കൊച്ചി: ഓര്‍ഡര്‍ ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ കെ.സി.ബി.സിയുടെ കീഴിലുള്ള ഹെല്‍ത്ത് കമ്മീഷന്‍  വിതരണം ചെയ്തത് 5850 കോവിഡ് ഹെല്‍ത്ത് കിറ്റുകള്‍. ഇന്ന് വിതരണം ചെയ്ത കിറ്റുകള്‍ അടക്കമാണിത്. ഇതു സംബന്ധിച്ച വ്യക്തമായ രേഖകള്‍ സീന്യൂസ് ലൈവിന് ലഭിച്ചു. കിറ്റുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് കൃത്യമായ വിതരണമാണ് നടന്നു വരുന്നത്.
കെ.സി.ബി.സി ഹെല്‍ത്ത് കമ്മീഷന്റെ കിറ്റ് വിതരണത്തെ ആക്ഷേപിച്ച് അല്‍മായ മുന്നേറ്റം എന്ന സംഘടനയുടെ പ്രതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തി ഷൈജു ആന്റണി എന്ന വ്യക്തി സാമൂഹ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സഭയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമത്തിനെതിരെ കൃത്യമായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സീന്യൂസ് ലൈവ് ഇന്നലെ നല്‍കിയ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. 
മറ്റൊരു ഓഡിയോ സന്ദേശവുമായി ഷൈജു ഇന്ന് വീണ്ടും രംഗത്തെത്തി. വിവര ശേഖരണത്തിലുള്ള കടുത്ത ദാരിദ്ര്യമാണ് ആ ഓഡിയോ ക്ലിപ്പിംഗിലൂടെ വ്യക്തമായത്. കെ.സി.ബി.സി ഹെല്‍ത്ത് കമ്മീഷന്‍ ഇതുവരെ കോവിഡ് കിറ്റുകളൊന്നും വിതരണം ചെയ്തിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍. വിവിധ രൂപതകള്‍ക്കായി 5850 കിറ്റുകളുടെ വിതരണം പൂര്‍ത്തിയായിക്കഴിഞ്ഞത് 'അന്വേഷണാത്മക ഓഡിയോ  ക്ലിപ്പിംഗ്' തയ്യാറാക്കി പ്രചരിപ്പിക്കുന്ന അഭിനവ 'അല്‍മായക്കാരന്‍' അറിഞ്ഞതേയില്ല. 
ഇനിയുമുണ്ട് അബദ്ധങ്ങളുടെ നീണ്ട നിര. ചങ്ങനാശേരി, പാലാ, തൃശൂര്‍ രൂപതകള്‍ക്ക് കെ.സി.ബി.സി ഹെല്‍ത്ത് കമ്മീഷനാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത് എന്നാണ് ഷൈജു ആന്റണിയുടെ മറ്റൊരു കണ്ടെത്തല്‍. എന്നാല്‍ ഈ രൂപതകള്‍ക്ക് കെ.സി.ബി.സി ഹെല്‍ത്ത് കമ്മീഷനല്ല കിറ്റുകള്‍ വിതരണം ചെയ്യുന്നതെന്ന് സീന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഈ മൂന്ന് രൂപതകളും സ്വന്തം നിലയിലാണ് കമ്പനികളില്‍ നിന്ന് കിറ്റുകള്‍ വാങ്ങുന്നതും വിതരണം ചെയ്യുന്നതും. 
സിറിയന്‍ കാത്തലിക് രൂപതകളായ ഇടുക്കി, കോതമംഗലം, പാലക്കാട്, ലാറ്റിന്‍ കാത്തലിക് രൂപതകളായ തിരുവനന്തപുരം, കൊല്ലം, കൊച്ചി, വരാപ്പുഴ, കോട്ടപ്പുറം, വിജയപുരം, മലങ്കര റീത്തില്‍പ്പെട്ട തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, മൂവാറ്റുപുഴ, സുല്‍ത്താന്‍ ബത്തേരി എന്നീ രൂപതകള്‍ക്കാണ് കെ.സി.ബി.സി ഹെല്‍ത്ത് കമ്മീഷന്റെ ഇടപെടലില്‍  കിറ്റുകള്‍ ലഭ്യമാകുന്നത്. കൂടാതെ എറണാകുളത്തെ സഹൃദയ സൊസൈറ്റി 1000 കിറ്റിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 
സര്‍ക്കാര്‍ 1500 രൂപ വില നിശ്ചയിച്ചിട്ടുള്ള പള്‍സ് ഓക്‌സീമീറ്റര്‍, സ്റ്റീം വേപ്പോറൈസര്‍, ഡിജിറ്റല്‍ തെര്‍മ്മോമീറ്റര്‍, 500 മില്ലീ ലിറ്റര്‍ സാനിറ്റൈസര്‍, അഞ്ച് എന്‍ 95 മാസ്‌കുകള്‍ എന്നിവ അടങ്ങിയ കിറ്റുകള്‍ 1225, 960 എന്നിങ്ങനെ രണ്ട് വിലകളിലാണ്  വിതരണം ചെയ്യുന്നത്. ആവശ്യക്കാരുടെ ഇഷ്ടാനുസരണം ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാം. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് കിറ്റുകള്‍ സൗജന്യമായും
നല്‍കി വരുന്നുണ്ട്. 
ഇതാണ് സത്യം എന്നിരിക്കെയാണ് അല്‍മായരുടെ അട്ടിപ്പേറവകാശം സ്വന്തമായി ഏറ്റെടുത്ത് സഭാ വിരോധിയായ ഷൈജു ആന്റണി എന്ന സ്ഥിരം വിമര്‍ശന തൊഴിലാളി പുതിയ ക്വട്ടേഷനുമായി ഇറങ്ങിയിട്ടുള്ളത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.