ജനീവ: പതിനൊന്നു ദിവസം നീണ്ട ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിടെ നടന്ന യുദ്ധക്കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ യു.എന്‍. ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയുടെ തീരുമാനം. ഇസ്രയേല്‍, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്താനാണു തീരുമാനം.
ഇതിനായി അറബ് രാജ്യങ്ങള്‍ മുന്‍കൈയെടുത്ത് അവതരിപ്പിച്ച നിര്‍ദേശം ഒമ്പതിനെതിരേ 24 വോട്ടുകള്‍ക്കാണ് സമിതി അംഗീകരിച്ചത്. ചൈനയും റഷ്യയും അടക്കം 24 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളും അടക്കം ഒമ്പത് അംഗങ്ങള്‍ എതിര്‍ത്തു വോട്ട് ചെയ്തു. 14 രാജ്യങ്ങള്‍ വിട്ടുനിന്നു. നിരീക്ഷക പദവി മാത്രമുള്ളതിനാല്‍ അമേരിക്ക ചര്‍ച്ചയില്‍ പങ്കെടുത്തില്ല. എന്നാല്‍, തീരുമാനം വന്നതിനു ശേഷം, അതിനെതിരേ അമേരിക്ക രംഗത്തുവന്നു. ഇസ്രയേല്‍-ഗാസ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണ് തീരുമാനമെന്നാണ് അമേരിക്കയുടെ പ്രസ്താവന.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫ്രന്‍സ് (ഒ.എ.ഐ.സി) രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. ഇസ്രയേല്‍, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അനേ്വഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും സ്ഥിരം അന്വേഷണ കമ്മിഷന്‍ രൂപീകരിക്കണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. മേഖലയിലെ നിരന്തരമുള്ള സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണങ്ങളെക്കുറിച്ച് അന്വേഷണ കമ്മിഷന്‍ പഠനം നടത്തണമെന്നും നിര്‍ദേശമുണ്ട്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 248 പേരും ഹമാസിന്റെ ആക്രമണത്തില്‍ 13 ഇസ്രയേല്‍ പൗരന്‍മാരുമാണ് കൊല്ലപ്പെട്ടത്.
ഗാസയില്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ സൈനിക നടപടിയെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണത്തിന് ഇസ്രയേല്‍ അനുവദിക്കണമെന്ന് യോഗത്തെ അഭിസംബോധന ചെയ്ത യു.എന്‍ മനുഷ്യാവകാശ സമിതി മേധാവി മിഷേല്‍ ബേഷ്ലറ്റ് പറഞ്ഞു.
ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇത് മരണനിരക്ക് കൂടാന്‍ കാരണമായി. ഇത്തരം ആക്രമണങ്ങള്‍ യുദ്ധക്കുറ്റങ്ങളായി പരിഗണിക്കപ്പെടുമെന്ന് മിഷേല്‍ മുന്നറിയിപ്പ് നല്‍കി.
സാധാരണ ജനം താമസിക്കുന്ന മേഖലകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്ന ഹമാസ് തന്ത്രത്തെയും മിഷേല്‍ വിമര്‍ശിച്ചു. ഇസ്രയേലിനു നേര്‍ക്കുള്ള ഹമാസിന്റെ തുടര്‍ച്ചയായ റോക്കറ്റാക്രമണങ്ങള്‍ വകതിരിവില്ലാത്തതും രാജ്യാന്തര യുദ്ധനിയമങ്ങളുടെ വ്യക്തമായ ലംഘനവുമാണ്.
അതേസമയം, വെടിനിര്‍ത്തലിനുശേഷം ഗാസയിലേക്കു സഹായം ഉറപ്പാക്കി മുന്നോട്ടു പോകുമ്പോള്‍ മനുഷ്യാവകാശ സമിതിയിലെ ചില അംഗങ്ങള്‍ കൈക്കൊണ്ട നിലപാട് സമാധാന ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ജനീവയിലെ അമേരിക്കന്‍ മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. സമാധാനശ്രമങ്ങളെ തുരങ്കം വെക്കുന്നതാണ് ഈ നീക്കമെന്നും അമേരിക്ക കുറ്റപ്പെടുത്തി.
മനുഷ്യാവകാശ സമിതിയില്‍ ഇസ്രയേലിനെതിരേ വിമര്‍ശനം ഉന്നയിച്ച് ഒറ്റപ്പെടുത്തുന്ന പതിവുരീതി തുടരുകയാണെന്ന് ഓസ്ട്രിയന്‍ അംബാസഡര്‍ എലിസബത്ത് ടിച്ചി-ഫിസ്ല്‍ബെര്‍ജര്‍ പറഞ്ഞു.
ഹമാസ് തങ്ങള്‍ക്കുനേരേ നിരന്തരം വിക്ഷേപിച്ച റോക്കറ്റുകള്‍ക്കു പ്രതിരോധമായിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നും തീവ്രവാദ സംഘങ്ങളുടെ കെട്ടിടങ്ങളെ മാത്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു. മനുഷ്യാവകാശ സമിതിയുടെ നിലപാട് പക്ഷപാതപരവും ഇസ്രായേല്‍ വിരുദ്ധ സമീപനത്തിന്റെ തെളിവുമാണെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കുറ്റപ്പെടുത്തി.
തീരുമാനത്തെ പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. പലസ്തീനികള്‍ക്ക് നീതിയും മനുഷ്യാവകാശവും ഉറപ്പുവരുത്താനുള്ള രാജ്യാന്തര സമൂഹത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ പ്രതിഫലനമാണ് ഇതെന്ന് മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.