കേന്ദ്രവും ബംഗാളും വീണ്ടും പോരില്‍; ചീഫ് സെക്രട്ടറിയെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിച്ചു

കേന്ദ്രവും ബംഗാളും വീണ്ടും പോരില്‍; ചീഫ് സെക്രട്ടറിയെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളും കേന്ദ്രസര്‍ക്കാരും തമ്മില്‍ വീണ്ടും കടുത്ത പോര്. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകനയോഗത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി മമതാ ബാനര്‍ജി മടങ്ങിയതിനു പിന്നാലെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. പശ്ചിമബംഗാളില്‍ എത്തിയ പ്രധാനമന്ത്രിക്കൊപ്പം കഷ്ടിച്ച് 15 മിനിറ്റ് മാത്രം ചെലവഴിച്ച മമത അദ്ദേഹത്തിന് നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. അതിനുശഷം യാസ് ബാധിത പ്രദേശമായ ദിഗയിലേക്കു പോകുകയായിരുന്നു.

ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും അവരെ അനുഗമിച്ചു. പ്രധാനമന്ത്രി യോഗത്തിനെത്തി അരമണിക്കൂറോളം കഴിഞ്ഞാണ് മമതയെത്തിയതെന്നും ആരോപണമുണ്ട്. ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും ജലവിഭവ മന്ത്രിയും പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരിയുമടക്കമുള്ളവര്‍ മാത്രമാണ് അവലോകനയോഗത്തില്‍ അവശേഷിച്ചത്.

രാത്രിയോടെ ചീഫ് െസക്രട്ടറി ആലോപന്‍ ബന്ദോപാധ്യായയെ കേന്ദ്രസര്‍വീസിലേക്ക് തിരിച്ചയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ, വീണ്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ പോര് ഉടലെടുത്തു. അടുത്തിടെ, കോവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രിമാരെ സംസാരിക്കാന്‍ അനുവദിക്കാതെ മോദി അപമാനിച്ചതായി മമത ആരോപിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെ നടപടി ജനാധിപത്യമര്യാദകള്‍ക്ക് നിരക്കാത്തതാണെന്ന് ഗവര്‍ണറും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ആഭ്യന്തരമന്ത്രി അമിത് ഷായും കുറ്റപ്പെടുത്തി. എന്നാല്‍, ദിഗയിലെ തന്റെ സന്ദര്‍ശനം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും പ്രധാനമന്ത്രിയുടെ അനുമതിവാങ്ങിയാണ് താന്‍ പോയതെന്നും മമത പിന്നീട് വിശദീകരിച്ചു. ഏപ്രിലില്‍നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.