കൊച്ചി: ലക്ഷദ്വീപില്‍ രാഷ്ട്രീയക്കളി തുടരുന്നു. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മയുടെ മരണത്തെ തുടര്‍ന്ന് ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ അഡ്മിനിസ്‌ട്രേറ്ററും ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയുമായ പ്രഫുല്‍ കെ. പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അധിക ചുമതല കൂടി നല്‍കിയതോടെ ചില പുതിയ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചതാണ് ലക്ഷദ്വീപില്‍ സ്ഥിതിഗതികള്‍ വഷളാക്കിയത്.
ചുമതലയേറ്റ ഉടന്‍ കോവിഡ് പ്രതിരോധത്തിനായി ദ്വീപില്‍ നിലവിലുണ്ടായിരുന്ന നടപടിക്രമം മാറ്റുകയും എല്ലാ നിയന്ത്രണങ്ങളും നീക്കുകയും ചെയ്തതോടെ 2020 അവസാനം വരെ ഒറ്റ കോവിഡ് കേസും ഇല്ലാതിരുന്ന ലക്ഷദ്വീപില്‍ ഇപ്പോള്‍ മഹാമാരി വളരെ വേഗം പടരാന്‍ കാരണമായത് അശാസ്ത്രീയമായ ഈ തീരുമാനമാണെന്നാണ് ദ്വീപ് നിവാസികളുടെ പ്രധാന പരാതി. ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാന മാര്‍ഗവും അട്ടിമറിക്കാന്‍ ഗോവധ നിരോധനം നടപ്പാക്കിയതും ഗുണ്ടാ നിയമം നടപ്പാക്കിയതും ബഹുഭൂരിപക്ഷമുള്ള മുസ്ലീം സമുദായത്തെ പ്രകോപിപ്പിച്ചു.
സര്‍ക്കാര്‍ ഓഫീസുകളിലെ തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും 38ഓളം അങ്കണവാടികള്‍ അടച്ചുപൂട്ടുകയും ചെയ്തു. ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു.
ദ്വീപിലെ ഭൂരിപക്ഷവും മത്സ്യ തൊഴിലാളികളായതിനാല്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പൊളിച്ചുമാറ്റിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. വര്‍ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതല്‍ ആശ്രയിക്കണമെന്ന തീരുമാനവും അഡ്മിനിസ്ട്രേറ്റര്‍ കൈക്കൊണ്ടതും കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധം ഇല്ലാതാക്കാനാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഇതിന് പുറമേയാണ് ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടറുടെ ഉത്തരവുണ്ടായിരിക്കുന്നത്. പശുക്കളെ ഈ മാസം 31 ഓടെ വിറ്റഴിക്കാനാണ് ഉത്തരവില്‍ പറയുന്നത്. ഫാമുകള്‍ അടയ്ക്കുന്നതോടെ ലക്ഷദ്വീപില്‍ സര്‍ക്കാര്‍ തലത്തിലെ പാല്‍, പാല്‍ ഉല്‍പന്ന വിപണനം നിലയ്ക്കുകയും ജീവനക്കാര്‍ക്ക് ജോലിയും നഷ്ടപ്പെടുകയും ചെയ്യുമെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു.
എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നത് ലക്ഷദ്വീപിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണന്നും ഇതുമായി ബന്ധപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ വന്ന കേസ് കോടതി തീര്‍പ്പാക്കിയതാണന്നും മറുപക്ഷം വ്യക്തമാക്കുന്നു.
മറ്റ് വാദഗതികള്‍:
1. ടൂറിസത്തിന്റെ ഭാഗമായാണ് മദ്യം ലഭ്യമാക്കുന്നത്. സമ്പൂര്‍ണ്ണ മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിലും ടൂറിസത്തിന്റെ ഭാഗമായി മദ്യം ലഭ്യമാണ്. ആവശ്യമുള്ളവര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ വേണ്ടിയാണ്. എല്ലാവരും മദ്യം വാങ്ങണമെന്നോ ഉപയോഗിച്ചേ മതിയാകൂ എന്നോ നിയമമില്ല.
2. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലവിലുള്ളതാണ് ഗോവധ നിരോധനം. ഇതുതന്നെയാണ് ലക്ഷദ്വീപിലും നടപ്പാക്കുന്നത്.
3. ഒരു പ്രദേശത്തെ ഭൂരിപക്ഷ സമുദായത്തിന്റെ ഇച്ഛയ്ക്ക് അനുസൃതമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.
4. സര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെതിരായ പോസ്റ്ററുകള്‍ സര്‍ക്കാര്‍ സംവിധാനം നീക്കം ചെയ്യാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് സിഎഎ, എന്‍ആര്‍സി പോസ്റ്ററുകള്‍ നീക്കം ചെയ്തത്.
5. ഒരു കുറ്റവാളി പോലുമില്ലാത്ത ലക്ഷദ്വീപില്‍ ഗുണ്ടാനിയമം പാസാക്കിയതെന്തിനെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്. കുറ്റവാളികളോ കുറ്റങ്ങളോ ഇല്ലെങ്കില്‍ പിന്നെ നിയമത്തെ പേടിക്കേണ്ടതില്ലല്ലോ.
6. രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക് എന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
അങ്ങനെ മാത്രമല്ല കരട് നിയമം പറയുന്നത്. നിയമം വരുന്ന തീയതിയില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ഈ നിയമം ബാധകമല്ല എന്ന് പ്രത്യേകം പറയുന്നുണ്ട്. അതായത് നിലവില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തുടര്‍ന്നും മത്സരിക്കാം. അവര്‍ക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ മാത്രമേ വിലക്ക് ബാധകമാകൂ.
ഇത് ആദ്യമായി നടപ്പാക്കുന്ന സ്ഥലമല്ല ലക്ഷദ്വീപ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഉള്‍പ്പടെ ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളിലും സമാനമായ നിയമം നിലനില്‍ക്കുന്നുണ്ട്. രാജസ്ഥാനിലും ആസാമിലും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്കു പോലും അയോഗ്യത കല്‍പ്പിക്കുന്ന രീതിയിലാണ് നിയമനിര്‍മ്മാണം.
7. ബേപ്പൂരിലെ തുറമുഖത്തിന് സൗകര്യങ്ങള്‍ കുറവായതിനാല്‍ പകരം ഒരു തുറമുഖം വേണമെന്നത് കാലാകാലങ്ങളായി ലക്ഷദ്വീപിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റികളുടെയും എംപിമാരുടെയും പ്രാദേശിക പ്രതിനിധികളുടെയും പ്രധാനപ്പെട്ട ആവശ്യമാണ്. അതിന്റെ ഭാഗമായാണ് കൂടുതല്‍ സൗകര്യങ്ങളോടെ മംഗലാപുരത്ത് പുതിയ തുറമുഖം കൊണ്ടുവരുന്നത്. ഈ നീക്കം രാഷ്ട്രീയ പ്രേരിതമല്ലെന്ന് എംപിയും എന്‍സിപി നേതാവുമായ പിപി മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കിയിട്ടുണ്ട്.
8. തീവ്രവാദികളും മയക്കുമരുന്ന് മാഫിയകളും ലക്ഷദ്വീപിനെ ഇന്ത്യയിലേക്കുള്ള ഹബ്ബായി മാറ്റിയിട്ട് കാലം കുറെയായി. പാകിസ്ഥാനും മറ്റു വിദേശ സംഘടനകളും ലക്ഷദ്വീപ് ഒരു ഇടത്താവളമാക്കി ഉപയോഗിക്കുകയാണ്. നരേന്ദ്ര മോഡി അധികാരത്തില്‍ വന്ന ശേഷം പല ഘട്ടങ്ങളിലായി തീവ്രവാദവും മയക്കുമരുന്നും ലക്ഷദ്വീപ് വഴി എത്തുന്നത് തടയാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നു.
പ്രതിഷേധക്കാര്‍ക്കെതിരെ ബിജെപി അനുകൂല പക്ഷം ഇത്തരം വിശദീകരണങ്ങള്‍ നല്‍കുമ്പോളും ലക്ഷദിപില്‍ പ്രതിഷേധം കനക്കുകയാണ്. വിഷയത്തില്‍ സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം രാഷ്ട്രപതിക്ക് കത്ത് നല്‍കി. രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തൊണ്ണൂറ്റി ഒന്‍പത് ശതമാനവും മുസ്ലിങ്ങള്‍ ജീവിക്കുന്ന ദ്വീപില്‍ തദ്ദേശീയരുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കുന്നതെന്ന് കത്തില്‍ പറയുന്നു.
ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജും രംഗത്തെത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ വിചിത്രമെന്നാണ് പൃഥ്വിരാജിന്റെ പ്രതികരണം. ലക്ഷദ്വീപിലെ വിവാദ നടപടികള്‍ക്കെതിരെ സംവിധായികയും ദ്വീപിലെ സാമൂഹ്യ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നടപടികളില്‍ നിന്നും ദ്വീപിനെ രക്ഷിക്കണമെന്ന് ഐഷ ആവശ്യപ്പെട്ടു.
നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി ഫുട്ബോള്‍ താരം സി.കെ വിനീതും രംഗത്തെത്തി. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികള്‍ക്കെതിരെയാണ് സി.കെ വിനീതിന്റെ പ്രതികരണം.
ആകെ 36 ദ്വീപുകളുള്ള ലക്ഷദ്വീപില്‍ കവരത്തി, കല്‍പ്പേനി, കടമത്ത്, കില്‍ത്താന്‍, ആന്ത്രോത്ത്, അമിനി, മിനിക്കോയി, ചെത്ത്ലാത്ത്, ബിത്ര, അഗത്തി, ബംഗാരം എന്നിങ്ങനെ 11 ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നും ഷിപ്പില്‍ യാത്ര തിരിച്ചാല്‍ ഒരു ദിവസം കൊണ്ട് ഇവിടെ എത്തിച്ചേരാം. മലയാളമാണ് ഭൂരിപക്ഷത്തിന്റെയും സംസാര ഭാഷ. അവിടെ നിന്നും വിദ്യാഭ്യാസത്തിനും മറ്റുമായി ഒരുപാട് പേര്‍ കേരളത്തെ ആശ്രയിക്കുന്നുണ്ട്. കേരളത്തില്‍ പ്രത്യേകിച്ച്, വടക്കന്‍ ജില്ലകളില്‍ രക്തബന്ധങ്ങളുള്ള ധാരാളം പേര്‍ ലക്ഷദ്വീപിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.