പൊതുവികാരം സുധാകരന് അനുകൂലം: തടയിടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ഗ്രൂപ്പ് നേതാക്കള്‍; പ്രവര്‍ത്തകരില്‍ അതൃപ്തി പടരുന്നു

പൊതുവികാരം സുധാകരന് അനുകൂലം: തടയിടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ഗ്രൂപ്പ് നേതാക്കള്‍; പ്രവര്‍ത്തകരില്‍ അതൃപ്തി പടരുന്നു

കൊച്ചി: പത്മവ്യൂഹത്തില്‍ അകപ്പെട്ടുപോയ പാര്‍ട്ടിയെ രക്ഷിക്കാന്‍ കെ.സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് വരണമെന്ന് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുമ്പോള്‍ സുധാകരനെ ഒഴിവാക്കി ഗ്രൂപ്പ് താല്‍പര്യം സംരക്ഷിക്കാന്‍ എ,ഐ ഗ്രൂപ്പ് നേതാക്കള്‍ സജീവമായി രംഗത്തിറങ്ങി. കെ.സുധാകരനെ ഒഴിവാക്കാന്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ചില കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്.

എന്നാല്‍ പ്രവര്‍ത്തകരുടെ പൊതുവികാരം മാനിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനമെന്നാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്ന സൂചന. അങ്ങനെ വന്നാല്‍ കെ.സുധാകരന്‍ എം.പി കെപിസിസി പ്രസിഡന്റാകും. മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ തീരുമാനം വൈകാനിടയില്ല. മുല്ലപ്പള്ളിയുടെ രാജിക്കത്ത് സ്വീകരിച്ച കോണ്‍ഗ്രസ് നേതൃത്വം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുംവരെ തുടരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

സുധാകരനായി ഉയരുന്ന മുറവിളി കാണാതെ പോകരുതെന്ന് ചില എഐസിസി നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ശശി തരൂര്‍, കെ.മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോഴും ഗ്രൂപ്പ് തടവറയിലാണ്. പ്രതിപക്ഷ നേതൃപദവി ഐ ഗ്രൂപ്പുകാരനായ വി.ഡി സതീശന് നല്‍കിയതിനാല്‍ കെപിസിസി അധ്യക്ഷ പദവി എ ഗ്രൂപ്പിന് നല്‍കണമെന്നാണ് ഇരുവരും വാദിക്കുന്നത്.

എന്നാല്‍ ഗ്രൂപ്പ് വീതം വയ്പിലൂടെയല്ല വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായതെന്ന് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എ ഗ്രൂപ്പ് നേതാവായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് ശക്തമായി ആവശ്യപ്പെട്ടിരുന്നത്. പകരം ചെന്നിത്തല നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പിന്റെകൂടി പിന്തുണയോടെ എ ഗ്രൂപ്പുകാരനും ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ കെ.സി ജോസഫിനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ തന്ത്രം.

പക്ഷേ, മാറ്റം ആഗ്രഹിച്ച കോണ്‍ഗ്രസ് നേതൃത്വം യുവ എംഎല്‍എമാര്‍ അടക്കമുള്ളവരുടെ കൂടി അഭിപ്രായം ആരാഞ്ഞപ്പോള്‍ ചെന്നിത്തലയ്ക്ക് പകരം ഹൈക്കമാന്‍ഡ് വി.ഡി സതീശനിലേക്ക് എത്തുകയായിരുന്നു. കെപിസിസി പ്രഡിഡന്റിനെ തീരുമാനിക്കുന്നതിലും ഹൈക്കമാന്‍ഡ് അത്തരമൊരു നിലപാട് തുടര്‍ന്നാല്‍ കെ.സുധാകരന്‍ തന്നെ അധ്യക്ഷ പദവിയിലെത്തും.

എന്നാല്‍ സുധാകരന്റെ വരവിനെ തടയാന്‍ തകൃതിയായ നീക്കങ്ങളാണ് ഗ്രൂപ്പ് മാനേജര്‍മാര്‍ നടത്തുന്നത്. സുധാകരന്റെ പ്രവര്‍ത്തന ശൈലി സ്വേച്ഛാധിപത്യപരമാണെന്നും കോണ്‍ഗ്രസില്‍ അത്തരം സമീപനങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കില്ലെന്നുമാണ് ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്.

സുധാകരന് കണ്ണൂരില്‍ പോലും പാര്‍ട്ടിയെ വിജയിപ്പിക്കാനായില്ലെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ഇതിനിടെ തലമുറ മാറ്റത്തിനിടെ കെ.സി ജോസഫിന്റെ പേരിനെന്ത് പ്രസക്തി എന്ന ചോദ്യം സ്വന്തം ഗ്രൂപ്പില്‍ നിന്നും ഐ ഗ്രൂപ്പില്‍ നിന്നും ഉയര്‍ന്നതോടെ തന്റെ വിശ്വസ്തനായ പി.സി വിഷ്ണുനാഥിന്റെ പേരും ഉമ്മന്‍ചാണ്ടി മുന്നോട്ട് വയ്ക്കുന്നുണ്ട്.

മറ്റു ചില കോണ്‍ഗ്രസ് നേതാക്കളും പ്രസിഡന്റ് പദവി ഉന്നം വച്ച് സോഷ്യല്‍ മീഡിയ വഴി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. അത്തരത്തില്‍ ഉയര്‍ന്നു വന്ന രണ്ട് പേരുകളാണ് പി.ടി തോമസിന്റെയും കൊടിക്കുന്നില്‍ സുരേഷിന്റെയും. തര്‍ക്കം മൂത്താല്‍ തമിഴ്‌നാട്ടിലേതുപോലെ പിന്നാക്ക സമുദായത്തില്‍പ്പെട്ട കൊടിക്കുന്നിലിന് അവസരം നല്‍കണമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം.

ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന പി.ടി തോമസിനെ പ്രസിഡന്റാക്കണമെന്നും ചിലര്‍ വാദിക്കുന്നു. എന്നാല്‍ ഇരുവര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ കുറവാണ്. ക്രൈസ്തവ സഭയുമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസവും പാര്‍ട്ടി പത്രമായ വീക്ഷണത്തിന്റെ ദുരവസ്ഥയും പി.ടി തോമസിന് പ്രതികൂല ഘടകങ്ങളാണ്. പ്രസിഡന്റ് പദവിയ്ക്കായി ഇത്തരത്തില്‍ പലരും രംഗത്തുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.