മൂര്‍ച്ചയുള്ള നാവ്... കുറിയ്ക്കു കൊള്ളുന്ന പ്രയോഗങ്ങള്‍... കറതീര്‍ന്ന കോണ്‍ഗ്രസുകാരന്‍ : വ്യത്യസ്തനാണ് വി.ഡി സതീശന്‍

മൂര്‍ച്ചയുള്ള നാവ്... കുറിയ്ക്കു കൊള്ളുന്ന പ്രയോഗങ്ങള്‍... കറതീര്‍ന്ന കോണ്‍ഗ്രസുകാരന്‍ : വ്യത്യസ്തനാണ് വി.ഡി സതീശന്‍

കൊച്ചി: മൂര്‍ച്ചയുളള നാവും കുറിയ്ക്കു കൊള്ളുന്ന പദ പ്രയോഗങ്ങളും പുരോഗമന ചിന്തകളുമാണ് സമകാലികരായ രാഷ്ട്രീയക്കാര്‍ക്കിടയില്‍ വി.ഡി സതീശനെ എന്നും വേറിട്ടു നിര്‍ത്തുന്നത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ വി.ഡി സതീശന്റെ തെരഞ്ഞെടുപ്പ് ജീവിതം 1996-ല്‍ വടക്കന്‍ പറവൂരില്‍ തോറ്റു കൊണ്ടായിരുന്നു.

രാഷ്ട്രീയത്തില്‍ തുടക്കം മുതല്‍ സംരക്ഷണമൊരുക്കിയ രമേശ് ചെന്നിത്തലയെ മാറ്റി നിര്‍ത്തിയാണ് സതീശനെ പാര്‍ട്ടി നേതൃത്വം പുതിയ ചുമതലയേല്‍പ്പിക്കുന്നത്. തിളങ്ങുന്ന തെരഞ്ഞെടുപ്പ് വിജയത്തില്‍ കൂടുതല്‍ കരുത്തനായ പിണറായിയെ നേരിടുന്നതിനൊപ്പം സ്വന്തം പാളയത്തിലെ പടയെ കൂടി പ്രതിരോധിക്കാനാവുന്നിടത്താകും വി.ഡി സതീശന്‍ എന്ന പ്രതിപക്ഷ നേതാവിന്റെ വിജയം.

കറ തീര്‍ന്ന കോണ്‍ഗ്രസുകാരനായിരിക്കുമ്പോഴും പാര്‍ട്ടിയിലെ തെറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സതീശന്‍ ഒരിക്കലും മടിച്ചിട്ടില്ല. ഹരിത രാഷ്ട്രീയം പറഞ്ഞും സമുദായ സംഘടനകളോടു അമിത വിധേയത്വം പുലര്‍ത്തുന്ന നേതൃത്വത്തിനെതിരെ വിരല്‍ ചൂണ്ടിയുമെല്ലാം കോണ്‍ഗ്രസിനകത്തും പുറത്തും സ്വീകാര്യത നേടാന്‍ കുറഞ്ഞ കാലം കൊണ്ട് സതീശനായി. നിലപാടുകളിലെ ഈ സ്ഥൈര്യം തന്നെയാണ് വമ്പന്‍ പരാജയത്തിനു പിന്നാലെ ഗ്രൂപ്പുവ്യത്യാസങ്ങള്‍ മറന്ന് സതീശനായി മുറവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസുകാരെ പ്രേരിപ്പിച്ചത്.

ആദ്യ അങ്കത്തില്‍ തോല്‍പ്പിച്ച പറവൂരിന്റെ ഹൃദയം കവര്‍ന്ന സതീശന്‍ 2001 മുതല്‍ പറവൂരിന്റെ സ്ഥിരം ജനപ്രതിനിധിയാണ്. മുന്നണിയ്ക്ക് അതീതമായി തലയെടുപ്പുളള ഏറെ നേതാക്കള്‍ സഭയിലുണ്ടായിരുന്ന കാലത്തും വിഷയങ്ങളില്‍ ആഴത്തിലുളള പഠനം കൊണ്ടും അളന്നു കുറിച്ച വാക്കുകള്‍ കൊണ്ടും സഭയിലെ ഐക്യമുന്നണിയുടെ മുഖമായി മാറി സതീശന്‍.

അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടത്തിയ രാഷ്ട്രീയ സംവാദങ്ങളിലൂടെയാണ് വി.ഡി സതീശന്‍ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പരിസ്ഥിതി വിഷയങ്ങളിലും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ചുമെല്ലാം പലപ്പോഴായി രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ സ്പ്രിന്‍ക്ലര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളിലെല്ലാം കൃത്യമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

തന്റെ പ്രവര്‍ത്തന മികവിലൂടെ കഴിവു തെളിയിച്ച വി.ഡി സതീശനെ പ്രതിപക്ഷ നേതൃപദവിയിലേക്ക് നിയമിച്ചതോടെ സംസ്ഥാന കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിനു കൂടി തുടക്കമിടുകയാണ് പാര്‍ട്ടി ഹൈക്കമാന്‍ഡ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.