തിരുവനന്തപുരം: ഫയല്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് സെക്രട്ടറിമാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയല്‍ എത്ര ദിവസം ഉദ്യോഗസ്ഥര്‍ക്ക് വയ്ക്കാമെന്ന പരിധി വയ്ക്കും. അഴിമതി കാണിച്ചാല്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഫയലുകളിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. സര്‍ക്കാര്‍ നയം നടപ്പിലാക്കുന്ന ഏറ്റവും സീനിയറായ ഉദ്യോഗസ്ഥരാണ് സെക്രട്ടറിമാര്‍. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കാലതാമസം ഒഴിവാക്കണം. ഒരു ഫയല്‍ വളരെയധികം പേര്‍ പരിശോധിക്കണോ എന്ന് ചിന്തിക്കണം. ഫയല്‍ നീക്കവും ഫയലിലെ തീരുമാനവും നിലവിലെ രീതിയില്‍ പോരാ.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം കൊണ്ടുവന്ന് ഇക്കാര്യത്തില്‍ ആലോചന വേണം. തീരുമാനം സത്യസന്ധമായി കൈക്കൊളുമ്പോള്‍ അനാവശ്യമായ ഭയവും ആശങ്കയും ആര്‍ക്കും വേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും. എന്നാല്‍ അഴിമതി കാണിച്ചാല്‍ ഒരു സംരക്ഷണവും പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
സങ്കട ഹര്‍ജികള്‍, പരാതികള്‍ എന്നിവ വ്യക്തിഗത പ്രശ്‌നമാണെങ്കിലും അവ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംവിധാനത്തിലെ പോരായ്മകള്‍ എന്തെല്ലാം എന്നുകൂടി സെക്രട്ടറിമാര്‍ ശ്രദ്ധിക്കണം. ഭരണപരിഷ്‌കരണവും നവീകരണവും തുടര്‍പ്രക്രിയായി നടക്കേണ്ടതാണ്. ഭരണപരിഷ്‌കാര കമ്മീഷനിലെ ശുപാര്‍ശകള്‍ ഗൗരവമായി കണ്ട് നടപടി സ്വീകരിച്ചോ എന്ന് ഒരോ സെക്രട്ടറിയും പരിശോധിക്കും.
അതീവ ദാരിദ്ര്യ നിര്‍മാര്‍ജനം, സര്‍ക്കാര്‍ സേവനങ്ങള്‍ സര്‍ക്കാര്‍ ഓഫിസില്‍ വരാതെ ചെയ്യുന്നത്, വീട്ടുപടിക്കല്‍ സേവനം നല്‍കല്‍ എന്നിവ സമയബന്ധിതമായി നടപ്പാക്കാന്‍ സെക്രട്ടറിമാര്‍ മുന്‍കൈ എടുക്കണം. സേവന അവകാശ നിയമം പരിഗണിക്കും. ഭരണ നിര്‍വഹണത്തില്‍ സുതാര്യത വരുത്തുന്നതിനാണിത്. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി, സെമി ഹൈസ്പീഡ് റെയില്‍വെ, മലയോര ഹൈവെ എന്നിവയ്‌ക്കെല്ലാം പ്രാധാന്യം നല്‍കും.
സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കുമ്പോഴുണ്ടാകുന്ന ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് കൃത്യമായി നടന്നോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കും. ഇനിയും പി.എസ്.സിക്ക് വിടാതെ നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ സ്‌പെഷ്യല്‍ റൂള്‍ വേണമെങ്കില്‍ അതിനുള്ള നടപടി സെക്രട്ടറിമാര്‍ എടുക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.