ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യം പരിഗണിച്ചു; ന്യൂനപക്ഷ ക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തു

ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യം പരിഗണിച്ചു; ന്യൂനപക്ഷ ക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തു

കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തു. പ്രവാസികാര്യ വകുപ്പും മുഖ്യമന്ത്രി കൈകാര്യം ചെയ്യും.

മന്ത്രിമാരുടെ വകുപ്പുകള്‍ വിഭജിച്ചു നല്‍കിയപ്പോള്‍ താനൂരില്‍ നിന്നുള്ള വി.അബ്ദുള്‍ റഹ്മാനായിരുന്നു ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും നല്‍കിയിരുന്നത്. എന്നാല്‍ വിവിധ ക്രൈസ്തവ മത വിഭാഗങ്ങള്‍ക്കിടെ ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി ഇ മെയില്‍ സന്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് ലഭിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചങ്ങനാശേരി അതിരൂപത മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് കെ.സി.ബി.സി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനിയും ആവശ്യപ്പെട്ടിരിന്നു. 80:20 ശതമാനം എന്ന രീതിയില്‍ ന്യൂനപക്ഷാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്ന വസ്തുത പുതിയ സര്‍ക്കാര്‍ നീതിയുക്തമായി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. ഇത്തരത്തില്‍ ക്രൈസ്ത സമൂഹത്തിന്റെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ന്യൂനപക്ഷ ക്ഷേമവും ഒപ്പം പ്രവാസി കാര്യവും വി.അബ്ദുള്‍ റഹ്മാനില്‍ നിന്ന് മുഖ്യമന്ത്രി ഏറ്റെടുത്തത്.

ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ കാലകാലങ്ങളായി നടക്കുന്ന സ്വജനപക്ഷാപാതം അവസാനിപ്പിക്കുവാന്‍ പുതിയ മന്ത്രിസഭയില്‍ മുഖ്യമന്ത്രയോ, ക്രൈസ്തവരായ ജനപ്രതിനിധികളോ ന്യൂനപക്ഷ ക്ഷേമം കൈകാര്യം ചെയ്യണമെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ തുടക്കം മുതല്‍ ആവശ്യമുന്നയിച്ചിരുന്നു. മാറി മാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നവരില്‍ നിന്ന് കടുത്ത വിവേചനം നേരിട്ട പശ്ചാത്തലത്തിലാണ് ഇത്തരമൊരാവശ്യം ഉയര്‍ന്നു വന്നത്.

കെസിവൈഎം ഉള്‍പ്പെടെയുള്ള സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ക്രിസ്ത്യന്‍, മുസ്ലിം, സിക്ക്, പാഴ്‌സി, ബുദ്ധര്‍, ജൈനര്‍ എന്നീ ആറു വിഭാഗങ്ങളാണ് നിയമപരമായി ഇന്ത്യയിലെ ന്യൂപക്ഷ വിഭാഗങ്ങള്‍. ഈ ആറു വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

എന്നാല്‍, ബജറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ പൊതുഖജനാവില്‍നിന്ന് അനുവദിക്കുന്ന പദ്ധതി തുകയും സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം അധികാരത്തിന്റെ പിന്‍ബലത്തില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ സ്വന്തമാക്കുമ്പോള്‍ പിന്തള്ളപ്പെടുന്നത് ക്രൈസ്തവരായിരുന്നു.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റടുത്ത നടപടി ഏറ്റവും ഉചിതമായെന്നും അക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്രൈസ്തവ സമൂഹം അഭിനന്ദിക്കുന്നുവെന്നും സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ പ്രതികരിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഹൈക്കോടതി തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നടന്നു വരുന്ന അനീതിക്ക് അവസാനമുണ്ടാവുകയും ക്ഷേമ പദ്ധതികളില്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും തുല്യനീതി ലഭ്യമാകുന്നതിനുള്ള സംവിധാനം ഉണ്ടാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.