പ്രാര്‍ത്ഥനാ വഴികളില്‍ ഇടറാതെ മുന്നേറുന്ന ജനനായകന്‍

പ്രാര്‍ത്ഥനാ വഴികളില്‍ ഇടറാതെ മുന്നേറുന്ന ജനനായകന്‍

കൊച്ചി: രണ്ട് പതിറ്റാണ്ടിലേറെ ഇടുക്കിയുടെ ഇടവഴികളില്‍ നിറസാന്നിധ്യമായി നിറഞ്ഞു നില്‍ക്കുന്ന ജനനായകന്‍. സഞ്ചരിക്കുന്ന വഴികളില്‍ ജപമാല മുറുകെ പിടിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുന്ന റോഷി അഗസ്റ്റിന്‍. ഇടുക്കിയുടെ അന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ തന്നെയാണ് അദ്ദേഹം സംസ്ഥാനത്തിന്റെ ജലവിഭവ വകുപ്പ് മന്ത്രിയായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ആത്മീയത. ആത്മീയതയെക്കുറിച്ച് പറയാന്‍ മടിക്കുന്നത് ഒളിവില്‍ താമസിക്കുന്നതിന് തുല്യമാണെന്നാണ് റോഷിയുടെ അഭിപ്രായം. തന്റെ വിശ്വാസത്തെ ഉള്‍ക്കൊളളുന്നവരുടെ അംഗീകാരം മതിയെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ദൈവത്തെ ആശ്രയിക്കണം. ദൈവാശ്രയത്തോട് കൂടി എടുക്കുന്ന ഏത് തീരുമാനവും തെറ്റാതിരിക്കാന്‍ കര്‍ത്താവിന്റെ കരുതല്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.


മനുഷ്യന്‍ ബലഹീനനാണ്. അതുകൊണ്ട് തന്നെ തെറ്റുപറ്റാതിരിക്കാന്‍ ദൈവത്തിന്റെ ശക്തി തന്നിലൂടെ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. കൂട്ടായ പ്രാര്‍ത്ഥനയിലൂടെയാണ് പ്രധാന തീരുമാനങ്ങളെല്ലാം എടുക്കുന്നത്. തിരക്കിനിടയിലും കുടുംബ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്താറുണ്ട്.
സ്ഥിരമായി കുടുംബ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും ജപമാല ഒരിക്കലും മുടക്കിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഇത്രയും കാലത്തിനിടയ്ക്ക് ഒരിക്കല്‍ പോലും ജപമാല മുടക്കിയിട്ടില്ല. അത് ഏത് സമയത്താണെങ്കിലും ചൊല്ലും. വണ്ടിയില്‍ ഇരുന്നാണെങ്കില്‍ അങ്ങനെ. അത് കൃത്യമായി ചൊല്ലുന്നതുകൊണ്ടു തന്നെ പരുശുദ്ധ അമ്മയുടെ ശക്തി തനിക്കൊപ്പം ഉണ്ടെന്ന് അദ്ദേഹം പറയുന്നു.

സ്വന്തം ജിവിതത്തില്‍ അനുവര്‍ത്തിക്കുന്ന സ്വകാര്യ ഭക്തിമാര്‍ഗങ്ങളും റോഷിക്കുണ്ട്. മലയാറ്റൂരില്‍ കാല്‍നടയായി തീര്‍ത്ഥാടനം ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. 35 തവണ അദ്ദേഹം കല്‍നടയായി മലകയറി. ഇത്രയും കാലമായിട്ടും ആ ദിവസങ്ങളില്‍ ആരോഗ്യവാനായിട്ട് ഇരിക്കാന്‍ ദൈവം സഹായിക്കുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെയ്ക്കുകയുണ്ടായി. ഇപ്രവാശ്യം പത്ത് പന്ത്രണ്ട് ദിവസമായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയിരുന്നു. രണ്ട് കാലിലും നല്ല നീര്. ഒന്നേ മുക്കാല്‍ മണിക്കൂറെടുത്താണ് അദ്ദേഹം മല കയറിയത്. തിരികെ എത്തിയപ്പോള്‍ നീരിന്റെ പൊടിപോലും കാണാന്‍ ഇല്ലായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ പരിപാടികളെല്ലാം ഉദ്ദേശിച്ചതിലും ഗംഭീരമായി.

മറ്റൊന്ന് ചേര്‍പ്പുങ്കല്‍ പള്ളിയിലെ ഉണ്ണീശോയാണ്. അതുവഴി എപ്പോള്‍ പോയാലും ഉണ്ണീശോയെ കാണാതെ അദ്ദേഹം പോകാറില്ല. നമ്മള്‍ ചെയ്യുന്ന സേവനം സമൂഹം അംഗീകരിക്കണമെങ്കില്‍ വിശ്വാസം വേണം. ആ വിശ്വാസം ആര്‍ജ്ജിക്കണമെങ്കില്‍ നമുക്ക് ആത്മീയത വേണം. ആ ആത്മീയതയില്‍ നിന്നുകൊണ്ടു മാത്രമെ സത്യസന്ധമായി തുടരാന്‍ പറ്റുകയുള്ളുവെന്ന് ഈ ജനനായകന്‍ ദൃഢസ്വരത്തില്‍ പറയുമ്പോള്‍, വിശ്വാസ തീക്ഷണത ഈ മനുഷ്യന്‍ എത്രമാത്രം മുറുകെ പിടിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കില്‍ നിന്നും മനസിലാക്കാന്‍ കഴിയും.


ജനകീയ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ മറ്റൊരു മുഖം വെളിവാക്കുന്ന സംഭവം ഇവിടെ പരാമര്‍ശിക്കാം. പൈനാവിലെ ഒരു തട്ടുകയില്‍ ചായ കുടിക്കാന്‍ കയറിയതായിരുന്നു റോഷി അഗസ്റ്റിന്‍. ആ സമയത്താണ് പൊറോട്ട അടിയ്ക്കുന്ന ചേട്ടനെ കണ്ടത്. പിന്നെ അവിടെ കണ്ടത് റോഷി അഗസ്റ്റിന്‍ എന്ന എംഎല്‍എയുടെ മറ്റൊരു കഴിവാണ്. സുന്ദരമായി പൊറോട്ട അടിച്ചു. കെ.എസ്.യു ഭാരവാഹി ആയിരുന്ന കാലത്താണ് പൊറോട്ട അടിക്കാന്‍ പഠിച്ചതെന്നും റോഷി വ്യക്തമാക്കുന്നു.

ജനപ്രതിനിധി എന്നത് ജനങ്ങള്‍ നല്‍കിയ ഔദാര്യമാണെന്നു കരുതുന്ന വ്യക്തിയാണ് റോഷി അഗസ്റ്റിന്‍. എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാതൃകയാണ് റോഷിയുടെ ഓരോ പ്രവര്‍ത്തനവും. 22 വര്‍ഷം മുമ്പ് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ കാല്‍നട യാത്രയില്‍ പങ്കെടുത്ത ഓരോ പ്രവര്‍ത്തകനേയും ഇന്നും പേരെടുത്ത് വിളിക്കാന്‍ റോഷിക്ക് കഴിയുന്നതും പ്രവര്‍ത്തകരോടുള്ള ആത്മബന്ധം ഒന്നുകൊണ്ടു മാത്രമാണ്.
ഇടുക്കിയില്‍ നിന്നുള്ള തുടര്‍ച്ചയായ അഞ്ചാം വിജയം റോഷി അഗസ്റ്റിന് സമ്മാനിച്ചത് മന്ത്രി സ്ഥാനമാണ്. മുന്നണി മാറി എല്‍.ഡി.എഫിലെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് രണ്ടാം പിണറായി സര്‍ക്കാരില്‍ ലഭിച്ചത് ഒരു മന്ത്രി സ്ഥാനമാണ്. ആ സ്ഥാനത്തേക്കാണ് റോഷി എത്തിയത്. നിലവില്‍ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. കന്നിയങ്കം 1996-ല്‍ പേരാമ്പ്രയില്‍ നിന്നായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ സി.പി.എമ്മിന്റെ എന്‍.കെ. രാധയോട് 2752 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പിന്നീട് തട്ടകം മാറി ഇടുക്കിയിലെത്തി. 2001 മുതല്‍ ഇടുക്കിയില്‍ തുടര്‍ച്ചയായി വിജയം. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ ജോസ് കെ. മാണിയോടൊപ്പം ഉറച്ചുനിന്നു.

ഇടുക്കി മണ്ഡലത്തിലെ ഇത്തവണത്തെ മത്സരം പൊടി പാറുന്നതായിരുന്നു. എല്‍.ഡി.എഫിനു വേണ്ടി റോഷി അഗസ്റ്റിനും യു.ഡി.എഫിനു വേണ്ടി ഫ്രാന്‍സിസ് ജോര്‍ജും മത്സരത്തിനിറങ്ങി. 2016-ല്‍ റോഷി യു.ഡി.എഫിനും ഫ്രാന്‍സിസ് ജോര്‍ജ് എല്‍.ഡി.എഫിനും വേണ്ടി ഏറ്റുമുട്ടിയിരുന്നു എന്നതായിരുന്നു രസകരമായ മറ്റൊരു വസ്തുത. വീറും വാശിയും നിറഞ്ഞ അങ്കത്തിനൊടുവില്‍ റോഷി ജയിച്ചുകയറി. 5573 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.


പാല ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ അഗസ്റ്റിന്‍-ലീലാമ്മ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളായി 1969 ലാണ് ജനനം. പാലാ സെന്റ് തോമസ് കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദം നേടി. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ നേഴ്സായ റാണിയാണ് ഭാര്യ. മൂത്തമകള്‍ ആന്‍മരിയ വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി. രണ്ടാമത്തെ മകള്‍ എയ്ഞ്ചല്‍ മരിയ എട്ടാം ക്ലാസിലും ഇളയ മകന്‍ അഗസ്റ്റിന്‍ രണ്ടാം ക്ലാസിലും പഠിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.