ഉല്പത്തി 3 :15 നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും അവൻ നിന്റെ തല തകർക്കും നീ അവന്റെ കുതികാലിൽ പരിക്കേൽപ്പിക്കും.
ഈ വചനഭാഗം നമുക്ക് സുപരിചിതമാണ്, തിന്നരുത് എന്ന് ദൈവം പറഞ്ഞ വൃക്ഷത്തിൻ്റെ ഫലം ഹവ്വയുടെ പ്രേരണയാൽ ആദം ഭക്ഷിക്കുകയും ദൈവത്തോട് അനുസരണക്കേട് കാണിക്കുകയും ചെയ്തു. ദൈവം അതിനു അവരെയും, സർപ്പത്തെയും ശിക്ഷിക്കുന്ന ആദ്യ ഭാഗമാണ് ഇത്. ഇവിടെ പറഞ്ഞിരിക്കുന്ന സ്ത്രീയും അവളുടെ സന്തതിയും മറിയവും യേശുവും ആണ് എന്ന കാര്യത്തിലും തർക്കമില്ല. യോഹന്നാന്റെ സുവിശേഷത്തിൽ യേശുവിന്റെ അമ്മയെ സ്ത്രീ എന്ന് സംബോധന ചെയ്ത് കൊണ്ട് അത് ഉറപ്പിക്കുകയും ചെയ്യുന്നു.
ഈ വചനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു സ്ത്രീകളുടെ സാന്നിധ്യം നാം കണ്ടു. ഒന്ന് ഹവ്വയും രണ്ടാമത്തേത് സഭാപിതാക്കന്മാർ രണ്ടാം ഹവ്വ എന്ന് വിളിച്ച മറിയവും.
ഹവ്വാ, ആദത്തോടു ചേർന്ന് ദൈവത്തോട് അനുസരണക്കേട് കാണിച്ചു, അതിലൂടെ പാപവും , പാപംമൂലം മരണവും ലോകത്തിലേക്ക് പ്രവേശിച്ചു. എന്നാൽ മറിയാമാകട്ടെ ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്കുകൾ എന്നിൽ നിറവേറട്ടെ എന്ന് പറഞ്ഞു കൊണ്ട് ദൈവത്തിന്റെ വാക്കുകൾ അനുസരിച്ചു. അങ്ങനെ മാനവകുലത്തെ ജീവനിലേക്കു നയിക്കുന്ന ദൈവീക പദ്ധതിയോടു, രക്ഷകന്റെ ജനനത്തിനു, സഹകരിച്ചു.
ദൈവമായ കർത്താവ് നമ്മുടെ മുൻപിലും നന്മയും തിന്മയും വച്ചിരിക്കുന്നു. ഹവ്വയെ പോലെ മരണമാണോ , മറിയത്തെ പോലെ ജീവൻ ആണോ നാം തിരഞ്ഞെടുക്കേണ്ടത്. തീരുമാനം നമ്മുടേത് മാത്രമാണ് .
ഇതാ, ഇന്നു ഞാൻ നിന്റെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. ഇന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നതനുസരിച്ച്, നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും അവിടുത്തെ മാർഗത്തിൽ ചരിക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്താൽ നീ ജീവിക്കും; നീ കൈവശമാക്കാൻ പോകുന്ന ദേശത്ത് നിന്റെ ദൈവമായ കർത്താവ് നിന്നെ അനുഗ്രഹിച്ചു വർദ്ധിപ്പിക്കും (നിയമ 30:15-16)
നമ്മുടെ ജീവിതത്തിൽ ജീവനിലേക്ക് നയിക്കുന്ന തീരുമാനങ്ങൾ എടുക്കണമെങ്കിൽ സഹായകാനായ പരിശുദ്ധാത്മാവ് കൂടിയേ തീരൂ.
നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽ നിന്ന് ഒരു സ്വരം ശ്രവിക്കും ഏതാണ് വഴി ഇതിലെ പോകുക (ഏശയ്യ 30 :21)
പരിശുദ്ധ അമ്മയെ പോലെ ജീവനിലേക്കുള്ള വഴി തിരഞ്ഞെടുക്കുവാനുള്ള കൃപ നൽകണമേ എന്ന് , പരിശുദ്ധാത്മാവായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.