ജയില്‍ ജീവിതത്തില്‍ ഏറെ വേദനിച്ചത് കത്തോലിക്ക സഭയെ ഓര്‍ത്ത്: സഹനത്തിന്റെ ദിനങ്ങളെക്കുറിച്ച് മനസ് തുറന്ന് കര്‍ദിനാള്‍ ജോര്‍ജ് പെല്‍

ജയില്‍ ജീവിതത്തില്‍ ഏറെ വേദനിച്ചത് കത്തോലിക്ക സഭയെ ഓര്‍ത്ത്: സഹനത്തിന്റെ ദിനങ്ങളെക്കുറിച്ച് മനസ് തുറന്ന് കര്‍ദിനാള്‍ ജോര്‍ജ് പെല്‍

വത്തിക്കാന്‍ സിറ്റി: തനിക്കെതിരേയുള്ള ആരോപണങ്ങള്‍ പരിശുദ്ധ കത്തോലിക്ക സഭയ്ക്ക് ഏല്‍പിച്ച മുറിവുകളെക്കുറിച്ച് ഓര്‍ത്താണ് ജയില്‍ ജീവിതത്തില്‍ ഏറെ വേദനിച്ചതെന്ന് കര്‍ദിനാള്‍ ജോര്‍ജ് പെല്‍. ആ നാളുകളിലെ ആശങ്കയും ദുഃഖവും സഭയെക്കുറിച്ചായിരുന്നു. കേസും വിചാരണയും മൂലം സഭയ്ക്കുണ്ടായ ക്ഷതവും അപമാനവും എത്രത്തോളമെന്നാണ് ഞാന്‍ ചിന്തിച്ചത്. പ്രത്യേകിച്ച് ഓസ്‌ട്രേലിയയിലെ സഭയ്ക്ക്. കാരണം ഞാന്‍ സഭയിലെ ഉന്നത സ്ഥാനീയനായ വ്യക്തിയാണ്. എനിക്കെതിരേയുള്ള ആരോപണങ്ങള്‍ സ്വാഭാവികമായി സഭയ്‌ക്കെതിരേയുള്ള ആരോപണങ്ങളായി മാറും. ഈ ചിന്തയാണ് എന്നെ കൂടുതല്‍ മുറിപ്പെടുത്തിയത്. വത്തിക്കാനില്‍, ബി.ബി.സിക്കു വേണ്ടി കോം ഫ്‌ളിന്‍ കഴിഞ്ഞദിവസം നടത്തിയ അഭിമുഖത്തിലാണ് കര്‍ദിനാള്‍ ജോര്‍ജ് പെല്‍ ഇങ്ങനെ പറഞ്ഞത്.

ലൈംഗിക ആരോപണം ഉയര്‍ന്നപ്പോള്‍മുതല്‍ ഏറെക്കാലത്തേക്ക് അത് എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. വയറിനുള്ളിലെ ഒരു വേദന പോലെ ഞാന്‍ എപ്പോഴും അസ്വസ്ഥനായി. എങ്കിലും ഞാന്‍ സഹനത്തിന്റെ പാതയില്‍ പോരാടാന്‍തന്നെ ഉറച്ചു. വിചാരണക്കാലത്ത് ഓസ്‌ട്രേലിയന്‍ സമൂഹം അവരുടെ ഏറ്റവും വലിയ ശത്രുവായിട്ടാണ് എന്നെ കണ്ടിരുന്നതെന്നും കര്‍ദിനാള്‍ പറഞ്ഞു.

ജയില്‍ എന്നത് ഏറ്റവും അപമാനകരമായ അനുഭവമാണ്. ഒരാള്‍ക്കു സംഭവിക്കാവുന്ന നാണക്കേടിന്റെയും വീഴ്ച്ചയുടെയും അടയാളമാണത്. കുഴിയിലേക്കു താഴുന്ന അവസ്ഥ. എങ്കിലും മാന്യമായ പരിഗണനയാണ് എനിക്ക് അവിടെ ലഭിച്ചത്. കിടക്കയും കുളിക്കാന്‍ ചൂടുവെള്ളവും ഭക്ഷണവും ലഭിച്ചു.

'പ്രാര്‍ഥിക്കാന്‍ സമയമില്ല, തിരക്കാണ്' എന്ന് ജയിലായിരിക്കുമ്പോള്‍ ദൈവത്തോട് പരാതി പറയാനാവില്ല. അതിനാല്‍ ഞാന്‍ നിരന്തരം പ്രാര്‍ഥിച്ചു. ജയിലിലെ പ്രാര്‍ഥനാ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചെറുപുഞ്ചിരിയോടെ കര്‍ദിനാളിന്റെ മറുപടി. സഹനത്തിന്റെ പാതയിലൂടെയുള്ള പോരാട്ടത്തില്‍ സത്യം ജയിക്കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു. കാരണം ഞാന്‍ പൂര്‍ണമായും നിരപരാധിയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഓസ്‌ട്രേലിയയിലെ പരമോന്നത കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ച ശേഷം ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദേശപ്രകാരം ഒക്‌ടോബര്‍ മുതല്‍ വത്തിക്കാനിലാണ് കര്‍ദിനാള്‍. നിരപരാധിയായിട്ടും ലൈംഗിക കുറ്റാരോപണക്കേസില്‍ ഏറ്റവാങ്ങേണ്ടി വന്ന അപമാനവും ജയില്‍ ജീവിതവും ഒടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ടതു വരെയുള്ള വേദന നിറഞ്ഞ കാലഘട്ടത്തെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു .


കര്‍ദിനാള്‍ ജോര്‍ജ് പെല്ലുമായി ബി.ബി.സിക്കു വേണ്ടി കോം ഫ്‌ളിന്‍ നടത്തിയ അഭിമുഖത്തില്‍നിന്ന്

തുടര്‍ച്ചയായി അപമാനിക്കപ്പെട്ട ഏതെങ്കിലും സാഹചര്യത്തില്‍ ദൈവത്തെ കുറ്റപ്പെടുത്തിയോ എന്ന ചോദ്യത്തിന്, ക്രൈസ്തവ ജീവിതത്തില്‍ യേശുവിന് ലഭിച്ചത് നമുക്ക് വേണ്ടെന്നു പറയാനാവുമോ എന്നായിരുന്നു കര്‍ദിനാളിന്റെ മറുചോദ്യം. യേശു എല്ലാ വേദനയിലൂടെയും കടന്നുപോയി. കഠിനമായ പരീക്ഷണങ്ങളിലും ദൈവത്തില്‍ അടിയുറച്ചു വിശ്വസിച്ച പഴയ നിയമത്തിലെ ജോബിന്റെ സഹനം ഓര്‍ക്കുമ്പോള്‍ അതിജീവിക്കാനുള്ള ശക്തി ലഭിക്കുമായിരുന്നു. യേശുവില്‍ ഉറച്ച വിശ്വാസം അര്‍പ്പിക്കുമ്പോള്‍ എല്ലാത്തിന്റെയും അന്ത്യം ശുഭകരമായി മാറുമെന്ന തീര്‍ച്ച എനിക്കുണ്ടായിരുന്നു. ജയിലിലുള്ള സമയം പ്രാര്‍ഥനയ്ക്കായാണ് കൂടുതല്‍ സമയം മാറ്റിവച്ചത്.

തന്റെ വിശ്വാസം ഇപ്പോള്‍ ഏറെ തിളക്കമേറിയതായെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ദൈവ പരിപാലനയിലുള്ള വിശ്വാസം കൂടുതല്‍ ശക്തിപ്പെട്ടു. യുവജനങ്ങളോടു പ്രത്യേകമായി പറയാനുള്ളത് സഹനം നന്മയിലേക്കു നയിക്കും. ക്ഷമയോടെ കാത്തിരിക്കുക എന്നാണ്, യുവതലമുറയിലെ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയെക്കുറിച്ച് പരോക്ഷമായി പരാമര്‍ശിച്ച് കര്‍ദിനാള്‍ പറഞ്ഞു.

നിരപരാധിയെന്നു തെളിഞ്ഞിട്ടും ഇപ്പോഴും അങ്ങ് കുറ്റക്കാരനാണെന്നു വിശ്വസിക്കുന്നവരോട് എന്താണു പറയാനുള്ളതെന്ന ചോദ്യത്തിന്, ഈ കേസ് ശ്രദ്ധാപൂര്‍വം പഠിച്ചശേഷം നിങ്ങളുടേതായ നിഗമനത്തിലെത്തുക എന്നതായിരുന്നു കര്‍ദിനാളിന്റെ മറുപടി.

ജയില്‍മോചിതനായ ശേഷം മാതൃരാജ്യമായ ഓസ്‌ട്രേലിയയില്‍നിന്ന് റോമിലേക്കു മടങ്ങിയതിനെക്കുറിച്ചും കര്‍ദിനാള്‍ വിശദീകരിച്ചു. റോമിലേക്കു മടങ്ങാന്‍ താല്‍പര്യമുണ്ടായിട്ടല്ല. അടുത്ത പരിചയക്കാരും സുഹൃത്തുക്കളും ഓസ്‌ട്രേലിയയിലാണ്. സിഡ്‌നിയില്‍ നല്ലൊരു സൗഹൃദവലയവുമുണ്ട്. അവരെ ഞാന്‍ മിസ് ചെയ്യും. എങ്കിലും പതിവായി അവരുമായി ബന്ധപ്പെടുന്നുണ്ട്. റോമിലേക്കു മടങ്ങണമെന്നത് മാര്‍പാപ്പയുടെ ആഗ്രഹമായിരുന്നു. അതിന്‍പ്രകാരമാണ് വത്തിക്കാനിലെത്തിയത്. ഹൃദ്യമായ സ്വീകരണമാണ് മാര്‍പാപ്പ എനിക്കായി ഒരുക്കിയിരുന്നത്.


മാര്‍പാപ്പയ്‌ക്കൊപ്പം കര്‍ദിനാള്‍ ജോര്‍ജ് പെല്‍

ഓസ്‌ട്രേലിയയില്‍നിന്നുള്ള ഏറ്റവും മുതിര്‍ന്ന സഭാനേതാവും വത്തിക്കാന്റെ സാമ്പത്തികകാര്യങ്ങളുടെ മുന്‍ തലവനുമായിരുന്നു കര്‍ദിനാള്‍ ജോര്‍ജ് പെല്‍. 2014-ല്‍ ആണ് വത്തിക്കാന്റെ സാമ്പത്തികകാര്യങ്ങളുടെ നേതൃത്വത്തിലേക്ക് ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ നിയമിക്കുന്നത്. കര്‍ദിനാള്‍ പെല്ലിന്റെ നേതൃത്വത്തില്‍ വത്തിക്കാന്റെ സാമ്പത്തിക ഇടപാടുകള്‍ കൃത്യമായ നിയന്ത്രണത്തില്‍ ആക്കുകയും നിരവധി പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുകയും ചെയ്ത വേളയിലാണ് അദ്ദേഹത്തിനെതിരേയുള്ള ലൈംഗിക പീഡന പരാതി ഓസ്‌ട്രേലിയയില്‍ ശക്തിപ്പെടുന്നത്.

1990 ല്‍ മെല്‍ബണ്‍ ബിഷപ്പ് ആയി സേവനം ചെയ്യുമ്പോള്‍ ദേവാലയ ഗായക സംഘാംഗങ്ങളായ രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം. കത്തോലിക്ക സഭയില്‍ ഏറ്റവും ഉന്നത സ്ഥാനീയനായ കര്‍ദിനാള്‍ പെല്ലിനെതിരായ ആരോപണം വലിയ ഞെട്ടലോടെയാണ് സഭാവിശ്വാസികള്‍ കേട്ടത്. സഭാവിരോധികളും മാധ്യമങ്ങളും നിരവധി ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചു. കെട്ടച്ചമച്ച കഥകളുമായി മാധ്യമങ്ങള്‍ ക്രൂരമായി വേട്ടയാടിയപ്പോഴും നിശബ്ദനായി സത്യം തെളിയുന്നതിനുള്ള പ്രാര്‍ഥനയിലായിരുന്നു അദ്ദേഹം. തുടക്കം മുതല്‍ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിക്കുകയും നിരപരാധിത്വം തെളിയിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

2017-ല്‍ കോടതി നടപടികള്‍ക്കായി കര്‍ദിനാളിന് റോമില്‍നിന്ന് ഓസ്‌ട്രേലിയയിലേക്കു മടങ്ങേണ്ടി വന്നു. 2018 ഡിസംബറില്‍ മെല്‍ബണ്‍ കീഴ്‌ക്കോടതി അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചു. 2019 മാര്‍ച്ചില്‍ ആറു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കും വിധിച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തിലധികം മെല്‍ബണിലെ ബാര്‍വണ്‍ ജയിലില്‍ കഴിഞ്ഞു. കീഴ്‌ക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ പരമോന്നത കോടതി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കര്‍ദിനാള്‍ പെല്ലിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കി. ഏഴംഗ ഫുള്‍ ബെഞ്ച് ഏകകണ്‌ഠേനയാണ് അദ്ദേഹം നിരപരാധിയാണെന്ന വിധിന്യായം പുറപ്പെടുവിച്ചത്. ഇതൊരു മാധ്യമ വിചാരണ മാത്രമായിരുന്നുവെന്നും കര്‍ദിനാളിന് നീതി നിഷേധിക്കപ്പെട്ടതായും കോടതി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. കോടതി കുറ്റവിമുക്തനാക്കിയതിനെതുടര്‍ന്ന് അദ്ദേഹം വത്തിക്കാനിലേക്കു മടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.