ലണ്ടന്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റ ഡോസ് വാക്‌സിന് അനുമതി നല്‍കി ബ്രിട്ടന്‍. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റഗുലേറ്ററി ഏജന്‍സി(എം.എച്ച്.ആര്‍.എ)യാണ് വാക്‌സിന് അംഗീകാരം നല്‍കിയത്. ഫൈസര്‍, ആസ്ട്രസെനക, മോഡേണ എന്നീ കോവിഡ് വാക്‌സിനുകള്‍ക്കു പിന്നാലെയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ വാക്‌സിനും അനുമതി നല്‍കിയത്.
ഒറ്റ ഡോസ് വാക്‌സിന്‍ യു.കെയുടെ വാക്‌സിനേഷന് പരിപാടിക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വിജയകരമായി നടപ്പാക്കിയ വാക്‌സിനേഷന്‍ ദൗത്യം 13,000ത്തിലധികം ജീവനുകള്‍ രക്ഷിച്ചതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അവകാശപ്പെട്ടു. കൊറോണ വൈറസില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സുരക്ഷിതവും ഫലപ്രദവുമായ നാലു വാക്‌സിനുകളാണ് നിലവില്‍ രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന മാസങ്ങളില്‍ ഒറ്റ ഡോസ് വാക്‌സിന്‍ ബ്രിട്ടന്റെ കോവിഡ് പോരാട്ടത്തില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 20 കോടി ഡോസുകള്‍ക്ക് ബ്രിട്ടന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. അമേരിക്കയിലുണ്ടായ സംഭവങ്ങളുടെ വെളിച്ചത്തില്‍ രക്തം കട്ടപിടിക്കല്‍ സംബന്ധിച്ച മുന്നറിയിപ്പ് വാക്‌സിനൊപ്പം നല്‍കണമെന്ന് യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി കഴിഞ്ഞ ഏപ്രിലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്കയില്‍ നടന്ന പരീക്ഷണങ്ങളില്‍ വൈറസ് ബാധയില്‍നിന്ന് ഈ വാക്‌സിന്‍ 72 ശതമാനം സംരക്ഷണം നല്‍കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 6.2 കോടി വാക്‌സിന്‍ കുത്തിവെപ്പുകള്‍ ബ്രിട്ടന്‍ ഇതിനകം നടത്തിയിട്ടുണ്ട്. ഫൈസര്‍, ആസ്ട്രസെനക എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചത്. മോഡേണ വാക്‌സിനും ബ്രിട്ടന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനിടെ മാസങ്ങളായി കുറഞ്ഞുവന്ന കോവിഡ് കേസുകള്‍ അടുത്തിടെയായി വീണ്ടും വര്‍ധിച്ചിട്ടുണ്ട്. ഇതോടെ ജൂണ്‍ 21-ന് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കാനുള്ള തീരുമാനം നടപ്പാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.