങ് കേരളത്തില്‍ ഉറങ്ങാതെ കാവലിരിക്കുകയായിരുന്നു കോഴിക്കോട് പുതുപ്പാടി സ്വദേശിയായ ഇ.കെ റോയിച്ചന്‍.
ഭാര്യ സുനിത ജോസഫ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇസ്രയേലിലെ കൈഫയിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ രാത്രി എട്ടുമണിക്ക് സുനിതയുടെ ഫോണ്‍ വന്നു. 'കൈഫയില്‍ സ്ഥിതികള്‍ രൂക്ഷമാകുന്നു ഉറങ്ങാതിരിക്കണം, പതിനഞ്ചു മിനിറ്റുകൂടുമ്പോള്‍ വിളിച്ചുകൊണ്ടേയിരിക്കണം'.
ഇസ്രയേല്‍ ഗവണ്‍മെന്റ് നേരിട്ട് നിയമിച്ച കെയര്‍ഗിവര്‍മാരില്‍ ഒരാളാണ് സുനിത. നഴ്‌സിങ് പഠനം പൂര്‍ത്തിയായപ്പോള്‍ കുറച്ചുകാലം ഗള്‍ഫില്‍ ജോലി ചെയ്ത ശേഷമാണ് സുനിത ഇസ്രയേലിലെത്തുന്നത്. അഞ്ചുവര്‍ഷമാണ് ഗവണ്‍മെന്റുമായുള്ള കരാറിന്റെ കാലാവധി. മുമ്പ് കെയര്‍ ഗിവറായി സേവനം നല്‍കിയ അമ്മ മരിച്ചതോടെ പുതിയ വീട്ടിലേക്ക് സര്‍ക്കാര്‍ ഓര്‍ഡര്‍ പ്രകാരമാണ് സുനിത എത്തുന്നത്.
റിട്ടയേഡ് അധ്യാപികയായ തന്റെ പേഷ്യന്റിന് കൃത്യസമയത്ത് മരുന്നുകള്‍ നല്‍കുക, അസുഖങ്ങളോ ശാരീരിക അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ ആശുപത്രിയിലേക്ക് വിവരമറിയിക്കുക, പേഷ്യന്റിനെ കുളിപ്പിക്കുവാനും വസ്ത്രം മാറ്റുവാനുമൊക്കെയായി ഏര്‍പ്പാടാക്കിയ ജോലിക്കാര്‍ വരുമ്പോള്‍ കൂടെ നില്‍ക്കുക തുടങ്ങിയ ജോലികളാണ് സുനിതയുടേത്.
സുനിതയുടെ പേഷ്യന്റിന് അല്‍പം മാനസികാസ്വാസ്ഥ്യവുമുണ്ട്. പ്രായാധിക്യത്താലുള്ള അസുഖത്തേക്കാള്‍ കൂടുതല്‍ സുബോധമില്ലായ്മ പലപ്പോഴും അവര്‍ ഇസ്രയേലില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ബോധവതിയല്ല എന്നതാണ് സുനിതക്കുള്ള ഏറ്റവും വലിയ വെല്ലുവിളി.
ബോംബ് വര്‍ഷിക്കപ്പെടുന്നു എന്ന മുന്നറിയിപ്പുമായി നീണ്ട സൈറണ്‍ മുഴങ്ങുമ്പോഴേക്കും കെയര്‍ ഗിവര്‍മാര്‍ തങ്ങളുടെ പേഷ്യന്റെിനെയും കൂട്ടി ബങ്കറിനുള്ളില്‍ പോയി ഒളിച്ചിരിക്കണം. ആരും കാണാത്ത ഭാഗത്ത്, ഭൂമിക്കടിയിലേക്കായി ഓരോ വീടിനും പ്രത്യേക ഒളിമുറികള്‍ ഉണ്ടാകും. ചെരിഞ്ഞാണ് ബോംബ് പതിക്കുന്നതെങ്കില്‍ അത് കൃത്യം ബങ്കറിനെയാണ് തകര്‍ക്കുക. അതുകൊണ്ട് അവിടെയും നൂറുശതമാനം സുരക്ഷിതത്വമില്ല. പുറത്ത് ബോംബ് പൊട്ടിത്തീര്‍ന്ന് എല്ലാം ശാന്തമായതിനുശേഷമേ അവിടെ നിന്നും പുറത്തിറങ്ങാന്‍ പാടുള്ളൂ.
വെള്ളവും മൊബൈല്‍ ഫോണും ചാര്‍ജറും അത്യാവശ്യം ഭക്ഷണവുമെല്ലാം ആ ബങ്കറിനുള്ളില്‍ സൂക്ഷിക്കണം. കഷ്ടി രണ്ടുപേര്‍ക്ക് ഇരിക്കാനുള്ള ഇടമേ അതിലുണ്ടാവുകയുള്ളൂ. അവിടുത്തെ ജീവിത സംസ്‌കാരത്തിന് അത് ധാരാളമാണ്. വലുതായിക്കഴിഞ്ഞാല്‍ മക്കളെല്ലാം വെവ്വേറെ താമസിക്കും. ഒറ്റയ്ക്കാവുന്ന മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ് ഗവണ്‍മെന്റ് കെയര്‍ ടേക്കര്‍മാരുടെ കയ്യിലേക്ക് ഏല്‍പിക്കുന്നത്. ഏറ്റവും വലിയ വെല്ലുവിളി സൈറണ്‍ കേട്ട് രണ്ടുമിനിറ്റിനകം ബങ്കറിനുള്ളില്‍ എത്തിയിരിക്കണം എന്നുള്ളതാണ്. വൈകിപ്പോയാല്‍ പിന്നെ അഗ്‌നിക്കിരയാവുകയേ നിവൃത്തിയുള്ളൂ.
തങ്ങളുടെ പ്രദേശത്തോ സമീപപ്രദേശത്തോ ആക്രമണമുണ്ടായാല്‍ സ്വതവേ കെയര്‍ ഗിവര്‍മാര്‍ ജാഗരൂകരായി ഇരിക്കും. ഉറങ്ങിപ്പോകാന്‍ പാടില്ല എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി. തന്റെ ഭാര്യ ഉറങ്ങിപ്പോവാതിരിക്കാന്‍ ഓരോ പത്തുമിനിറ്റ് കൂടുമ്പോഴും ഫോണ്‍ വിളിച്ച് സ്ഥിതിഗതികള്‍ അന്വേഷിച്ചും വിശേഷങ്ങള്‍ പറഞ്ഞും മക്കളുടെ പഠന സ്ഥിതികള്‍ വിലയിരുത്തിയും സമയം നീക്കിക്കൊണ്ടേയിരിക്കുകയായിരുന്നു റോയിച്ചന്‍. ഇദ്ദേഹത്തെപ്പോലെ നിരവധി പേര്‍ ഉറങ്ങാതെ ഇന്നലെ കാവലിരുന്നിട്ടുണ്ടാവും.
ആക്രമണ സൈറണ്‍ കേട്ടാല്‍ അമ്മച്ചിക്കുവേണ്ടി കാത്തുനില്‍ക്കാതെ സ്വയംരക്ഷ കരുതിക്കോളണം എന്നാണ് അവരുടെ മക്കള്‍ സുനിതയോട് പറഞ്ഞിരിക്കുന്നത്. സൈറണ്‍ കേട്ടാല്‍ ബങ്കറിലേക്ക് ഓടുന്നതിനിടയില്‍ പറ്റിയാല്‍ അമ്മച്ചിയേയും കൂട്ടുക എന്ന നിലപാട് എടുത്താല്‍ മതിയെന്നാണ് മക്കള്‍ പറഞ്ഞത്. സ്വയംരക്ഷ നോക്കാനാണ് ഗവണ്‍മെന്റും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അമ്മച്ചിയുടെ മക്കള്‍ പകല്‍ വന്നിട്ട് സ്ഥിതികള്‍ അന്വേഷിച്ചിട്ട് പോകും. ബാക്കി ഉത്തരവാദിത്തമെല്ലാം സര്‍ക്കാരിനാണ്.
അമ്മച്ചിയുടെ പകുതി പെന്‍ഷനും ബാക്കി ഇസ്രയേല്‍ ഗവണ്‍മെന്റും ചേര്‍ന്നാണ് കെയര്‍ ഗിവര്‍മാര്‍ക്ക് ശമ്പളം കൊടുക്കുന്നത്. സുനിതയെപ്പോലെ ധാരാളം മലയാളി നഴ്‌സുമാര്‍ ഇങ്ങനെ ഇസ്രയേലില്‍ ജോലിചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് എല്ലാ മലയാളി നഴ്‌സുമാരും സംഘടിച്ച് വിനോദ യാത്രയ്ക്ക് പോയത്. ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയും അവരോടൊപ്പമുണ്ടായിരുന്നു. നൂറുകണക്കിന് ബോംബുകള്‍ തുരുതുരെ വര്‍ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ആകാശത്തുനിന്നു തന്നെ അവയെ നിര്‍വീര്യമാക്കിക്കൊണ്ടിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം.
നിര്‍വീര്യമാക്കുന്നതില്‍ ഉള്‍പ്പെടാതെ പോകുന്നവയാണ് താഴോട്ട് പതിച്ച് നാശം വിതക്കുന്നത്. അത്തരത്തില്‍ പതിച്ചവയാണ് സൗമ്യയുള്‍പ്പെടെയുള്ളവരുടെ ജീവനെടുത്തത്. കൂട്ടത്തിലൊരാള്‍ കൊല്ലപ്പെട്ടതും അവര്‍ക്കിയില്‍ ഭീതിയുളവാക്കിയിട്ടുണ്ട്.ഗവണ്‍മെന്റ് അവര്‍ക്ക് നിയമപരമായ അവധികളും ആനുകൂല്യങ്ങളും എല്ലാം നല്‍കുന്നുമുണ്ട്.
കരാറുകള്‍ സര്‍ക്കാരുമായിട്ടാണ് എന്നതിനാല്‍ തിരികെ വരുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതും ഇസ്രയേല്‍ ഗവണ്‍മെന്റാണ്. സേവനം നിര്‍ത്തിപ്പോരുന്നതോടെ പിന്നെ ഇസ്രയേല്‍ നഴ്‌സിങ് മേഖലയിലേക്ക് പ്രവേശനമില്ല. പിന്നീട് ആ രാജ്യത്തേക്ക് സന്ദര്‍ശിക്കാന്‍ അനുമതിയുള്ളത് ഒരു ടൂറിസ്റ്റ് എന്ന നിലയില്‍ മാത്രമാണ്.
'ഭാര്യയെ വിളിക്കുമ്പോള്‍ തുടരെത്തുടരെയുള്ള സൈറണ്‍ കേള്‍ക്കാം. ആംബുലന്‍സിന്റെയാണോ അതോ മുന്നറിയിപ്പാണോ എന്ന് നമുക്കുതന്നെ ആശയക്കുഴപ്പമാകും. ഒന്നുകൂടി കേട്ടിട്ട് ഉറപ്പിക്കാനുള്ള സമയവുമില്ലല്ലോ. ഇന്നലെ വൈകിട്ട് നാല് മണിമുതല്‍ ഇടതടവില്ലാതെ ആംബുലന്‍സുകളും പോലീസ് വാഹനങ്ങളും സൈനികരുടെ വാഹനങ്ങളുമെല്ലാം കൈഫയിലൂടെ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുകയാണെന്ന് ഫോണിലൂടെ ബഹളം കേള്‍ക്കുമ്പോള്‍ നമുക്ക് മനസ്സിലാകും.
ആ ബഹളത്തിനിടയില്‍ മുന്നറിയിപ്പ് സൈറണ്‍ മുങ്ങിപ്പോയാലുള്ള അവസ്ഥയാലോചിക്കുമ്പോള്‍ ഒരുപോള കണ്ണടഞ്ഞില്ല. രാത്രി എട്ടുമണി മുതല്‍ രാവിലെ ഏഴുമണി വരെ പത്തുമിനിറ്റ് ഇടവേളയില്‍ ഞാന്‍ വിളിച്ചുകൊണ്ടേയിരുന്നു. ബഹളങ്ങള്‍ ഏതാണ്ട് കെട്ടടങ്ങിയത് രാവിലെയാണ്. ഉറങ്ങാതെ ജാഗരൂകരായിരിക്കാനാണ് ഗവണ്‍മെന്റും ജനങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം.
കേരളം പോലുള്ള സകല സമാധാനവും അനുഭവിക്കുന്ന ഒരിടത്തിരിക്കുമ്പോള്‍ അവളോട് എല്ലാം ഇട്ടെറിഞ്ഞ് പോരാന്‍ പറയാനാണ് തോന്നിയത്. കഴിഞ്ഞ ഡിസംബറില്‍ സുനിത സേവനം മതിയാക്കി പോരേണ്ടതാണ്. അപ്പോഴാണ് കോവിഡ് കൂടിയതും ഫ്‌ളൈറ്റുകള്‍ നിര്‍ത്തലാക്കിയതും. ഇനിയിപ്പോള്‍ അവിടെ എല്ലാം കെട്ടടങ്ങുന്നതുവരെ കാത്തിരിക്കണം. അതുവരെ മനസമാധാനമില്ലാതെ ഉറക്കമൊഴിഞ്ഞിരിക്കേണ്ടിവരും' - റോയിച്ചന്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.