കൊച്ചി: കോവിഡ് മഹാമാരിയുടെ വ്യാപനത്തിനു പിന്നാലെ ടൗട്ടേ ചുഴലിക്കാറ്റുകൂടി ആഞ്ഞടിച്ചപ്പോള്‍ വന്‍ ദുരിതത്തിലായ തീരദേശ മേഖലയ്ക്ക് കൈത്താങ്ങുമായി കത്തോലിക്കാ സഭയിലെ സംഘടനകള്‍. വിവിധ രൂപതകളില്‍ നിന്നുമായി ഭക്ഷണവും മരുന്നുമടക്കം വലിയ തോതിലുള്ള സഹായങ്ങള്‍ രൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികള്‍ വഴിയെത്തി.
ടൗട്ടേ ചുഴലിക്കാറ്റില്‍ ആലപ്പുഴ, കൊച്ചി, കോട്ടപ്പുറം രൂപതകളുടെ തീരദേശ മേഘലകളില്‍ ആയിരക്കണക്കിന് ഭവനങ്ങള്‍ക്കാണ് നാശനഷ്ടമുണ്ടായത്. ഇവിടെ കിടപ്പാടവും ജീവിത സാഹചര്യങ്ങളും തകര്‍ന്നടിഞ്ഞ നിലയിലാണ്. ആലപ്പുഴ രൂപതയ്ക്കു കീഴിലുള്ള ഒമ്പത് ഇടവകകളിലായി 2860 കുടുംബങ്ങളെ ദുരന്തം ബാധിച്ചു. കൊച്ചി രൂപതയിലെ നാല് ഇടവകകളിലുള്ള 2600 കുടുംബങ്ങളെയും കോട്ടപ്പുറം രൂപതയിലെ നാല് ഇടവകകള്‍ക്ക് കീഴിലുള്ള 447 കുടുംബങ്ങളെയും പ്രകൃതി ദുരന്തം പ്രതികൂലമായി ബാധിച്ചു.
കാഞ്ഞിരപ്പള്ളി രൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും മലനാട് ഡവലപ്‌മെന്റ് സൊസൈറ്റിയും ചേര്‍ന്ന് 3000 പാക്കറ്റ് ബ്രഡും, 3000 പാക്കറ്റ് പാലും 3000 കുപ്പി തേനും ദുരിതാശ്വാസ ക്യാമ്പുകളിലും പള്ളികളോട് ചേര്‍ന്ന ക്യാമ്പുകളിലും എത്തിച്ചു. കാഞ്ഞിരപ്പള്ളി കത്തോലിക്കാ യുവജന സംഘടനയായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് നാല് ലക്ഷം രൂപ സമാഹരിച്ച് രണ്ട് പ്രാവശ്യമായി 6000 പാക്കറ്റ് ബ്രഡും, 12000 പാക്കറ്റ് പാലും ചെല്ലാനം മേഖലയില്‍ വിതരണം ചെയ്തു. കെആര്‍എല്‍സിസി 1000 പാക്കറ്റ് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ വെല്‍ഫെയര്‍ സര്‍വ്വീസസ് എറണാകുളം, കോതമംഗലം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, മറ്റ് ഇടവകകള്‍ എല്ലാം സഹായ ഹസ്തവുമായി മുന്നോട്ട് വന്നു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ(കെ.എസ്.എസ്.എഫ്) ആഭിമുഖ്യത്തില്‍ കാത്തലിക് റിലീഫ് സര്‍വ്വീസസുമായി സഹകരിച്ച് ഈ പ്രദേശങ്ങളില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച 250 കുടുംബങ്ങള്‍ക്ക് ആറായിരം രൂപ വീതവും 255 കുടുംബങ്ങള്‍ക്ക് അയ്യായിരം രൂപ വീതവും കൈമാറുന്നതിന് പദ്ധതി ആവിഷ്‌കരിച്ചതായി കെ.എസ്.എസ്.എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ അറിയിച്ചു.
മഹാമാരിയും പെട്ടന്നുണ്ടായ ചുഴലിക്കാറ്റും മൂലം തീരദേശം ദുരിതത്തിലായപ്പോള്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജസ്റ്റിസ് പീസ് ആന്‍ഡ് ഡവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഉടനടി ചെയ്യേണ്ട സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയായിരുന്നു. സാധിക്കാവുന്ന എല്ലാ രൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളോടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്തതോടെ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് വിവിധ രൂപതകളില്‍ നിന്നും സഹായമെത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.