ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ന്യൂവെല്‍ ബീച്ചിലെത്തുന്ന സഞ്ചാരികളെ ഭയപ്പെടുത്തിയിരുന്ന ഭീമന്‍ മുതല ഒടുവില്‍ 'വലയിലായി'. 4.5 മീറ്റര്‍ നീളവും 50 വയസിലേറെ പ്രായവുമുള്ള മുതലയെയാണ് വന്യജീവി അധികൃതര്‍ പിടികൂടിയത്. ഭീമാകാരമായ വലിപ്പം കാരണം മുതലയെ 'ജീവനുള്ള ദിനോസര്‍' എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്.
ക്വീന്‍ഡ് ലന്‍ഡ് സംസ്ഥാനത്തെ കെയ്ന്‍സില്‍നിന്ന് 80 കിലോമീറ്റര്‍ വടക്കുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് ന്യൂവെല്‍ ബീച്ച്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മുതല ഭീഷണിയായതോടെയാണ് പിടികൂടാനുള്ള നടപടികള്‍ ക്വീന്‍സ് ലാന്‍ഡിലെ പരിസ്ഥിതി ശാസ്ത്ര വകുപ്പ് (ഡി.ഇ.എസ്) ആരംഭിച്ചത്്. മുതല ആക്രമണ സ്വഭാവം കാണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെതുടര്‍ന്ന് ഇതിനെ അപകടകാരിയായി ഈ മാസം ആദ്യം ഡി.ഇ.എസ് പ്രഖ്യാപിച്ചിരുന്നു.
ഉപ്പുവെള്ളത്തില്‍ ജീവിക്കുന്ന മുതലയ്ക്ക് 50 വയസിലേറെ പ്രായമുണ്ടെന്നു വകുപ്പിലെ ഉദ്യോഗസ്ഥനായ ഡോ. മാറ്റ് ബ്രയന്‍ പറഞ്ഞു. മനുഷ്യര്‍ മുതലയ്ക്ക് ഭക്ഷണം നല്‍കിയിരുന്നതായി അതിന്റെ പെരുമാറ്റത്തില്‍നിന്ന് മനസിലാക്കാം. മുതലയുടെ ഭീമാകാരമായ വലിപ്പം പൊതു സുരക്ഷയ്ക്ക് ഭീഷണിയാണ്. മനുഷ്യനെ ഉള്‍പ്പെടെ വേഗത്തില്‍ ആക്രമിക്കാന്‍ അവയ്ക്കു സാധിക്കുമെന്നും ബ്രയന്‍ കൂട്ടിച്ചേര്‍ത്തു.
മുതല യാതൊരു ഭയവുമില്ലാതെ കടലില്‍നിന്ന് ബോട്ടുകള്‍ക്കരികിലേക്കും മനുഷ്യരുടെയും നായ്ക്കളുടെയും അടുത്തേക്കും വരുന്നുണ്ട്. അതിന്റെ അര്‍ഥം പ്രദേശത്തുള്ളവര്‍ അവയ്ക്ക് ഭക്ഷണം നല്‍കിയിട്ടുണ്ടെന്നാണ്.
കടലിനടിയിലുള്ള ഞണ്ടുകളെ പിടികൂടുന്ന കെണി മുതലയുടെ തലയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കെണിയിലുള്ള ഭക്ഷണം തേടി വന്നപ്പോള്‍ സംഭവിച്ചതാകാനാണു സാധ്യത. ഭക്ഷണം എളുപ്പത്തില്‍ ലഭിക്കുന്നതിനു വേണ്ടിയാണ്് അവ തീരത്തേക്കു വന്നുകൊണ്ടിരുന്നതെന്നു ബ്രയന്‍ പറഞ്ഞു.
കടലിനടിയില്‍ ഒഴുകുന്ന കെണി ഉപയോഗിച്ചാണ് മുതലയെ പിടികൂടിയത്. ഡി.ഇ.എസ് സംരക്ഷണയിലുള്ള മുതലയെ വൈകാതെ മുതല ഫാമിലേക്കോ മൃഗശാലയിലേക്കോ അല്ലെങ്കില്‍ ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിലോ പാര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.