ചരക്കുകപ്പലിലെ തീപിടിത്തം: ശ്രീലങ്കന്‍ തീരത്തും കടലിലും ടണ്‍ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം; മത്സ്യബന്ധനം നിരോധിച്ചു

ചരക്കുകപ്പലിലെ തീപിടിത്തം: ശ്രീലങ്കന്‍ തീരത്തും കടലിലും ടണ്‍ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം; മത്സ്യബന്ധനം നിരോധിച്ചു

കൊളംബോ: രാവസ്തുക്കള്‍ കയറ്റിയ ചരക്കുകപ്പല്‍ തീപിടിച്ചതിനെതുടര്‍ന്ന് ടണ്‍ കണക്കിന് ഉരുകിയ പ്ലാസ്റ്റിക്ക് തരികള്‍ ശ്രീലങ്കയുടെ പടിഞ്ഞാറന്‍ തീരത്തടിഞ്ഞു. ഇതേതുടര്‍ന്ന് ശ്രീലങ്കയുടെ പടിഞ്ഞാറന്‍ തീരത്ത് സര്‍ക്കാര്‍ മത്സ്യബന്ധനം നിരോധിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് 80 കിലോമീറ്റര്‍ തീരപ്രദേശത്താണ് സര്‍ക്കാര്‍ വിലക്ക് പ്രഖ്യാപിച്ചത്. നിരോധനം ബാധിച്ച 5,600 ബോട്ടുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും നിലവില്‍ വിപണിയിലുള്ള സമുദ്രവിഭവങ്ങള്‍ ഉപഭോഗത്തിന് സുരക്ഷിതമാണെന്നും മത്സ്യത്തൊഴിലാളി മന്ത്രി കാഞ്ചന വിജശേഖര പറഞ്ഞു.

മത്സ്യബന്ധനം നിരോധിച്ചതോടെ ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗവും തങ്ങളുടെ ഇടവകക്കാരാണെന്ന് രാജ്യത്തെ റോമന്‍ കത്തോലിക്കാ സഭ അറിയിച്ചു. ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും സഭ ആവശ്യപ്പെട്ടു.

കൊളംബോയില്‍ നിന്ന് 43 കിലോമീറ്റര്‍ തെക്ക് മാറി കലുതാരയിലെ ഹോളിഡേ റിസോര്‍ട്ടില്‍ വെള്ളിയാഴ്ച ദശലക്ഷക്കണക്കിന് പ്ലാസ്റ്റിക് തരികളാണ് ഒഴുകിയെത്തിയത്. തലസ്ഥാനത്ത് നിന്ന് 40 കിലോമീറ്റര്‍ വടക്ക് മത്സ്യബന്ധന മേഖലയായ നെഗൊമ്പോയില്‍ കഴിഞ്ഞ ദിവസം ഇതുപോലെ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും ശേഖരിച്ച് ബീച്ചുകള്‍ വൃത്തിയാക്കാന്‍ ശ്രീലങ്കന്‍ അധികൃതര്‍ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചു.

സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത എം.വി. എക്‌സ്-പ്രസ് പേള്‍ എന്ന് ചരക്കുകപ്പലിനാണു തീപിടിച്ചത്. കഴിഞ്ഞ 20നു കൊളംബോ തുറമുഖത്ത് അടുക്കാനായി തീരത്തുനിന്ന് 9.5 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടു കിടക്കുമ്പോഴായിരുന്നു അപകടം. നൈട്രിക് ആസിഡ് ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്നാണു നിഗമനം. മേയ് 11 മുതല്‍ കപ്പല്‍ ജീവനക്കാര്‍ക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രതികൂല കാലാവസ്ഥ മൂലം ഇതിനിടെ ചരക്കുകപ്പല്‍ വലത്തോട്ടു ചെരിഞ്ഞു. അഞ്ച് ഇന്ത്യക്കാരടക്കം 25 ജീവനക്കാരെ രക്ഷിച്ചു.


തീ നിയന്ത്രണവിധേയമാണെന്നും കപ്പല്‍ മുങ്ങാനുള്ള സാധ്യത കുറഞ്ഞുവെന്നും ശ്രീലങ്കന്‍ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ നിഷന്ത ഉലുഗെറ്റെന്‍ അറിയിച്ചു. എണ്ണ ചോര്‍ച്ചയാണ് ഏറ്റവും വലിയ ഭീഷണിയെന്ന് ശ്രീലങ്കയിലെ മറൈന്‍ എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ അതോറിറ്റി പറഞ്ഞു. കപ്പലിലെ ഇന്ധനടാങ്കുകളില്‍ 325 ടണ്‍ എണ്ണാണുള്ളത്. പ്ലാസ്റ്റിക് ചരക്കുകള്‍ ഇതിനകം കടലില്‍ വലിയതോതില്‍ മലിനീകരണം സൃഷ്ടിച്ചുകഴിഞ്ഞു.

അപകടം കണ്ടല്‍ക്കാടുകളിലും തടാകങ്ങളിലും ഉണ്ടായ ആഘാതം ഇപ്പോഴും കണക്കാക്കിയിട്ടില്ല. കടല്‍ ജീവികള്‍ക്കും പക്ഷികള്‍ക്കും മലിനീകരണം വലിയ ദോഷമുണ്ടാക്കും.. അഞ്ച് മില്ലിമീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ തീരെച്ചെറിയ തരികളാണ് മൈക്രോപ്ലാസ്റ്റിക്‌സ്. വലിയ തോതിലാണ് കടലിലും കരയിലുമായി ഇവ പരന്നുകിടക്കുന്നത്. കടല്‍ മത്സ്യങ്ങള്‍ ഈ തരികള്‍ കഴിക്കുകയും അതുവഴി മനുഷ്യരിലേക്ക് കടക്കാനും സാധ്യത ഏറെയാണ്.


ഏഷ്യയിലെ ഏറ്റവും മികച്ച ജൈവ വൈവിധ്യമാര്‍ന്ന രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. കടലിലെ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് മലിനീകരണം ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന ഭീതിയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.

ഗുജറാത്തില്‍നിന്നു പുറപ്പെട്ട കപ്പലില്‍ 1486 കണ്ടെയ്‌നുകളില്‍ 25 ടണ്‍ നൈട്രിക് ആസിഡ്, സോഡിയം ഹൈഡ്രോക്‌സൈഡ് (കാസ്റ്റിക് സോഡ), ലൂബ്രിക്കന്റുകള്‍, മറ്റ് രാസവസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള ചരക്കുകളില്‍ ഭൂരിഭാഗവും തീപിടിത്തത്തില്‍ നശിച്ചു. കപ്പലില്‍ നിന്ന് ഇപ്പോഴും പുകയുയരുന്നതായാണ് റിപ്പോര്‍ട്ട്. തീ അണയ്ക്കാന്‍ ഇന്ത്യന്‍ കപ്പലുകള്‍ ഉള്‍പ്പെടെ സഹായത്തിനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.