ആര്‍എസ്പിയില്‍ പൊട്ടിത്തെറി: പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് ഷിബു ബേബി ജോണ്‍

ആര്‍എസ്പിയില്‍ പൊട്ടിത്തെറി: പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് ഷിബു ബേബി ജോണ്‍

കൊല്ലം: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആര്‍എസ്പിയില്‍ പൊട്ടിത്തെറി. ആര്‍എസ്പി നേതാവും ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോണ്‍ പങ്കെടുത്തിരുന്നില്ല. യുഡിഎഫിലെ ഐക്യമില്ലായ്മയാണ് ചവറയിലടക്കം ആര്‍എസ്പി മത്സരിച്ച അഞ്ചു സീറ്റിലും പരാജയപ്പെടാന്‍ കാരണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. യുഡിഎഫിനോടും പാര്‍ട്ടിയോടും ഒരേസമയം അതൃപ്തി പ്രകടിപ്പിക്കുകയാണ് ഷിബുവന്നാണ് റിപ്പോര്‍ട്ട്.

ചവറയില്‍ ഇത്തവണ വിജയം ഉറപ്പിച്ചതായിരുന്നു ആര്‍എസ്പിയും ഷിബു ബേബി ജോണും. കുന്നത്തൂരും ഇരവിപുരത്തും മികച്ച വിജയസാധ്യതയും പാര്‍ട്ടി കണക്കാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 2016-ലേത് പോലെ ആര്‍എസ്പിക്ക് വട്ടപൂജ്യയിരുന്നു. തുടര്‍ച്ചയായി രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആര്‍എസ്പിക്ക് പ്രാതിനിധ്യമില്ലാതായതോടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെല്ലാം മന്ദീഭവിച്ചിരിക്കുകയാണ്. കൂടാതെ കീഴ്ഘടകങ്ങളില്‍ വലിയ കൊഴിഞ്ഞുപോക്കും ഉണ്ടായി.

കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ യുഡിഎഫ് വിടണമെന്ന് ഒരു വിഭാഗം വാദിച്ചു. എന്നാല്‍ നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ ധൃതിപിടിച്ച് തീരുമാനമെടുക്കുന്നത് അപക്വമാകുമെന്ന് വിലയിരുത്തലില്‍ യോഗം പിരിയുകയായിരുന്നു. പാര്‍ട്ടിയില്‍ തന്റെ തീരുമാനങ്ങള്‍ക്ക് വേണ്ടത്ര വിലകല്‍പ്പിക്കുന്നില്ലെന്ന പരാതിയും ഷിബു ജോണ്‍ ഉയര്‍ത്തുന്നുണ്ട്. അതേ സമയം ഷിബു ബേബി ജോണിന്റെ പാര്‍ട്ടി പരിപാടികളില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ പാര്‍ട്ടിയില്‍ ആധിപത്യം നേടാനുള്ള സമ്മര്‍ദ്ദതന്ത്രമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.